കേരളത്തിലും വിദേശത്തുമായി കളിക്കുന്ന കളികൾ പരിചയപ്പെട്ടാലോ?

കേരളത്തിലെ നാടൻകളികൾ കൂട്ടുകാർക്ക് അറിയുമായിരിക്കും. അതിൽ ചിലതൊക്കെ ലോകത്താകെയുള്ള പല രാജ്യങ്ങളിലെയും കുട്ടികൾ പണ്ടുതൊട്ടേ കളിക്കാറുണ്ടായിരുന്നു. ചെറിയ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. കളിയുടെ പേരും മാറും.
ഇത് ഞാൻ എവിടെയോ...?
പിനാത (Pinata) ഒരു കളിയാണെന്ന് മൂന്നാം പേജിൽ പറഞ്ഞല്ലോ. മൺകുടം അല്ലെങ്കിൽ പേപ്പർ പൾപ്പ്, തുണി എന്നിവകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങൾ നന്നായി അലങ്കരിക്കും. എന്നിട്ടതിനുള്ളിൽ മിഠായികൾ നിറയ്ക്കും. ശേഷം അവ കെട്ടിത്തൂക്കും. ഇനി കണ്ണ് മൂടിക്കെട്ടിയ ഒരാൾ വന്ന് അത് അടിച്ചുപൊട്ടിക്കും. ഇത്രയും പറഞ്ഞപ്പോൾ കൂട്ടുകാർക്ക് നമ്മുടെ ഉറിയടി ഓർമ വന്നില്ലേ? കേരളത്തിൽ ഈ കളിയുടെ പേര് ഉറിയടി എന്നാണെങ്കിൽ മെക്‌സിക്കോയിൽ അത് പിനാതയാണ്.
നമ്മൾ ഇത് ഓണത്തോടനുബന്ധിച്ചാണ് സാധാരണ കളിക്കാറ്. എന്നാൽ മെക്‌സിക്കോയിലെ ആളുകൾ പിറന്നാളിനും പാർട്ടികൾക്കുമാണ് പിനാത കളിക്കുന്നത്. ഒമ്പത് വശങ്ങളുള്ള ഒരു നക്ഷത്രത്തിന്റെ ആകൃതിയിലാണ് അവർ ഉറി അലങ്കരിക്കുന്നത്. പിനാതയുടെ ഉദ്ഭവം സ്പെയിനിലാണെന്ന് ചിലർ പറയുന്നു. എന്നാൽ ചൈനയിലാണ് ഈ കളി തുടങ്ങിയത് എന്ന് മറ്റൊരു വാദവുമുണ്ട്. ചൈനയിൽ പശുവിന്റെയോ കാളയുടെയോ രൂപത്തിലാണ് ഉറി അലങ്കരിക്കുന്നത്.
എല്ല് വേണ്ട; കല്ല് മതി!
കൂട്ടുകാർ നക്കിൾബോൺസ് (Knucklebones) കളിച്ചിട്ടുണ്ടോ? നമ്മുടെ കൊത്തങ്കല്ലാണ് സംഭവം. ചെറിയ അഞ്ച് കല്ലുകൾകൊണ്ട് കളിക്കുന്ന കളിയാണിത്. ഒരാൾ അഞ്ച് കല്ലുകളും കൈയിൽ എടുത്ത് നിലത്ത് ചിതറിയിടും. ഇതിൽ ഒന്നെടുത്ത് മേലോട്ട് എറിയും. എന്നിട്ട് നിലത്തുള്ള ഓരോ കല്ല് വീതം മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴുംമുൻപ് അതേ കൈകൊണ്ട് പിടിക്കുകയും വേണം. ഇത് കളിയുടെ ആദ്യ ഘട്ടമാണ്. ഇങ്ങനെ അഞ്ചുഘട്ടമുണ്ട്. ഓരോ ഘട്ടത്തിലും കളി കടുപ്പമാവും.
ഏതാണ്ട് രണ്ടായിരം വർഷംമുൻപുതന്നെ ലോകത്ത് ഈ കളിയുണ്ടായിരുന്നു. അന്ന് മൃഗങ്ങളുടെ എല്ലുകളായിരുന്നു കല്ലുകൾക്ക് പകരം ഉപയോഗിച്ചിരുന്നത്. അമേരിക്കയിൽ ഈ കളി ജാക്ക് സ്റ്റോൺസ് (Jack Stones) എന്നാണ് അറിയപ്പെടുന്നത്. ബാതു സെറെമ്പാൻ (Batu Seremban) എന്നാണ് ഈ കളിയുടെ മലേഷ്യൻ പേര്.
റോമിൽനിന്നൊരു കക്ക്!
കക്ക്കളിയുടെ ഇംഗ്ലീഷ് പേര് എന്താണെന്ന് അറിയാമോ? ഹോപ്‌സ്‌കോച്ച് ( Hopscotch). റോമക്കാരാണ് ഈ കളി കണ്ടുപിടിച്ചത് എന്ന് പറയപ്പെടുന്നു. റോമിലെ സൈനികരുടെ വ്യായാമത്തിന്റെ ഭാഗമായിരുന്നു ഹോപ്‌സ്‌കോച്ച്. വലിയ കളങ്ങൾ വരച്ചായിരുന്നു സൈനികർ ഹോപ്‌സ്‌കോച്ച് കളിച്ചിരുന്നത്. കുട്ടികൾ അത് ചെറിയ കളങ്ങളാക്കി മാറ്റി.
കക്ക്/ അക്ക് എന്നത് കളിക്ക് ഉപയോഗിക്കുന്ന കരുവിന്റെ പേരാണ്. ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം പത്ത് സമഭാഗങ്ങളായി തിരിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്കായി ഉപയോഗിക്കുന്നത്. അത് കളത്തിന് പുറത്തുനിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾതന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ചുവരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല.
എറിഞ്ഞുവീഴ്ത്താം!
ഏഴ് കല്ലുകൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെച്ചശേഷം ഒരു പന്തുകൊണ്ട് അത് എറിഞ്ഞുവീഴ്ത്തുന്നു. ഈ കളിക്ക് പറയുന്ന പേര് സെവൻ സ്റ്റോൺസ് (Sevenstones) എന്നാണ്. നമ്മുടെ ഡപ്പകളി! ഈ കളിയുടെ ഉദ്ഭവം എവിടെയാണെന്നോ? ദക്ഷിണേന്ത്യയിൽ തന്നെയാണ് ഈ കളി ആദ്യമായി കളിച്ചുതുടങ്ങിയത്. ഹിന്ദുപുരാണങ്ങളിൽ ഡപ്പകളിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അടുക്കിവെച്ച കല്ലുകൾക്ക് പറയുന്ന പേരാണ് ഡപ്പ. നമ്മൾ സാധാരണമായി ഓടിൻ കഷണങ്ങളാണ് ഡപ്പയായി ഉപയോഗിച്ചിരുന്നത്. എറിയുന്ന പന്തിനെ ആട്ട എന്നാണ് പറയുക. ഓലകൊണ്ടുണ്ടാക്കിയ പന്തായിരിക്കും ആട്ട.
പെറുക്കിയെടുക്കാം!
യൂറോപ്പിൽ ഉദ്ഭവിച്ച ഒരു കളിയാണ് മിക്കാഡോ (Mikado). ഈ കളിക്ക് പിക്ക്സ് അപ് സ്റ്റിക്സ് (Picks up sticks) എന്നും പേരുണ്ട്. ഈ പേര് കേട്ടപ്പോൾ കൂട്ടുകാർക്ക് കളി ഏതാണെന്ന് പിടികിട്ടിയോ? നമ്മുടെ ഈർക്കിൽ കളി തന്നെ. ഇർക്കിലുകൾ ഉപയോഗിച്ചാണ് ഈ കളി കളിച്ചിരുന്നത്. നൂറാംകോൽ, റാണിയും മക്കളും എന്നൊക്കെ ഈ കളിക്ക് പേരുണ്ട്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും ആറിഞ്ചോളം നീളത്തിലുള്ള രണ്ടെണ്ണവും പത്തിഞ്ചോളം വലുപ്പമുള്ള ഒരീർക്കിലുമാണ് കളിക്കുവേണ്ടത്.
ഈർക്കിലുകൾ നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. നിലത്ത് വീണിരിക്കുന്ന ഈർക്കിലുകൾ ഓരോന്നായി മറ്റുള്ള ഈർക്കിലുകൾ അനങ്ങാതെ എടുക്കണം. പുറത്തേക്ക് ഒറ്റയായി തെറിച്ചുവീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു.
പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റ് ഈർക്കിലുകളെ തോണ്ടിമാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കും. യൂറോപ്പിൽ എല്ലുകളും ആനക്കൊമ്പുമൊക്കെ ചീന്തിയെടുത്ത് നേരിയ കമ്പുകളാക്കിയായിരുന്നു പണ്ടൊക്കെ മിക്കാഡോ കളിച്ചിരുന്നത്. ട്രെസ് (Tres) എന്നാണ് ഈ കളിക്ക് കംബോഡിയയിൽ പറയുന്നത്.
റെഡ് റോവറും കിങ്ഫിഷറും!
'Red Rover, Red Rover, lets come over!'. ഈ പാട്ട് കേട്ടിട്ട് കളി ഏതാണെന്ന് മനസ്സിലായോ? പാശ്ചാത്യരാജ്യങ്ങളിൽ Red Rover എന്നാണ് ഈ കളി അറിയപ്പെടുന്നത്. രണ്ടുപേർ കൈകൾ ചേർത്തുപിടിച്ച് പരസ്പരം എതിർവശങ്ങളിൽ നിൽക്കും. ഇവർക്ക് നടുവിലൂടെ കുറച്ച് കുട്ടികൾ ഈ പാട്ട് പാടി കടന്നുപോകും. പാട്ട് അവസാനിക്കുമ്പോൾ നടുവിലുള്ളയാളെ കൈകളിൽ പൂട്ടുന്നതാണ് കളി.
അർജന്റീനയിൽ എത്തുമ്പോൾ, മാർട്ടിൻ പെസ്‌കാദോർ(Martin Pescador) എന്നാണ് കളിയുടെ പേര്. പാട്ടും മാറും.
Kingfisher, Kingfisher, will you let me pass? You may pass, you may pass, except the last എന്നാണ് അർജന്റീനയിലെ കുട്ടികളുടെ പാട്ട്. നാരങ്ങാപ്പാല്, ചൂണ്ടയ്ക്ക് രണ്ട്, ഇലകൾ പച്ച, പൂക്കൾ മഞ്ഞ, ഓടി വരുന്ന, കള്ളനെ പിടിച്ചേ എന്ന് പാടി നമ്മൾ കളിച്ചിരുന്ന അതേ 'നാരങ്ങപ്പാല്' കളി തന്നെയാണിത്.
Content Highlights: Cultural comparisons between Indian traditional games and international counterparts