കണ്ടാൽ ശരിക്കും ഓർക്കിഡ് പൂവ്, പക്ഷേ, അടുക്കണ്ട കടിക്കും!

ഓർക്കിഡ് മാന്റിസ് എന്ന തൊഴുകൈയൻ പ്രാണിയാണ് ചിത്രത്തിൽ. കാണാൻ ശരിക്കും ഓർക്കിഡ് പൂവുപോലെതന്നെ! പുഷ്പങ്ങളെപ്പോലെ തോന്നിക്കുന്ന നിരവധി ഫ്ളവർ മാന്റിസുകളിൽ ഒന്നാണ് ഓർക്കിഡ് മാന്റിസ്. പൂവിന്റെ ഇതളുകൾപോലെ വീതിയേറിയ, പരന്ന കാലുകളാണിവയ്ക്ക്. ഏറ്റവും മുന്നിലുള്ള രണ്ടുകാലുകളിൽ പല്ലുകൾപോലെ കൂർത്ത മുനകളുണ്ട്. ഇരയെ പിടിക്കാൻ ഓർക്കിഡ് മാന്റിസുകളെ സഹായിക്കുന്നത് ഇതാണ്. കാണാൻ ഓർക്കിഡ് പൂക്കളെപ്പോലെയായതുകൊണ്ട് ആക്രമിക്കാനെത്തുന്നവരെ പറ്റിച്ച് രക്ഷപ്പെടാനും എളുപ്പമാണ്.
കാണാൻ പൂവുപോലെയാണെങ്കിലും സ്വഭാവം അങ്ങനെയല്ല കേട്ടോ. ആക്രമിക്കാനെത്തുന്ന ജീവികളെ കടിച്ച് തുരത്താനും മിടുക്കരാണ്. പോരാത്തതിന് തന്നെക്കാൾ വലുപ്പമുള്ള പല്ലി, തവളപോലെയുള്ള ജീവികളെയും ആക്രമിക്കാനും, വേണ്ടിവന്നാൽ തിന്നാനും ഓർക്കിഡ് മാന്റിസുകൾക്ക് കഴിയും.
തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിലാണ് ഇവയെ സാധാരണയായി കാണാറ്.
Content Highlights: Orchid Mantis uses aggressive mimicry to resemble flowers.