ബെസ്റ്റ് ഫ്രൻഡിനെ കണ്ടെത്തിയ വിദ്യ

#ജോസ് പ്രസാദ്
വര: ജോയ് തോമസ്
വര: ജോയ് തോമസ്

എന്താണ് സംഭവിക്കുന്നതെന്ന് ആദിക്കും അഞ്ജനയ്ക്കും മനസ്സിലായില്ല.

അങ്കിൾ പോക്കറ്റിൽനിന്ന് ഒരു വിസിറ്റിങ് കാർഡ് എടുത്ത് അതിൽ എന്തോ എഴുതി ടീപ്പോയിൽ കമിഴ്ത്തിവെച്ചു.

''ഇത് ഇവിടെ ഇരിക്കട്ടെ,'' അങ്കിൾ പറഞ്ഞു. എന്നിട്ട് പന്ത്രണ്ട് കടലാസു കഷണങ്ങളും പെറുക്കിയെടുത്ത് അഞ്ജനയുടെ കൈയിൽ കൊടുത്തു.

''ഇത് ടോസ് ഇടുംപോലെ കുലുക്കി അല്പം മുകളിൽനിന്ന് ടീപ്പോയിയിലേക്ക് ഇടണം.''

അങ്കിൾ പറഞ്ഞതുപോലെ അഞ്ജന ചെയ്തു. ചില കടലാസുകഷണങ്ങൾ മലർന്നും ചിലത് കമിഴ്ന്നും വീണു. നാല് കടലാസ് കഷണങ്ങളാണ് കമിഴ്ന്ന് വീണത്.

''ഇപ്പോൾ നമുക്ക് എട്ട് പേരുകൾ വായിക്കാൻ കഴിയുന്നുണ്ട്. ബാക്കിയുള്ള നാല് പേരുകൾ കടലാസ് കമിഴ്ന്നുവീണതിനാൽ വായിക്കാൻ കഴിയുന്നില്ല. അവ നമുക്ക് ഒഴിവാക്കാം. ''

ബാക്കിയുള്ള എട്ട് കടലാസുകഷണങ്ങൾ പെറുക്കിയെടുത്ത് അങ്കിൾ വീണ്ടും അഞ്ജനയുടെ കൈയിൽ കൊടുത്തു. അവളോട് മുൻപ് ചെയ്തതുപോലെ കുലുക്കി താഴേക്കിടാൻ അങ്കിൾ ആവശ്യപ്പെട്ടു.

ഇത്തവണ മൂന്ന് പേപ്പർ പീസുകളാണ് കമിഴ്ന്നുവീണത്. അത് ഒഴിവാക്കി ബാക്കിയുള്ള അഞ്ചെണ്ണം അഞ്ജന കുലുക്കിയിട്ടപ്പോൾ രണ്ട് പേപ്പർ പീസുകൾ കമിഴ്ന്നാണ് വീണത്. ഇപ്പോൾ അതിഥി, ആഷിക്, ചാരു എന്നീ പേരുകളാണ് വായിക്കാൻ പാകത്തിൽ മലർന്നുകിടക്കുന്നത്.

അഞ്ജന വീണ്ടും ഇതേ പ്രവർത്തനം ആവർത്തിച്ചപ്പോൾ 'ചാരു' എന്നെഴുതിയ കടലാസുതുണ്ട് മാത്രമാണ് മലർന്നുകിടന്നത്.

''ഫൈനലി, നമ്മൾ അഞ്ജനയ്ക്ക് ബെസ്റ്റ് ഫ്രൻഡ് ആക്കാൻ പറ്റിയ ഒരാളെ കണ്ടെത്തിയിരിക്കുകയാണ്. അത് 'ചാരു'വാണ്.'' അങ്കിൾ പറഞ്ഞു.

'ചാരു' എന്നെഴുതിയ കടലാസുതുണ്ട് അങ്കിൾ എടുക്കാൻ ശ്രമിച്ചപ്പോൾ ആദി അത് വേഗത്തിൽ കൈക്കലാക്കി. അങ്കിൾ അത് കാര്യമാക്കിയില്ല.

ഇരുവരോടുമായി അങ്കിൾ പറഞ്ഞു: ''ഇനി ഞാനിവിടെ എഴുതിവെച്ച പ്രെഡിക്ഷൻ എന്തായിരുന്നുവെന്ന് നോക്കാം.''

അങ്കിൾ ടീപ്പോയിയുടെ മൂലയിൽ കമിഴ്ത്തിവെച്ചിരുന്ന വിസിറ്റിങ് കാർഡ് മറിച്ചുവെച്ചു. അതിൽ 'ചാരു' എന്ന് വ്യക്തമായി എഴുതിയിരുന്നു.

''വോ, സൂപ്പർ!'' എന്നുപറഞ്ഞ് രണ്ട് കുട്ടികളും കൈയടിച്ചു.

ബർത്ഡേ പാർട്ടിക്ക് അതിഥികൾ വന്നുതുടങ്ങിയിരുന്നു. അഞ്ജന അവളുടെ കൂട്ടുകാരുമായി സംസാരിച്ച് നിൽക്കുന്നതിനിടയിൽ ആദി അങ്കിളിനടുത്തുവന്ന് ശബ്ദംതാഴ്ത്തി പറഞ്ഞു: ''ഇപ്പോൾ അവതരിപ്പിച്ച ട്രിക്കിന്റെ രഹസ്യം ഞാൻ കണ്ടുപിടിച്ചു.''

''എങ്കിൽ പറയ്?''

''ചാരു എന്ന പേരുമാത്രം കടലാസിന്റെ രണ്ടുവശത്തും എഴുതിയിട്ടുണ്ടായിരുന്നു.''

''അതെ, നീ മിടുക്കനാണ്. ഒരു മെന്റലിസ്റ്റിനുവേണ്ട കഴിവുകൾ ജന്മനാതന്നെ നിനക്ക് കിട്ടിയിട്ടുണ്ട്.'' അങ്കിൾ സമ്മതിച്ചു.

''ഡേർട്ടി വർക്ക് അങ്കിൾ, ശരിക്കും ഡേർട്ടി വർക്ക്.''

ആദി അത് പറഞ്ഞപ്പോൾ ഒരു ചമ്മിയ ചിരിയോടെ അങ്കിൾ പറഞ്ഞു:

''അതുകൊണ്ടാണ് രഹസ്യം ഒരിക്കലും പുറത്തുപറയാൻ പാടില്ലെന്ന് നിന്നോട് പറഞ്ഞത്. നമ്മുടെ വില പോവും.''

അടുത്ത ലക്കത്തിൽ പുതിയൊരു ട്രിക്ക് പഠിക്കാം...

Content Highlights: Discover the secrets of mentalism and learn captivating magic tricks. Amaze your friends with these easy-to-learn illusions and become a master performer.