പാമ്പിനെയും പേടിക്കണം; വെള്ളത്തെയും പേടിക്കണം. അറിഞ്ഞിരിക്കാം ജീവൻ രക്ഷാമാർഗ്ഗങ്ങൾ...

#എം.പി.മുനീര്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നര്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട്

ഒരു അപകടം നടന്നാൽ സംഭവസ്ഥലത്ത് ആദ്യമെത്തുന്നയാൾ അപകടം പറ്റിയ ആളെ രക്ഷിക്കാനായി ചെയ്യേണ്ട ജീവൻരക്ഷാപ്രവർത്തനമാണ് പ്രഥമ ശുശ്രൂഷ. അപകടം സംഭവിച്ച വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുള്ള സമയത്താണ് പ്രഥമ ശുശ്രൂഷ നൽകുന്നത്. വെള്ളത്തിൽ മുങ്ങൽ, പാമ്പുകടിയേൽക്കൽ, തീപ്പൊള്ളൽ, റോഡപകടങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം പ്രഥമ ശുശ്രൂഷ ആവശ്യമായി വരാം.

വെള്ളത്തിൽ മുങ്ങിയാൽ

വെള്ളത്തിൽ മുങ്ങിയ വ്യക്തിയെ ആദ്യം സുരക്ഷിതമായി കരയിലെത്തിക്കണം

തോളിൽ തട്ടിവിളിച്ച് ബോധമുണ്ടോ എന്ന് പരിശോധിക്കുക

അബോധാവസ്ഥയിലാണെങ്കിൽ ഉടനേ സഹായത്തിനും ആംബുലൻസിനും വിളിക്കുക

ശ്വാസവും പൾസും ഉണ്ടോയെന്ന് പരിശോധിക്കുക. ശ്വാസവും പൾസും ഇല്ലെങ്കിൽ, ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുവെന്ന് മനസ്സിലാക്കി ഉടനേ CPR നൽകുകയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്യുക

വായിൽനിന്ന് നുരയോ പതയോ വരുന്നുണ്ടെങ്കിൽ രോഗിയെ ഇടതുവശത്തേക്ക് ചരിച്ചുകിടത്തുക. സാധാരണനിലയിൽ എത്തിയ ശേഷം മലർത്തിക്കിടത്തുക

വയറ്റിലെ വെള്ളം പുറത്തുകളയാൻ ശ്രമിക്കരുത്. അതിനായി വയറിൽ അമർത്തുകയും ചെയ്യരുത്. ഇത് ശ്വാസകോശത്തിലേക്ക് വെള്ളം കയറാനും കൂടുതൽ പ്രശ്‌നങ്ങളിലേക്ക് രോഗിയെ എത്തിക്കാനും സാധ്യതയുണ്ട്.

പാമ്പു കടിയേറ്റാൽ

കടിയേറ്റ ഭാഗത്തെ ഇളക്കം പരമാവധി കുറയ്ക്കുക

കടിയേറ്റയാളെ നടക്കാനോ ഓടാനോ അനുവദിക്കരുത്

വ്യക്തിയെ എത്രയുംവേഗം സൗകര്യമുള്ള ആശുപത്രിയിലേക്ക് (ആന്റി സ്‌നെയ്ക് വെനം ലഭ്യമായ) എത്തിക്കുക

ചെയ്യാൻപാടില്ലാത്ത കാര്യങ്ങൾ

വ്യക്തിയെ ഭയപ്പെടുത്തരുത്

കടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടരുത്.

കടിയേറ്റ ഭാഗം കത്തി, ബ്ലെയ്ഡ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കീറിമുറിക്കരുത്

സി.പി.ആർ.

ഇലക്ട്രിക് ഷോക് ഏൽക്കുക പോലുള്ള സാഹചര്യങ്ങളിൽ) താഴേ പറയുന്ന കാര്യങ്ങൾ ചെയ്യുക.

1. രോഗിയെ സുരക്ഷിതമായ സ്ഥലത്ത് മലർത്തിക്കിടത്തുക

2. ബോധമുണ്ടോ എന്ന് പരിശോധിക്കാൻ രോഗിയുടെ രണ്ട് തോളിലും ശക്തിയായി തട്ടിവിളിക്കുക.

3. ബോധമില്ലെങ്കിൽ, ഉടനേ സഹായത്തിന് ആളെ വിളിക്കുകയും ആംബുലൻസിന് വിളിക്കുകയും ചെയ്യുക.

4. ശ്വസിക്കുന്നുണ്ടോ എന്നറിയാൻ നെഞ്ചിന്റെ ഭാഗം താഴുകയും ഉയരുകയും ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക.

5. പൾസ് നോക്കാൻ അറിയാമെങ്കിൽ കഴുത്തിലെ പൾസ് പരിശോധിക്കുക (Carotid Pulse).

6. ബോധവും ശ്വാസവും പൾസും ഇല്ലെങ്കിൽ സി.പി.ആർ. നൽകുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുക.

സി.പി.ആർ. എങ്ങനെ നൽകാം?

രോഗിയെ ശരിയായരീതിയിൽ, ഉറപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക. ശേഷം, സി.പി.ആർ. ചെയ്യുന്നയാൾക്ക് ശേഷിയുള്ള കൈയുടെ കൈത്തണ്ട രോഗിയുടെ നെഞ്ചിന്റെ മധ്യഭാഗത്ത് വയ്ക്കുക (രണ്ട് നിപ്പിളിന്റെയും ഇടയിൽ). അതിന് മുകളിൽ മറുകൈ വെച്ച് വിരലുകൾ കോർത്തുപിടിച്ച് (ഇന്റർലോക്ക്‌ചെയ്ത്), കൈമുട്ട് വളയാത്ത രീതിയിൽ ശക്തമായി നെഞ്ചിൽ മർദം ഏൽപ്പിക്കുക. കുറഞ്ഞത്, രണ്ടിഞ്ചെങ്കിലും താഴുന്ന വിധത്തിൽ വേണം മർദം ഏൽപ്പിക്കാൻ.

അങ്ങനെ, 30 തവണ നെഞ്ചിൽ മർദം ഏൽപ്പിക്കുക. ശേഷം, രണ്ടുതവണ ശ്വാസം നൽകുക (മൂക്ക് അമർത്തിവെച്ച് വായിലേക്ക് ഊതുക). ഈ പ്രക്രിയ അഞ്ചുതവണ തുടർച്ചയായി ചെയ്യുക (30:2 എന്ന അനുപാതത്തിൽ).

ഓരോ അഞ്ചുതവണകൂടുമ്പോഴും വീണ്ടും ശ്വാസവും പൾസും പരിശോധിക്കുക. എന്തെങ്കിലും പ്രതികരണമുണ്ടെങ്കിൽ നിർത്തുക.

ഇല്ലെങ്കിൽ, ആശുപത്രിയിൽ എത്തുന്നതുവരെ ഈ പ്രക്രിയ തുടരുക.

Content Highlights: Immediate action steps for drowning victims, Critical 'do's and don'ts' for snake bite management, Step-by-step CPR instructions for cardiac emergencies, Importance of rapid professional medical intervention