വൈകീട്ടെന്താ പരിപാടി? ഓരോ പ്ലേറ്റ് പൂച്ച പുഴുങ്ങിയത് കഴിച്ചാലോ? ഞെട്ടണ്ട. ഇത് കേരളത്തിൽ തന്നെ!

സംശയിക്കേണ്ട. പൂച്ച പുഴുങ്ങിയത് കഴിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പുഴുങ്ങിയെടുത്ത പൂച്ചയല്ല കേട്ടോ ഇതിലെ പ്രധാന ചേരുവ. ചക്കയാണ് ഗയ്‌സ്… നമ്മുടെ സ്വന്തം ചക്ക. കുമ്പിളപ്പം, വഴനയപ്പം എന്നറിയപ്പെടുന്ന പലഹാരത്തിന് ഇടുക്കി, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിൽ പറയുന്ന പേരാണ് പൂച്ചപ്പുഴുങ്ങിയത്. ചക്ക ചേർത്തുണ്ടാക്കുമ്പോൾ ഇതിന് ചക്ക വഴനയപ്പം, ചക്ക തെരളിയപ്പം, ചക്ക കുമ്പിളപ്പം എന്നെല്ലാമാകും പേരുകൾ. ചക്ക വരട്ടിയതും/ ചക്ക അരച്ചതും അരിപ്പൊടിയും ശർക്കരയും നാളികേരവും ചേർത്തുണ്ടാക്കുന്ന ഈ പലഹാരം വഴനയില കുമ്പിളുകുത്തി ആവി കേറ്റിയാണ് ഉണ്ടാക്കുന്നത്.
ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ?
ആവശ്യമായ സാധനങ്ങൾ:
പഴുത്ത ചക്കച്ചുളകൾ - 2 കപ്പ്
അരി - 1 കപ്പ്
തേങ്ങ ചിരണ്ടിയത് - 1 കപ്പ്
ശർക്കര - ¾ മുതൽ 1 കപ്പ് വരെ (ചക്കയുടെ മധുരം അനുസരിച്ച്)
ഏലക്ക പൊടി - ½ ടീസ്പൂൺ
ജീരകം - ¼ ടീസ്പൂൺ (ഐച്ഛികം)
ഉപ്പ് - ഒരു നുള്ള്
നെയ്യ്/വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
വാഴ ഇല ചെറിയ കഷണങ്ങൾ / വഴനയില - ആവശ്യത്തിന്
കശുവണ്ടി, മുന്തിരി - 2-3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
1) അരി കഴുകി 3-4 മണിക്കൂർ കുതിർത്ത് വെക്കുക.
കുതിർന്ന അരി വെള്ളം ഒഴിച്ച് നന്നായി അരയ്ക്കുക.
2) ചക്ക മിക്‌സ് തയ്യാറാക്കുക
ചക്കച്ചുള കുരുവെടുത്ത് മിക്‌സിയിൽ ഇട്ട് മൃദുവായി അരയ്ക്കുക.
അരച്ച ചക്കയിൽ തേങ്ങ ചിരണ്ടിയത്, ശർക്കര, ഏലക്ക പൊടി, ജീരകം, ഉപ്പ് ചേർത്ത് നന്നായി കലർക്കുക.
അതിലേലേക്ക് അരിമാവ് ചേർത്ത് കട്ടിയുള്ള മാവായി മിക്‌സ് ചെയ്യുക.
വേണമെങ്കിൽ 1-2 ടേബിൾസ്പൂൺ വെള്ളം മാത്രം ചേർക്കുക.
നെയ്യ്/വെളിച്ചെണ്ണ ചൂടാക്കി കശുവണ്ടി-മുന്തിരി വറുത്ത് മാവിൽ ചേർക്കാം.
3) കുമ്പിൾ ഉണ്ടാക്കുക
വഴനയില വളച്ചുകൊണ്ട് കുമ്പിൾ രൂപം ഉണ്ടാക്കുക. വഴനയില ഇല്ലെങ്കിൽ വാഴ ഇലയോ പ്ലാവിലയോ വാട്ടി ഉപയോഗിക്കാം.
ഓരോ കുമ്പിളിന്റെയും ഉള്ളിൽ ഒന്ന്‌രണ്ട് തുള്ളി നെയ്യ്/എണ്ണ തേച്ചു കൊടുക്കുക.
4) ആവിയിൽ വേവിക്കുക
കുമ്പിളുകളിൽ മാവ് ¾ ഭാഗം വരെ നിറയ്ക്കുക
ഇഡ്ഡലി കുക്കറിൽ വെച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കാം.
ടൂത്ത്പിക്ക് കുത്തിയാൽ മാവ് ഒട്ടാതെ വന്നാൽ പൂച്ചപ്പുഴുങ്ങിയത്/ കുമ്പിളപ്പം റെഡി.
Content Highlights: recipe of a healthy food famous in kerala