നാലാംക്ലാസിലെത്തിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പരീക്ഷയുണ്ടെന്നറിയാമോ?

പരീക്ഷയെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടാം
സിലബസ്:
- നാലാംക്ലാസുവരെ പഠിച്ച ആശയങ്ങൾ, ധാരണകൾ, ശേഷികൾ ഒക്കെയും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങളുണ്ടാവുക.
- പരിസരപഠനം, പൊതുവിജ്ഞാനം വിഭാഗങ്ങളിൽ കലാ ആരോഗ്യ കായിക പ്രവൃത്തിപഠനം, കളിപ്പെട്ടി ഉൾപ്പെടെയുള്ളവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
- പൊതുവിജ്ഞാന മേഖലയിൽ ആനുകാലിക വിഭാഗത്തിൽനിന്ന് 40 ശതമാനം ചോദ്യങ്ങൾ ഉണ്ടായിരിക്കും. ബാക്കിയുള്ള 60 ശതമാനം ചോദ്യങ്ങൾ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ പഠിച്ച തീമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
പരീക്ഷയുടെ ഘടന:
- രണ്ടുമണിക്കൂർ ദൈർഘ്യമുള്ള രണ്ട് പേപ്പറുകൾ ഈ പരീക്ഷയ്ക്ക് ഉണ്ടാകും.
- പേപ്പർ-1 ൽ ആകെ 50 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ഓപ്ഷൻ ടിക്ക്ചെയ്യാൻ കഴിയും. ഓരോ ചോദ്യത്തിനും ഒരു സ്‌കോർവീതം. ആകെ സ്‌കോർ 50. മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം, പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്ന് 10 വീതം ചോദ്യങ്ങൾ ഈ പേപ്പറിൽ ഉണ്ടായിരിക്കും.
- പേപ്പർ 2-ൽ 30 മാർക്കിന്റെ വിവരണാത്മക ചോദ്യങ്ങളാണ് ഉണ്ടാവുക. 5 സ്‌കോർവീതം 6 ചോദ്യങ്ങൾ ഇതിൽ ഉണ്ടാകും.
- ആകെ 80 മാർക്കിനാണ് പരീക്ഷ. ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന നിശ്ചിത എണ്ണം കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ഓരോ വർഷവും കട്ട് ഓഫ് മാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിശ്ചയിക്കും.
സ്‌കോളർഷിപ്പ് ലഭിക്കാൻ ശ്രദ്ധിക്കേണ്ടത്:
- എല്ലാ പാഠഭാഗങ്ങളും നന്നായി പഠിക്കണം.
- വായിച്ചുമനസ്സിലാക്കി വിശകലനംചെയ്ത് ഉത്തരങ്ങൾ എഴുതേണ്ട രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ, കാര്യം മനസ്സിലാക്കി പഠിക്കാൻ ശ്രദ്ധിക്കുക.
- എല്ലാദിവസവും നിശ്ചിത സമയം ഇതിനുവേണ്ടി ചെലവഴിക്കണം.
- പൊതുവിജ്ഞാനം വളരെ പ്രധാനപ്പെട്ടതായതിനാൽ എല്ലാ ദിവസവും പത്രം വായിക്കാനും കുറിപ്പെഴുതാനും ശ്രദ്ധിക്കുക.
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അധികവിവരങ്ങൾ ശേഖരിച്ച് പഠിക്കണം.
- ക്ലാസ്മുറികളിൽ പഠിക്കുന്ന ഭാഷാശേഷികൾ (പത്രവാർത്ത, പരിചയക്കുറിപ്പ്, പോസ്റ്റർ, ഡയറി...) പരീക്ഷണങ്ങൾ, ഗണിതപ്രശ്നങ്ങൾ തുടങ്ങിയവ നന്നായി മനസ്സിലാക്കണം.
- പ്രശ്നവിശകലനശേഷിയാണ് ഗണിതത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ലിറ്റിൽ മാസ്റ്റേഴ്‌സ് പദ്ധതി:
ഓരോ സബ് ജില്ലയിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 10 കുട്ടികളെ സെലക്ട് ചെയ്ത് 'ലിറ്റിൽ മാസ്റ്റേഴ്‌സ്' എന്ന പേരിൽ ഒരു പദ്ധതി ഇപ്പോൾ സർക്കാർ നടപ്പാക്കിവരുന്നുണ്ട്. പ്രതിഭാധനർക്ക് ഉയർന്ന പരിശീലനം ലഭ്യമാക്കാൻ ഇത് സഹായിക്കും.
Content Highlights: Covers 1st to 4th-grade curriculum with 40% current affairs