ഓണമെന്നാൽ മാവേലിയും വാമനനും മാത്രമല്ല! ബുദ്ധനും മന്ഥനും പിന്നെ പരശുരാമനും കഥ വായിക്കാം

ഓണമെന്ന് കേൾക്കുമ്പോൾ മഹാബലിയുടെയും വാമനന്റെയും കഥയാവും നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്. എന്നാൽ ഓണവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ കഥകൾ നിരവധിയുണ്ട്.

പരശുരാമനെ കാണാൻ!
ഒരിക്കൽ പരശുരാമൻ ഇരുപത്തൊന്നുതവണ ഭൂമിയെ ചുറ്റി ക്ഷത്രിയരെയെല്ലാം കൊന്നൊടുക്കി. എന്നാൽ പിന്നീട് അദ്ദേഹത്തിന് സ്വന്തം പ്രവൃത്തിയിൽ പശ്ചാത്താപം തോന്നി. തന്റെ പാപമെല്ലാം തീർക്കാനായി സമ്പാദ്യം മുഴുവൻ പരശുരാമൻ ബ്രാഹ്‌മണർക്ക് ദാനംചെയ്തു. ശേഷം സമുദ്രതീരത്തെത്തി തപസ്സനുഷ്ഠിക്കാൻ ഒരു സ്ഥലം തിരഞ്ഞ് നടന്നു. ഉടൻ സമുദ്രത്തിന്റെ അധിപനായ വരുണദേവൻ പരശുരാമന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പരശുരാമന്റെ ആയുധമായ മഴു സമുദ്രത്തിലേക്കെറിയാനും അത് ചെന്ന് പതിക്കുന്ന അത്രയും ഭാഗം തപസ്സിനായി എടുത്തുകൊള്ളാനും വരുണൻ സമ്മതിച്ചു. അങ്ങനെ മഴു എറിഞ്ഞ ഭാഗത്തെ ജലം മാറി കരയായി മാറി. അതാണ് നമ്മുടെ കേരളം.

എന്നാൽ ആ സ്ഥലവും പരശുരാമൻ ബ്രാഹ്‌മണർക്ക് ദാനം നൽകി. 'ആവശ്യമുള്ളപ്പോൾ എന്നെ പ്രാർഥിച്ചുകൊള്ളൂ, ഉടൻ പ്രത്യക്ഷപ്പെട്ടുകൊള്ളാം,' എന്നുപറഞ്ഞ് അദ്ദേഹം മഹേന്ദ്രഗിരിയിൽ പോയി തപസ്സുചെയ്തു.

എന്നാൽ ബ്രാഹ്‌മണരെല്ലാംകൂടി ഒരിക്കൽ തൃക്കാക്കരയിൽ ഒത്തുചേർന്ന് പരശുരാമനെ പരീക്ഷിക്കാൻ തീരുമാനിച്ചു. അവർ പരശുരാമനെ പ്രാർഥിച്ചു. അടുത്ത നിമിഷം പരശുരാമൻ പ്രത്യക്ഷപ്പെട്ടു. പക്ഷേ, കാര്യമൊന്നുമില്ലാതെയാണ് ബ്രാഹ്‌മണർ തന്നെ വരുത്തിയതെന്ന് മനസ്സിലാക്കിയ പരശുരാമൻ കോപം മൂത്ത് അവരെ ശപിച്ചു. ''ഇനിയൊരിക്കലും സുഖലോലുപതയിൽ ജീവിക്കാൻ സാധിക്കാതെ വരട്ടെ,'' എന്നായിരുന്നു ശാപം. ദുഃഖിതരായ ബ്രാഹ്‌മണർ മാപ്പപേക്ഷിച്ചു. ഒടുവിൽ മനസ്സലിഞ്ഞ പരശുരാമൻ, വർഷത്തിലൊരിക്കൽ താൻ തൃക്കാക്കരയെത്തുമെന്നും ആ ദിവസം ഉത്സവമായി ആഘോഷിക്കണമെന്നും പറഞ്ഞു. അങ്ങനെ തിരുവോണനാളിൽ പരശുരാമൻ പ്രത്യക്ഷപ്പെടുന്ന ദിവസമാണ് ഓണം എന്ന് ചിലർ വിശ്വസിക്കുന്നു.

മന്ഥരാജാവും സമുദ്രഗുപ്തനും
പണ്ടുപണ്ട് കേരളത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നത്രേ. അന്ന് അവിടം ഭരിച്ചിരുന്നത് മന്ഥരാജാവായിരുന്നു. ഒരിക്കൽ ഗുപ്തസാമ്രാജ്യത്തിലെ ഭരണാധികാരിയായ സമുദ്രഗുപ്തൻ തൃക്കാക്കര ആക്രമിച്ചു. എന്നാൽ മന്ഥരാജാവിന്റെ ചെറുത്തുനിൽപ്പിൽ സമുദ്രഗുപ്തൻ പരാജയപ്പെട്ടു. അങ്ങനെ യുദ്ധമവസാനിച്ചു. ഈ വിജയത്തിന്റെ ഓർമയ്ക്ക് ദേശീയ ഉത്സവമായി ഓണം ആഘോഷിക്കാൻ മന്ഥരാജാവ് വിളംബരം ചെയ്തു എന്നാണ് വിശ്വാസം. മഹാബലിയുടെ അവതാരമാണ് മന്ഥരാജാവ് എന്നും അദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് ഓണം ആഘോഷിക്കുന്നത് എന്നും കരുതുന്നവരുണ്ട്.

ബുദ്ധന്റെ ഓണബന്ധം!
ബുദ്ധമത വിശ്വാസികളുടെ ചില ആഘോഷങ്ങളിൽനിന്നാണ് ഓണാഘോഷത്തിന്റെ തുടക്കമെന്ന് പറയുന്നവരുണ്ട്. ശ്രീബുദ്ധന് ബോധോദയമുണ്ടായത് ശ്രാവണമാസത്തിലെ തിരുവോണനാളിലാണ് എന്ന് ബുദ്ധമതക്കാർ വിശ്വസിക്കുന്നു. അങ്ങനെ കേരളത്തിലെ ബുദ്ധമത വിശ്വാസികൾ ശ്രാവണമാസത്തിലെ തിരുവോണനാൾ ആഘോഷപൂർവം കൊണ്ടാടാൻ തുടങ്ങി. അവരുടെ ഭാഷയായ പാലിഭാഷയിൽ ശ്രാവണം എന്നത് 'സാവണം' എന്നാണ് പറഞ്ഞിരുന്നത്. പിന്നീടത് ആവണമായും വീണ്ടും ലോപിച്ച് ഓണമായും മാറി എന്നാണ് വിശ്വാസം!

ബുദ്ധന്റെ മഞ്ഞവസ്ത്രവും ഓണക്കോടിയായി നൽകാറുള്ള മഞ്ഞമുണ്ടും ഈ ബന്ധത്തിന് തെളിവായി പറയപ്പെടുന്നു. മാത്രമല്ല, മഹാബലിക്കര അഥവാ മാവേലിക്കരയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽനിന്ന് പല ബുദ്ധപ്രതിമകളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതിനാൽ മഹാബലി ശ്രീബുദ്ധന്റെ അനുയായിയായിരുന്നു എന്ന വിശ്വാസവും ഉണ്ട്.

അസീറിയൻ ഓണം
അസീറിയയിൽനിന്നാണ് ഓണാഘോഷം നമ്മുടെ നാട്ടിലെത്തിയതെന്ന് ചില പണ്ഡിതർ പറയുന്നു. ഇന്നത്തെ ഇറാഖിലുള്ള സ്ഥലമാണ് അസീറിയ. അസീറിയയിലെയും ബാബിലോണിയയിലെയും ക്ഷേത്രങ്ങളിൽ സ്തൂപാകൃതിയിലുള്ള പ്രതിഷ്ഠകളാണ് ഉള്ളത്. ഓണപ്പൂക്കളം ഉണ്ടാക്കുമ്പോൾ മണ്ണുകൊണ്ട് സ്തൂപാകൃതിയിലുള്ള ചില രൂപങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ടല്ലോ. 'സിഗുറായി' എന്നറിയപ്പെടുന്ന അസീറിയൻ സ്തൂപങ്ങളുമായി ഇവയ്ക്ക് വളരെയധികം സാമ്യമുണ്ട്. റോം, ഗ്രീസ്, തായ്‌ലാൻഡ്, ജാവ, മ്യാൻമർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നമ്മുടെ ഓണത്തിനോട് സാമ്യമുള്ള ചില ആഘോഷങ്ങൾ മുൻപ് ഉണ്ടായിരുന്നു.

അസീറിയ എന്ന വാക്കിൽനിന്നാണ് അസുരൻ എന്ന വാക്കുണ്ടായത്. അസുര ചക്രവർത്തിയായിരുന്നല്ലോ മഹാബലി. അസീറിയയിലെ ഭരണാധികാരികൾ പണ്ട് തങ്ങളുടെ പേരിനൊപ്പം 'അസുര', 'ബല' എന്നൊക്കെ ചേർക്കുമായിരുന്നു.

വിഷ്ണുവിന് കിട്ടിയ ശാപം
മഹാവിഷ്ണുവാണ് വാമനരൂപത്തിൽ ഭൂമിയിലെത്തിയത് എന്നറിയാമല്ലോ. വിഷ്ണുവിന്റെ ഈ വാമനരൂപത്തിനുപിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ മഹാവിഷ്ണു ഗംഗാതീരത്തുകൂടി നടക്കുകയായിരുന്നു. അപ്പോഴാണ് വിരലിനോളം വലുപ്പമുള്ള ബാലഖില്യ എന്ന ഋഷിമാരെ അദ്ദേഹം കണ്ടത്. കുള്ളന്മാരായ ഇവരെ കണ്ട് വിഷ്ണുവിന് ചിരിവന്നു. അദ്ദേഹം അവരെ നോക്കി പൊട്ടിച്ചിരിച്ചു. ഇതുകണ്ട് ദേഷ്യം വന്ന ഋഷിമാർ മഹാവിഷ്ണുവിനെ 'കുള്ളനായി പിറക്കേണ്ടിവരട്ടെ!' എന്ന് ശപിച്ചു. അങ്ങനെയാണ് വിഷ്ണുവിന് കുള്ളനായ വാമനനായി പിറക്കേണ്ടിവന്നത്.

ആര്യ ദ്രാവിഡ യുദ്ധം!
മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തി എന്ന കഥയ്ക്ക് ആര്യന്മാരും ദ്രാവിഡരും തമ്മിലുള്ള യുദ്ധവുമായി ബന്ധമുണ്ടെന്ന് ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. തെക്കേ ഇന്ത്യയിൽ ദ്രാവിഡ രാജക്കന്മാർക്കായിരുന്നു പണ്ട് ആധിപത്യം. പിന്നീട് വടക്കുനിന്നെത്തിയ ആര്യന്മാർ ദ്രാവിഡർക്കുമേൽ ആധിപത്യം നേടി. മഹാബലിയെ ദ്രാവിഡ രാജാവായും വാമനനെ ആര്യരാജാവായും കണക്കാക്കിയാണ് ഓണത്തിന്റെ സങ്കല്പവുമായി ഈ ചരിത്രസംഭവത്തെ ബന്ധിപ്പിക്കുന്നത്.

മഹാബലിയും ധാന്യദേവതയും!
വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയശേഷം മഹാബലി വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വന്നുപോകുന്നു എന്നതാണല്ലോ ഓണത്തിന്റെ ഐതിഹ്യം. മണ്ണിനടിയിൽനിന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തും മാവേലിയെപ്പോലെയാണ് എന്ന വിശ്വാസം നിലവിലുണ്ട്. വിത്തിന്റെ ദേവതാരൂപമാണത്രേ മഹാബലി. അതുകൊണ്ടുതന്നെ പലയിടത്തും കൃഷിസ്ഥലത്തുനിന്നെടുക്കുന്ന മണ്ണുകൊണ്ടാണ് തൃക്കാക്കരയപ്പന്റെ രൂപമുണ്ടാക്കുന്നത്. ഓണക്കാലം വിളവെടുപ്പുകാലമാണ്. അതുകൊണ്ടുതന്നെ സമൃദ്ധിയുടെ കാലവും.

വീടുകളിലെത്തിയ ഓണം!
പണ്ട് മധ്യകേരളത്തിൽ കാൽക്കരൈ എന്നൊരു നാട്ടുരാജ്യമുണ്ടായിരുന്നു. തൃക്കാക്കര ആസ്ഥാനമാക്കിയാണ് അവർ ഭരണം നടത്തിയിരുന്നത്. കാൽക്കരൈ രാജാക്കന്മാരിൽ ഏറ്റവും പ്രമുഖനായിരുന്ന മഹാബലി പെരുമാൾ തൃക്കാക്കര ക്ഷേത്രത്തിൽ 28 ദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവം ഏർപ്പെടുത്തി. കർക്കടകമാസത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണംവരെയായിരുന്നു ഈ ഉത്സവം. ഉത്സവത്തിന്റെ അവസാനത്തെ പത്തുദിവസങ്ങളിൽ എല്ലാ നാടുവാഴികളും പ്രഭുക്കന്മാരും തൃക്കാക്കരയിൽ എത്തണമെന്നായിരുന്നു രാജകല്പന. കാലക്രമേണ തൃക്കാക്കരയിലെ ആഘോഷം കേരളത്തിലെങ്ങും എത്തുകയായിരുന്നത്രേ! പിന്നീട് ഓരോ വീടുകളിലും ഓണം ആഘോഷിക്കാനും തുടങ്ങി.

Content Highlights: Explores alternative mythological and historical origins of Onam beyond Mahabali and Vamana