താഴ്‌വരയിലെ ലില്ലിപ്പുഷ്പം! ജൂൺ 27: ഹെലൻ കെല്ലറുടെ ജന്മദിനം

നാണം കുണുങ്ങിയും ശാന്തസ്വഭാവക്കാരിയുമായിരുന്നു ഹെലൻ എന്ന കൊച്ചുപെൺകുട്ടി. വളരെ ചെറുപ്പത്തിലേ അവൾക്ക് മസ്തിഷ്‌കജ്വരം പിടിപെട്ടു. അതിനെത്തുടർന്ന് കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടു. പിന്നീടൊരിക്കൽ ക്ലാസ്സ് മുറിയിൽ ടീച്ചർ നല്കിയ മിഠായി വാങ്ങാൻ മടിച്ചു നിന്ന ഹെലന് കാഴ്ചശക്തിയും നഷ്ടമായിക്കഴിഞ്ഞു എന്ന് വൈകിയാണ് ടീച്ചർ തിരിച്ചറിഞ്ഞത്.
നീലക്കണ്ണുള്ള ആ സുന്ദരി, കാഴ്ചയും കേൾവിയുമില്ലാത്തതിനാൽ ആദ്യം ഒന്നും സംസാരിക്കാൻ പഠിച്ചില്ല. ആരാണ് ഈ പെൺകുട്ടി എന്ന് മനസ്സിലായോ? ലോകപ്രശസ്തയായ ഹെലൻ കെല്ലർ. അമേരിക്കയിലെ അലബാമയിൽ ജനിച്ച ഹെലൻ കെല്ലർക്ക് ടെലിഫോണിന്റെ ഉപജ്ഞാതാവായ ഗ്രഹാംബെല്ലാണ് ആനി സള്ളിവൻ എന്ന അധ്യാപികയെ പരിചയപ്പെടുത്തിക്കൊടുത്തത്. ആനിയുമായുള്ള ബന്ധം ഹെലന്റെ ജീവിതമാകെ മാറ്റിമറിച്ചു. ആനിയുടെ സഹായത്തോടെ കഠിനാധ്വാനിയും പരിശ്രമശാലിയുമായ ഹെലൻ ബ്രെയിലി ടൈപ്പ്റൈറ്റിങ്ങിൽ അഗാധമായ അറിവു നേടി. വളരെ ചെറുപ്പത്തിൽതന്നെ അന്ധയും ബധിരയുമായെങ്കിലും പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ലോകത്തിനു മാതൃകയായി മാറിയ ഹെലൻകെല്ലർക്ക് മാർക് ട്വയിൻ നൽകിയ വിശേഷണം 'ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭയായ വനിത' എന്നാണ്.
1904-ൽ തന്റെ 24-ാം വയസ്സിൽ റാഡ്ക്ലിഫിൽ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ അന്ധ-ബധിര യുവതിയായിരുന്നു ഹെലൻ കെല്ലർ. ബ്രെയിലി ലിപിയിൽ തന്റെ ചരിത്രമെഴുതി ചരിത്രത്തിന്റെ ഭാഗമായിത്തീരാനും അവർ മിടുക്കു കാട്ടി. അലബാമ സർവകലാശാലയിൽ വച്ചു പരിചയപ്പെട്ട ജോൺ ആൽബർട്ട് മാസി എന്ന ചരിത്ര പ്രൊഫസർ ഹെലന്റെ ജീവിതത്തിൽ വീണ്ടും മാറ്റങ്ങളുണ്ടാക്കി. 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്' എന്ന പേരിൽ ഹെലൻ കെല്ലറുടെ ആത്മകഥ അദ്ദേഹം പുറത്തിറക്കി. ആ ഗ്രന്ഥം അമേരിക്കയിൽ മാത്രമല്ല ലോകത്താകെ ഹെലനെ പ്രസിദ്ധയാക്കി. സഞ്ചാരപ്രിയയും പ്രഭാഷകയുമായിരുന്ന ഹെലൻ നിരവധി ലോകരാജ്യങ്ങൾ സന്ദർശിച്ച് അന്ധർക്കും ബധിരർക്കുംവേണ്ടി പ്രഭാഷണങ്ങൾ നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രു ഹെലന്റെ അടുത്ത സുഹൃത്തായിരുന്നു.
ഇന്ത്യയിലെത്തുമ്പോൾ ഹെലൻ നെഹ്രുവുമായി സംഭാഷണം നടത്താറുണ്ടായിരുന്നു.
1908-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹെലന്റെ 'ദ വേൾഡ് ഐ ലിവ് ഇൻ' എന്ന കൃതിയിൽ മറ്റുള്ളവരിലൂടെ കാണുന്ന ലോകത്തെക്കുറിച്ചാണ് ഹെലൻ വിവരിക്കുന്നത്. ആത്മീയസ്പർശമുള്ള 'ലൈറ്റ് ഇൻ മൈ ഡാർക്നസ്' വിവാദമായ 'മിസ്റ്റിസിസം' എന്നിവ ഹെലന്റെ മറ്റു പ്രധാനപ്പെട്ട കൃതികളാണ്. ഇതുകൂടാതെ വിവിധ വിഷയങ്ങളിൽ 12 പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഇംഗ്ലീഷ് സാഹിത്യത്തിൽ ഹെലന്റേതായിട്ടുണ്ട്. 1909-ൽ ഹെലൻ സോഷ്യലിസ്റ്റ് പാർട്ടി അംഗമായി. 'താഴ്‌വരയിലെ ലില്ലിപ്പുഷ്പം' എന്നായിരുന്നു ഹെലനെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്.
ഉറച്ച ദൈവവിശ്വാസിയായിരുന്ന ഹെലൻ കെല്ലർ തന്റെ വൈകല്യത്തെക്കുറിച്ച് ഒരിക്കൽപോലും പിറുപിറുക്കുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല. ഒരു മിനുട്ടുപോലും പാഴാക്കാതെ അവർ പ്രവർത്തിച്ചുകൊണ്ടിരുന്നു. 'ഒരു യന്ത്രമനുഷ്യനെപ്പോലെ ഹെലൻ കെല്ലർ വിശ്രമരഹിതമായി ജീവിച്ചു' എന്നാണ് ജോൺ.എഫ്. കെന്നഡി പറഞ്ഞിട്ടുള്ളത്. 1964-ൽ അമേരിക്കയിലെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ഹെലനെ രാജ്യം ആദരിച്ചു. ഹെലൻ കെല്ലറുടെ ജീവിതത്തെയും ധീരതയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ 'ദ അൺകോൺക്വേഡ്' എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കർ അവാർഡ് ലഭിക്കുകയുണ്ടായി. 1880 ജൂൺ 27-ന് ജനിച്ച അവർ 1968 ജൂൺ 1-ന് അന്തരിച്ചു.
Content Highlights: First deaf-blind person to earn a Bachelor of Arts degree