പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പൊന്നോണം വരവായി!

മലയാളിയുടെ മനസ്സിൽ ഗൃഹാതുരസ്മരണകൾ ഉണർത്തി ഒരു ഓണം കൂടി വന്നിരിക്കുന്നു. ഓണം മലയാളികൾക്ക് എന്നും ഒരു ആഘോഷമാണ്. എത്ര ഇല്ലായ്മകളുണ്ടായാലും, ലോകത്തിന്റെ ഏതു കോണിൽ വസിച്ചാലും, മലയാളികൾ ഓണത്തെ സന്തോഷത്തോടെ വരവേൽക്കും. ഇത് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പൊന്നോണമാണ്. പൂക്കളുടെ സുഗന്ധവും, ഓണപ്പാട്ടിന്റെ ഈണവും, ഓണക്കളികളുടെ കുസൃതിയും, ഊഞ്ഞാലാട്ടത്തിന്റെ ആർപ്പുവിളിയും, മണികിലുക്കിയെത്തുന്ന ഓണപ്പൊട്ടനും-അങ്ങനെ, അത്തം മുതൽ തിരുവോണം വരെ ആഘോഷത്തിന്റെ ദിനങ്ങളാണ്. എല്ലാവരുടെയും മനസ്സിൽ നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ. ഓണവുമായി ബന്ധപ്പെട്ട് ഓർത്തുവെക്കേണ്ട നിരവധി ചൊല്ലുകളും പഴയകാല ഓണക്കാഴ്ചകളുമുണ്ട്. നമുക്ക് അവയിലൂടെ ഒന്ന് സഞ്ചരിക്കാം.
അഞ്ചാംഓണം പിഞ്ചൊണം അഞ്ചാംഓണം പിഞ്ചൊണം എന്നൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിൽ പതിരില്ലെന്നു പറയുന്നതുപോലെ, തിരുവോണം കഴിഞ്ഞുള്ള ഓണാഘോഷത്തിന്റെ അഞ്ചാം ദിവസത്തെയാണ് അഞ്ചാംഓണം എന്നു പറയുന്നത്.
അത്തച്ചമയം കോഴിക്കോട് സാമൂതിരി രാജാവും കൊച്ചി രാജാവും ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തിയിരുന്ന ആഘോഷങ്ങളുമായി ബന്ധപ്പെട്ടതാണ് അത്തച്ചമയം. രാജാവും പ്രജകളും, വാദ്യഘോഷങ്ങളും, അലങ്കരിച്ച ആനകളും, നാടൻ കലാരൂപങ്ങളും ചേർന്നുള്ള വർണാഭമായ ഘോഷയാത്രയായിരുന്നു അത്. രാജഭരണം അവസാനിച്ചതോടെ അത്തച്ചമയത്തിനും പഴയകാല രൂപം നഷ്ടമായി.
അത്തം കറുത്താൽ ഓണം വെളുക്കും: അത്തം കറുത്താൽ ഓണം വെളുക്കും എന്ന ചൊല്ല് ഏറെ പ്രസിദ്ധമാണ്. അത്തം നാളിൽ ഇരുണ്ട മഴയാണെങ്കിൽ ഓണം തെളിഞ്ഞ ആകാശമുള്ള ദിനമായിരിക്കുമെന്നാണ് വിശ്വാസം. ഇന്ന് വറുതിയും കഷ്ടപ്പാടുമാണെങ്കിലും, നാളെ നല്ലൊരു ദിനം വരുമെന്ന പ്രതീക്ഷയും ഈ ചൊല്ലിൽ ഒളിഞ്ഞിരിക്കുന്നു.
ഓണം വരാനൊരു മൂലം വേണം: എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ടാകുമല്ലോ. ഓണത്തിനും അതുണ്ട്. തിരുവോണത്തിന് മുമ്പ് മൂലം നാൾ വരും; മൂലം കഴിഞ്ഞാലേ തിരുവോണം വരൂ. അതുകൊണ്ടാണ് ''ഓണം വരാനൊരു മൂലം വേണം'' എന്ന ചൊല്ല് പ്രചാരത്തിലായത്.
ആട്ടം പറക്കൽ ഓണക്കാലത്ത് കേമമായി നടന്നിരുന്ന ഒരു മത്സരമായിരുന്നു ആട്ടം പറക്കൽ. കുട്ടികളും മുതിർന്നവരും പ്രത്യേക സംഘങ്ങളായി ചേർന്ന് ഓരോരുത്തരെയും ഊഞ്ഞാലിലിരുത്തി ശക്തിയായി ആട്ടും. ഏറ്റവും ഉയരത്തിൽ ആടിക്കൊണ്ട് ഉയരത്തിലുള്ള ഏതെങ്കിലും മരത്തിന്റെ ഇല പറിച്ചെടുക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.
ഉത്രാടപ്പാച്ചിൽ: തിരുവോണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾക്കായി പുത്തനുടുപ്പുകളും, പഴങ്ങളും, പച്ചക്കറികളും, എന്നുവേണ്ട, ആവശ്യമായ മറ്റെല്ലാ സാധനങ്ങളും വാങ്ങാനായി തിരക്കിട്ടോടുന്ന ദിനമാണ് ഉത്രാടം. ഈ തിരക്കിനെയും ഓണക്കാലത്തിന്റെ ആവേശത്തെയും കാല്പനികമായി രേഖപ്പെടുത്തുന്ന പ്രയോഗമാണ് ഉത്രാടപ്പാച്ചിൽ.
ഓണക്കാഴ്ച ജന്മി-കുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന പഴയകാലത്ത് ഉത്രാടം നാളിൽ കൃഷിക്കാരും കുടിയാന്മാരും ഉടമ്പടി പ്രകാരം ജന്മിമാർക്ക് ഏത്തക്കായ, നാളികേരം, നെല്ല് തുടങ്ങിയ കാർഷികോത്പന്നങ്ങൾ നൽകുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ നൽകുന്ന ഉൽപ്പന്നങ്ങളെയാണ് ഓണക്കാഴ്ച എന്നു വിളിച്ചിരുന്നത്. കാഴ്ച അർപ്പിക്കുന്ന കുടിയാന്മാർക്ക് ജന്മിമാർ ഓണക്കോടിയും, പുടവയും, സദ്യയും നൽകിയിരുന്നു.
ഓണത്തുമ്പി ഓണക്കാലത്ത് തൊടികളിലും വയലുകളിലും കണ്ടുവരുന്ന ഒരിനം തുമ്പിയാണ് ഓണത്തുമ്പി. മഞ്ഞച്ചിറകുകൾ വിരിച്ച് കൈയെത്തും ദൂരത്ത് പറന്നുകളിക്കുന്ന ഈ തുമ്പികൾ ഓണക്കാലത്തിന്റെ മനോഹരമായൊരു കാഴ്ചയായിരുന്നു.
ഓണപ്പൊട്ടൻ മുഖത്ത് ചായം തേച്ചും, കുരുത്തോലക്കുടയും, കൈതനാരുകൊണ്ടുള്ള തലമുടിയും, കിരീടവും, കൈവളകളും ഉൾപ്പെടെയുള്ള വേഷാഭരണങ്ങളണിഞ്ഞും ഓണക്കാലത്ത് ഓരോ വീടുകളിലും എത്തി രസം പകരുന്ന വേഷക്കാരനാണ് ഓണപ്പൊട്ടൻ. സംസാരിക്കാതെ ആംഗ്യങ്ങളിലൂടെ മാത്രം ആശയവിനിമയം നടത്തുന്ന ഒരുതരം തെയ്യവേഷമാണിത്.
തുമ്പിത്തുള്ളൽ: പണ്ടുകാലത്ത് ഓണക്കാലത്ത് പെൺകുട്ടികളും സ്ത്രീകളും കളിച്ചിരുന്ന പ്രത്യേക വിനോദമായിരുന്നു തുമ്പിത്തുള്ളൽ. ഒരു കുട്ടി നടുക്ക് മുടിയഴിച്ചിട്ടിരിക്കുകയോ, തുമ്പച്ചെടികൊണ്ട് മുഖം മറച്ച് കണ്ണടച്ചിരിക്കുകയോ ചെയ്യും. മറ്റു കുട്ടികൾ ചുറ്റും കൂടി, ''എന്താ തുമ്പി തുള്ളാത്തേ, കിണ്ണത്തിൽ ചന്ദനം പോരാഞ്ഞോ...' എന്നീ വരികൾ ഈണത്തിൽ പാടും. കുറച്ചുകഴിഞ്ഞ് തുമ്പിയായി ഇരിക്കുന്ന കുട്ടി ഉറഞ്ഞുതുള്ളുകയും തുമ്പച്ചെടികൊണ്ട് മറ്റു കുട്ടികളെ പതുക്കെ അടിക്കുകയും ചെയ്യും. കുട്ടികളുടെ കൂട്ടായ്മയും കളിയും ചിരിയും നിറഞ്ഞിരുന്ന പഴയകാല ഓണക്കാലത്തിന്റെ മനോഹരമായൊരു ഓർമ്മയാണിത്.
ഓണച്ചൊല്ലുകൾ
കാണം വിറ്റും ഓണം ഉണ്ണണം.
ഓണം വരാനൊരു മൂലം വേണം.
ഓണം പോയാൽ ക്ഷീണം കൂടും. അഞ്ചോണം പിഞ്ചൊണം.
ഓണം വന്നാലും, ഉണ്ണിപ്പിറന്നാലും, കോരന് കുമ്പിളിൽ കഞ്ഞിതന്നെ. തിരുവോണം തിരുതകൃതി.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓടപ്പുര.
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം.
ഉണ്ടെങ്കിലോണം, ഇല്ലെങ്കിലേകാദശി.
ഓണംകേറാമൂല.
ഓണം ഒരു ആഘോഷം മാത്രമല്ല; അത് നമ്മുടെ ഓർമ്മകളുടെയും, സംസ്കാരത്തിന്റെയും, കൂട്ടായ്മയുടെയും, സ്നേഹത്തിന്റെയും ഉത്സവമാണ്. കാലം മാറിയാലും ഓണത്തിന്റെ ഗന്ധവും നിറവും നമുക്ക് മറക്കാതിരിക്കാം. പഴയകാലത്തിന്റെ മധുരിമയും ഗൃഹാതുരതയും സ്നേഹത്തിന്റെ സുഗന്ധവും നിറഞ്ഞതാകട്ടെ ഓരോരുത്തരുടെയും പൊന്നോണം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
Content Highlights: Explores the significance of Onam as a festival of hope and survival.