പരിക്കുകൾ നിസ്സാരമാക്കല്ലേ....അറിയാം ചില കാര്യങ്ങൾ

പരിക്കുകൾ, രോഗങ്ങൾ മുതലായവ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് പലരീതിയിലും വിലങ്ങുതടികളാവാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില സുരക്ഷാവിവരങ്ങൾ.
- ആദ്യമായി അധ്യാപകർ, ജീവനക്കാർ, സുരക്ഷാസമിതി അംഗങ്ങൾ എന്നിവർ പരിക്കുപറ്റിയവരുടെ ഭയാശങ്കകൾ മാറ്റി അയാളെ ആശ്വസിപ്പിക്കേണ്ടതാണ്.
- കുട്ടികൾക്കാണ് അപകടം പറ്റിയതെങ്കിൽ അവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണം. സമചിത്തതയോടെയും ശാന്തത കൈവിടാതെയുമാവണം വിവരം അറിയിക്കൽ.
- അപകടമോ മുറിവോ കാഠിന്യമേറിയതാണെങ്കിൽ ഉടനടി ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
- പരിക്കേറ്റയാൾക്ക് മൂക്കിൽനിന്നും രക്തസ്രാവം ഉണ്ടെങ്കിൽ ഉടനെത്തന്നെ കാൽമുട്ടിനിടയിൽ തലപൂഴ്ത്തി കുനിഞ്ഞിരിക്കാൻ പറയണം. രക്തം ശ്വാസനാളത്തിലേക്ക് കയറി ശ്വാസനാളം അടഞ്ഞുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
- അബോധാവസ്ഥയിലുള്ള രോഗിയുടെ വായിൽ ഒരു കാരണവശാലും വെള്ളം ഒഴിക്കരുത്. അത്തരം അവസ്ഥയിൽ വെള്ളം ശ്വാസനാളത്തിലേക്ക് പോവാൻ സാധ്യത വളരെ കൂടുതലാണ്.
- അബോധാവസ്ഥയിലായ രോഗിയെ കാറ്റും തണുപ്പും കിട്ടുന്ന ഇടത്തേക്ക് മാറ്റിക്കിടത്തുകയും ആവശ്യമെങ്കിൽ അവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അയച്ചുകൊടുക്കുകയും വേണം.
- നിർജലീകരണം ശ്രദ്ധയിൽപ്പെട്ടാൽ അത്തരം രോഗികളുടെ ചുണ്ടുകൾ നനഞ്ഞ തുണികൊണ്ട് തുടച്ച് നനച്ചുകൊടുക്കാവുന്നതാണ്
- തുറന്ന മുറിവുകളിൽ ഹൈഡ്രജൻ പെറോക്സൈഡ്, ഡെറ്റോൾ മുതലായവ പുരട്ടരുത്. അവ ഉപയോഗിച്ച് മുറിവുകൾ കഴുകുകയും അരുത്. അത് വേദന വർധിക്കാനും കൂടുതൽ ശരീരകോശങ്ങൾ നശിക്കാനും കാരണമാവും.
- ആഴമില്ലാത്ത മുറിവുകൾ ബീറ്റാഡിൻ ലായനി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
- മുറിവ് പറ്റിയ ശരീരഭാഗം മുകളിൽ വരുന്ന രീതിയിലാവണം രോഗിയെ കിടത്തുകയോ ഇരുത്തുകയോ ചെയ്യേണ്ടത്. മുറിവേറ്റ ഭാഗത്ത് വീക്കം, വേദന, രക്തസ്രാവം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും.
- ഒടിവ് പറ്റിയ ആൾക്ക് പരമാവധി ആശ്വാസകരമായ രീതിയിൽ ഒടിഞ്ഞ ശരീരഭാഗം അനക്കംതട്ടാത്ത രീതിയിൽ താങ്ങുകൊടുത്ത് വിശ്രമിക്കാൻ അനുവദിക്കണം.
- ഒടിവുപറ്റിയ ആളെ സ്‌ട്രെച്ചർ, കസേര എന്നിവയുടെ സഹായത്തോടെ പരിക്കുപറ്റിയ ഭാഗത്തിന് ഏറ്റവും കുറഞ്ഞതോതിൽ അനക്കം തട്ടുന്നവിധത്തിൽ വൈദ്യസഹായം ലഭ്യമാക്കാനായി കൊണ്ടുപോകേണ്ടതാണ്.
- ശരീരത്തിന്റെ അഞ്ചുശതമാനത്തിൽ കൂടുതൽ ഭാഗത്ത് പൊള്ളലുണ്ടെങ്കിൽ അത് തീവ്രതയേറിയ പൊള്ളലായി കണക്കാക്കി വൈദ്യസഹായം തേടേണ്ടതാണ്.
- പൊള്ളലേറ്റഭാഗം എത്രയും പെട്ടെന്ന് 10 മിനിറ്റ് നേരത്തേക്കെങ്കിലും തണുത്തവെള്ളത്തിൽ മുക്കിവെക്കുകയോ, അല്ലാത്തപക്ഷം അവിടെ തണുത്ത വെള്ളം തുടർച്ചയായി ഒഴിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.
- ടൂത്ത്‌പേസ്റ്റ്, എണ്ണകൾ, മഷി മുതലായവ പൊള്ളലേറ്റ ഭാഗങ്ങളിൽ പുരട്ടാൻ പാടില്ല. പൊള്ളൽമൂലമുള്ള കുമിളകൾ പൊട്ടിച്ച് കളയരുത്.
Content Highlights: Reassure the injured person and inform parents calmly if children are involved., Manage nosebleeds by leaning forward to prevent blood from entering the airway., Avoid pouring water in an unconscious person's mouth.