ഭൂമിയിലെ എൽ.ഇ.ഡികൾ എന്നറിയപ്പെടുന്ന മിന്നാമിനുങ്ങുകളുടെ നുറുങ്ങ് കൗതുകങ്ങൾ അറിഞ്ഞാലോ?

വെട്ടം തരും വണ്ട്!
വണ്ടുകുടുംബത്തിൽപ്പെട്ട ഒരു ഷഡ്പദമാണ് മിന്നാമിനുങ്ങ്. ലാമ്പിറിഡേ (Lampyridae) എന്നാണ് ഇവരുടെ കുടുംബം അറിയപ്പെടുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതൽ കാണപ്പെടുന്നത്. മിന്നാമിനുങ്ങിന്റെ തലയിൽ വലിയ രണ്ട് കണ്ണുകളും നീളമുള്ള രണ്ട് ആന്റിനകളും ഉണ്ട്. രണ്ടുജോടി ചിറകുകളുമുണ്ട്. അടിയിലുള്ള ചിറകുകളാണ് പറക്കാൻ ഉപയോഗിക്കുക. മിന്നാമിനുങ്ങിന്റെ ശരാശരി ആയുസ്സ് രണ്ടുമാസമാണ്.
തണുത്ത വെളിച്ചം!
ചിലയിനം മിന്നാമിനുങ്ങുകളിൽ പ്രായപൂർത്തിയായവ മാത്രമേ പ്രകാശിക്കൂ. എന്നാൽ വേറേ ചിലയിനങ്ങളിൽ മുട്ട, ലാർവ, പൂർണവളർച്ചയെത്തിയ പ്രാണികൾ എന്നിവയെല്ലാം പ്രകാശിക്കുന്നു.
മിന്നാമിനുങ്ങിന്റെ വെളിച്ചത്തിന് ഒട്ടും ചൂടില്ല അഥവാ ഊർജത്തിന്റെ ഏതാണ്ട് 100 ശതമാനവും പ്രകാശമായി മാറുന്നു! അതുകൊണ്ടാണ് മിന്നാമിനുങ്ങിന്റെ വെളിച്ചം തണുത്ത വെളിച്ചമാണെന്ന് പറയുന്നത്.
മിന്നാമിനുങ്ങിന്റെ പ്രകാശം
മിന്നാമിനുങ്ങുകൾ മിന്നുന്നതിന്റെ രഹസ്യം ആദ്യമായി കണ്ടെത്തിയത് 1885-ൽ ഡ്യൂബൊയ്‌സ് എന്ന ശാസ്ത്രജ്ഞനാണ്. ജൈവദീപ്തി (Bioluminescense) എന്നാണിതറിയപ്പെടുന്നത്.
മിന്നാമിനുങ്ങിന്റെ വയറിന്റെ താഴ്ഭാഗത്തുനിന്നാണ് വെളിച്ചം വരുന്നത്. ഇവയുടെ വയറിന് താഴെയായി ശ്വസനനാളികൾ (Trachea) കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടമുണ്ട്. അതിൽ ലൂസിഫെറിൻ (Luciferin) എന്ന ഒരുതരം പ്രോട്ടീനും ലൂസിഫറേസ് (Luciferase) എന്ന ഒരു എൻസൈമും ഉണ്ടാവും. ലൂസിഫെറിൻ, ലൂസിഫെറേസ് എൻസൈമിന്റെ സഹായത്തോടെ അന്തരീക്ഷത്തിലെ ഓക്‌സിജനുമായി പ്രവർത്തിക്കുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന പുതിയ രാസവസ്തുക്കൾക്ക് ഉയർന്ന ഊർജമാണുള്ളത്. അധികമുള്ള ഊർജത്തെ മിന്നാമിനുങ്ങുകളുടെ ശരീരം പ്രകാശരൂപത്തിൽ പുറത്തുവിടുന്നു. ഈ പ്രകാശത്തിന് മഞ്ഞയോ ഓറഞ്ചോ നിറമായിരിക്കും ഉണ്ടാവുക. മിന്നാമിനുങ്ങുകൾ വയറിന് താഴെഭാഗത്തെ പേശികൾ ഇടയ്ക്കിടെ സങ്കോചിപ്പിച്ചാണ് വെളിച്ചമുണ്ടാക്കുന്ന രാസപദാർഥം പുറത്തുവിടുന്നത്. അതുകൊണ്ടാണ് വെളിച്ചം ഇടവിട്ട് മാത്രം ഉണ്ടാകുന്നത്.
ജീവിതചക്രം
മുട്ട, ലാർവ, പ്യൂപ്പ എന്നീ ഘട്ടങ്ങൾ കടന്നാണ് ഒരു മിന്നാമിനുങ്ങ് പൂർണ രൂപാന്തരണം കഴിഞ്ഞ് അവതരിക്കുക. രണ്ട്മൂന്ന് ആഴ്ചകൊണ്ട് വിരിയുന്ന മുട്ടകളിൽനിന്ന് ഉണ്ടാകുന്ന ലാർവ പക്ഷേ, മാസങ്ങളും വർഷങ്ങളും അതേ രീതിയിൽ കഴിയും. മണ്ണിലെ ഒച്ചുകളെ തേടിപ്പിടിച്ച് ഊറ്റുന്നവരാണ് മിന്നാമിനുങ്ങുകളുടെ ലാർവകൾ. തങ്ങളേക്കാൾ വലിയ ഒച്ചുകളെ വരെ വിഷം കുത്തിമയക്കി ജ്യൂസാക്കി കുടിക്കലാണ് ഇവരുടെ ഹോബി. മണ്ണിരകളെയും മറ്റ് ലാർവകളെയും ഇതുപോലെ കഴിക്കാറുണ്ട്. ലാർവാഘട്ടത്തിൽ തിന്നതിന്റെ കരുത്തിൽ ഇണചേരാനായി മാത്രം ജീവിച്ച് മരിച്ചുപോവും. ഇണചേരാനും മുട്ടയിടാനും വേണ്ട കാലമേ ഇവയ്ക്ക് ആയുസ്സും ഉണ്ടാവൂ.
ഒരു പോലല്ല!
മിന്നാമിനുങ്ങുകളിൽ ആൺവർഗത്തിനുമാത്രമേ പറക്കാൻ ചിറകുകളുള്ളൂ. പെൺവർഗം പുഴുക്കളെപ്പോലെയാണ്. രാത്രിസമയത്ത് പുല്ലിലും കല്ലുകൾക്കിടയിലും മറ്റും ഇവ തിളങ്ങുന്നത് കാണാം. ആൺ മിന്നാമിനുങ്ങുകൾ ഇടവിട്ട് മിന്നുമ്പോൾ ചില പെൺപുഴുക്കൾ മങ്ങാതെ തെളിഞ്ഞുകൊണ്ടിരിക്കും. എല്ലാ മിന്നാമിനുങ്ങുകളും പ്രകാശിക്കുന്ന പാറ്റേൺ ഒരു പോലല്ല. പ്രത്യേക താളത്തിൽ കൂട്ടമായി മിന്നിത്തെളിയാനുള്ള കഴിവ് ചിലയിനം മിന്നാമിനുങ്ങുകൾക്കുണ്ട്.
ഫോട്ടിനസ് കരോളിനസ് എന്നയിനം മിന്നാമിനുങ്ങുകളിലാണ് ഈ പ്രത്യേകത ഗവേഷകർ കണ്ടെത്തിയത്. അമേരിക്കയിലെ കരോലൈനയിലാണ് ഇവയുടെ വെളിച്ചംകൊണ്ടുള്ള ഈ പ്രകടനം നടക്കാറ്. മിനിറ്റിൽ അഞ്ചുമുതൽ എട്ടുവരെ തവണ വെളിച്ചം മിന്നിച്ചശേഷം 10 സെക്കൻഡോളം ഇരുട്ടാചരിക്കുകയാണ് ഇവയുടെ രീതി.
Content Highlights: Fireflies belong to the Lampyridae family and produce 'cold light' with zero heat loss.