ബെസ്റ്റ് ഫ്രൻഡിനെ കണ്ടെത്തൽ

#ജോസ് പ്രസാദ്
വര: ജോയ് തോമസ്
വര: ജോയ് തോമസ്

നാലേകാലായപ്പോൾ ആദ്യത്തെ അതിഥി എത്തി. ആദിയുടെ ക്ലാസ്മേറ്റ് അഞ്ജന. ചെറിയൊരു സമ്മാനപ്പൊതിയുമായാണ് അഞ്ജനയുടെ വരവ്.

ഗിഫ്റ്റ് ആദിക്ക് നൽകിയിട്ട് അഞ്ജന പറഞ്ഞു: ''ഹാപ്പി ബർത്ഡേ, ആദി!''

''താങ്ക്യു മൈ ഫ്രൻഡ്.'' ആദി വിനയത്തോടെ സമ്മാനം സ്വീകരിച്ചു.

പിന്നെ ആദി രോഹിത് അങ്കിളിനെ അഞ്ജനയ്ക്ക് പരിചയപ്പെടുത്തി. ''ഇതാണ് എന്റെ മെന്റലിസ്റ്റ് അങ്കിൾ. മറ്റുള്ളവരുടെ മനസ്സ് വായിക്കാനറിയുന്ന ആളാ. അങ്കിളിന് ഒരുപാട് ട്രിക്സ് അറിയാം.''

''അങ്കിൾ, എനിക്കും ഒരു മെന്റലിസം ട്രിക്ക് കാണിച്ചുതരുമോ?'' അഞ്ജന അപേക്ഷിച്ചു.

രോഹിത് അങ്കിൾ മറുപടി പറയുംമുൻപേ ആദി ചാടിക്കയറി പറഞ്ഞു: ''കേക്ക് കട്ടിങ് കഴിയുമ്പോൾ ഒരു പെർഫോമൻസ് ചെയ്യാമെന്ന് അങ്കിൾ സമ്മതിച്ചിട്ടുണ്ട്. അപ്പോൾ കാണാം.''

''അങ്കിൾ, എല്ലാവരും വരുന്നതിനുമുൻപ് എനിക്കുവേണ്ടിമാത്രം ഒരു ട്രിക്ക് കാണിച്ചുതരാമോ, പ്ലീസ്.'' അഞ്ജന വിട്ടുകൊടുക്കാൻ തയ്യാറായില്ല.

രോഹിത് അങ്കിൾ ആദിയെ നോക്കി. ആദി തലയാട്ടി.

''ശരി മോളേ. പക്ഷേ, ഞാൻ കാണിച്ചുതരുന്ന ട്രിക്കിന്റെ സീക്രട്ട് എന്താണെന്ന് എന്നോട് ചോദിക്കാൻ പാടില്ല.'' രോഹിത് അങ്കിൾ പറഞ്ഞു.

''സമ്മതിച്ചു അങ്കിൾ, വേഗമാവട്ടെ.'' അഞ്ജന തിരക്കുകൂട്ടി.

അങ്കിൾ പറഞ്ഞതനുസരിച്ച് അഞ്ജനയും അങ്കിളും ടീപ്പോയിയുടെ ഇരുവശങ്ങളിലായി സോഫയിൽ മുഖാമുഖം ഇരുന്നു.

അങ്കിൾ സംസാരിച്ചുതുടങ്ങി; ''മോളുടെ പേര് അഞ്ജന. അഞ്ചാംക്ലാസിൽ പഠിക്കുന്നു.''

അഞ്ജന തലയാട്ടി.

''ആട്ടെ, ആരാ മോളുടെ ബെസ്റ്റ് ഫ്രൻഡ്?''

''എനിക്ക് ഒരുപാട് ഫ്രൻഡ്സ് ഉണ്ട് അങ്കിളേ. എല്ലാവരും ബെസ്റ്റ് ഫ്രൻഡ്സ് തന്നെ. ഒരാളെമാത്രം അങ്ങനെ എടുത്തുപറയാൻ പറ്റില്ല.''

''എങ്കിൽ ശരി, അഞ്ജനയുടെ ഫ്രൻഡ്സിന്റെ പേരുകൾ പറയൂ.''

''അപർണ, അതിഥി, അവിനാശ്, അഞ്ജലി...''

''വെയ്റ്റ്, വെയ്റ്റ്. എല്ലാംകൂടി ഒരുമിച്ച് പറയല്ലേ. ഞാനൊന്ന് എഴുതിവെച്ചോട്ടെ.''

രോഹിത് അങ്കിൾ ആദിയോട് പഴയ നോട്ട്ബുക്കിലെ ഒരു കടലാസ് വാങ്ങി. അങ്കിൾ ആ കടലാസിന്റെ പകുതിഭാഗം മുറിച്ചെടുത്തശേഷം ഒരുഭാഗം വീണ്ടും മടക്കി കീറി പന്ത്രണ്ട് ചെറിയ കഷണങ്ങളാക്കിയിട്ട് പേനയുടെ അടപ്പുതുറന്നിട്ട് പറഞ്ഞു; ''ഇനി പറഞ്ഞോളൂ.''

അപർണ, അതിഥി, അഞ്ജലി, അവിനാശ്, രാഹുൽ, ചാരു, കീർത്തി, ഷിസ, ആഷിക്, ഷയാൻ, ടോം, ഡയാന എന്നീ പേരുകൾ അഞ്ജന പറഞ്ഞപ്പോഴേക്കും കടലാസ് തീർന്നുപോയി.

''ഇവരിൽനിന്ന് നമുക്ക് ഒരു ബെസ്റ്റ് ഫ്രൻഡിനെ കണ്ടെത്താം. അഞ്ജന പറഞ്ഞ പന്ത്രണ്ട് പേരുകൾ ഓരോ കടലാസ് കഷണങ്ങളിലായി എഴുതിയത് നിങ്ങൾ കണ്ടല്ലോ. ഇനി ഞാൻ എന്റെ പ്രെഡിക്ഷൻ എഴുതാൻ പോവുകയാണ്.''

തുടരും

Content Highlights: Discover the secrets of mentalism and learn captivating magic tricks. Amaze your friends with these easy-to-learn illusions and become a master performer.