ആവാം ഡിജിറ്റൽ സൂപ്പർഹീറോ; കെട്ടിപ്പടുക്കാം ഡിജിറ്റൽ വ്യക്തിത്വം

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ എന്നത് വെറുമൊരു വിനോദോപാധി മാത്രമല്ല, കുട്ടികളുടെ കഴിവുകളും ആഗ്രഹങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ചൊരു വേദികൂടിയാണ്. ചെറുപ്പത്തിൽത്തന്നെ ശരിയായ രീതിയിൽ ഒരു 'പേഴ്സണൽ ബ്രാൻഡ്' വളർത്തിയെടുക്കുന്നത് ഭാവിയിലെ പഠനത്തിനും കരിയറിനും വലിയ കരുത്താകും. കഴിവ്, അറിവ്, നല്ല പെരുമാറ്റം എന്നിവ ചേർത്തുപിടിച്ചുകൊണ്ട് സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ചാൽ മികച്ചൊരു ഡിജിറ്റൽ വ്യക്തിത്വം കെട്ടിപ്പടുക്കാൻ സാധിക്കും.
സ്വന്തം കഴിവ് തിരിച്ചറിയുക: വര, കോഡിങ്, എഴുത്ത്, ഫോട്ടോഗ്രഫി, സയൻസ് പ്രോജക്ടുകൾ തുടങ്ങി കുട്ടികൾക്ക് ഏറ്റവും താത്പര്യമുള്ള മേഖല ഏതാണെന്ന് തിരിച്ചറിയുക. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ അറിവുകൾ സ്ഥിരമായി പങ്കുവയ്ക്കുകയും ചെയ്യുക.
ശരിയായ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക: എല്ലാവരും ഉപയോഗിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കരുത്. നിങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായത് മാത്രം സ്വീകരിക്കുക.
മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക: സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ വിജയങ്ങൾ കണ്ട് സ്വന്തം കഴിവുകളെ ചെറുതായി കാണരുത്. ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമാണ്. അതിനാൽ സ്വന്തം വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
ശ്രദ്ധിക്കേണ്ട നിയമങ്ങളും മുൻകരുതലുകളും: ഡി.പി.ഡി.പി. ആക്ട് ( (Digital Peronsal Data Protection) Act പ്രകാരം 18 വയസ്സിൽ താഴേയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അക്കൗണ്ട് തുടങ്ങുന്നതിനും മാതാപിതാക്കളുടെ അനുമതി നിർബന്ധമാണ്. കുട്ടികളുടെ ഓൺലൈൻ വിവരങ്ങൾ ട്രാക്ക് ചെയ്ത് ടാർഗറ്റഡ് പരസ്യങ്ങൾ കാണിക്കുന്നത് നിയമവിരുദ്ധമാണ്. ഐ.ടി. നിയമം, പോക്സോ നിയമം, ബി.എൻ.എസ്. തുടങ്ങിയവ പ്രകാരം ഓൺലൈൻ അധിക്ഷേപം നടത്തുന്നതും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
പാലിക്കേണ്ട മുൻകരുതലുകൾ: ഗൂഗിൾ ഫാമിലി ലിങ്ക്, ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ട് ഫീച്ചറുകൾ എന്നിവയുപയോഗിച്ച് രക്ഷിതാക്കൾ കുട്ടികളുടെ ഡിജിറ്റൽ വെൽബീയിങ് ഉറപ്പുവരുത്തുക. വീടിന്റെ വിലാസം, സ്കൂളിന്റെ പേര്, ഫോൺ നമ്പർ, ലൈവ് ലൊക്കേഷൻ എന്നിവ ഒരിക്കലും പോസ്റ്റ് ചെയ്യരുത്.
ഡിജിറ്റൽ കാൽപ്പാടുകൾ (Digital Footprints): മണ്ണിൽ നടക്കുമ്പോൾ കാൽപ്പാടുകൾ പതിയുന്നതുപോലെയാണ് ഡിജിറ്റൽ ലോകത്തെ ഓരോ ഇടപെടലും. ഭാവിയിൽ ദോഷം ചെയ്യാത്ത നല്ല ഡിജിറ്റൽ കാൽപ്പാടുകൾ മാത്രം ബാക്കിവയ്ക്കുക.
Content Highlights: Identify and showcase children's core talents online like coding, writing, or art.