മെന്റലിസം ട്രിക്കുകൾ പഠിക്കാൻ ഇത്ര ഈസിയാണോ? വരൂ, നമുക്കൊന്ന് ട്രൈ ചെയ്യാം...

അഞ്ചുമണിക്കാണ് ആദിയുടെ ബർത്ഡേപാർട്ടി അറേഞ്ച് ചെയ്തിരുന്നത്. എന്നാൽ മൂന്നുമണിക്കുതന്നെ അവന്റെ പ്രിയപ്പെട്ട രോഹിത് അങ്കിൾ എത്തി.
‘‘എന്ത് ഗിഫ്റ്റാണ് അങ്കിൾ എനിക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നത്?’’ എന്ന് ചോദിച്ച് ആദി അങ്കിളിന്റെ പിറകേ കൂടി.
‘‘നോക്കൂ, ആറ് സമ്മാനങ്ങളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഇതിൽ ഒന്നുമാത്രമേ നിനക്ക് കിട്ടൂ,’’ എന്ന് പറഞ്ഞുകൊണ്ട് അങ്കിൾ ബാഗിൽനിന്ന് സമ്മാനങ്ങൾ ഓരോന്നായി എടുത്ത് മേശപ്പുറത്ത് നിരത്തി.
ഒരു കറുത്ത റാഡോ വാച്ച്, ഒരു ഫുട്ബോൾ, ചിത്രങ്ങളുള്ള ഒരു ചായക്കപ്പ്, ഒരു ഗോൾഡ് ബ്രേസ്ലെറ്റ്, മനോഹരമായ പുറംചട്ടയുള്ള ഒരു ഡയറി, ഒരു റെയ്ബാൻ ഗ്ലാസ് എന്നിവയാണ് അങ്കിൾ മുന്നിലെ മേശപ്പുറത്ത് ഇടതുനിന്ന് വലതുഭാഗത്തേക്ക് ക്രമമായി നിരത്തി വെച്ചത്. ‘ഏതാണ് ഇതിലെ മികച്ച സമ്മാനം,’ എന്ന് ആദി മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരുന്നപ്പോൾ അങ്കിൾ പോക്കറ്റിൽനിന്ന് വിസിറ്റിങ് കാർഡിന്റെ വലുപ്പത്തിലുള്ള ഒരു കാർഡ് എടുത്തിട്ട് നാടകീയമായി പറഞ്ഞു: ‘‘ഞാനിതിൽ ഒരു പ്രവചനം എഴുതാൻ പോവുകയാണ്.’’
‘‘എന്ത് പ്രവചനം?’’
‘‘നിനക്ക് ഏത് സമ്മാനം കിട്ടുമെന്ന്!’’
അങ്കിൾ കാർഡിന്റെ രണ്ടുവശവും ആദിയെ കാണിച്ചു. അതിൽ ഒന്നും എഴുതിയിട്ടില്ല. പിന്നെ അങ്കിൾ കാർഡിന്റെ ഒരുവശത്ത് പേനകൊണ്ട് എന്തോ കുത്തിക്കുറിച്ചു. എന്നിട്ട് എഴുതിയത് കാണാതെ കാർഡ് മേശപ്പുറത്ത് കമിഴ്ത്തിവെച്ചു.
എന്താണ് സംഭവിക്കുന്നതെന്നറിയാൻ ആദിക്ക് ആകാംക്ഷയായി. അങ്കിൾ പറഞ്ഞു; ‘‘മേശപ്പുറത്ത് ഇപ്പോൾ ആറ് വസ്തുക്കളുണ്ട്. ഒന്നുമുതൽ ആറുവരെയുള്ള സംഖ്യകളിൽ ഒന്ന് നീ പറയണം. നീ പറയുന്ന സംഖ്യയാണ് നിനക്കുള്ള സമ്മാനം ഏതെന്ന് തീരുമാനിക്കുന്നത്.’’
ആദിയുടെ ആഗ്രഹം ഫുട്ബോൾ കിട്ടണമെന്നായിരുന്നു. അതുകൊണ്ട് അവൻ ‘ഫൈവ്’ എന്ന് പറഞ്ഞു. കാരണം, അങ്കിളിന് അഭിമുഖമായി നിന്ന അവനുമുന്നിൽ ഇടതുനിന്നും അഞ്ചാമതാണ് ഫുട്ബോൾ ഇരുന്നിരുന്നത്.
‘‘നീ പറഞ്ഞത് ‘ഫൈവ്’ എന്നാണ്. ഒന്നുകൂടി ആലോചിച്ച് നമ്പർ മാറ്റണമെങ്കിൽ, മാറ്റാൻ ഒരു അവസരംകൂടി തരാം. ചെയ്ഞ്ച് ചെയ്യണോ?’’, അങ്കിൾ ചോദിച്ചു.
‘‘വേണ്ട, ഫൈവ് തന്നെ.’’ ആദി ഉറച്ചുനിന്നു.
‘‘ശരി, F, I, V, E, ഫൈവ് ആണ് നീ തിരഞ്ഞെടുത്തിരിക്കുന്നത്.’’
അങ്കിൾ ഒന്ന് പുഞ്ചിരിച്ചിട്ട് വലതുകൈയുടെ ചൂണ്ടുവിരൽ നീട്ടി തന്റെ ഇടതുവശത്തുനിന്ന് എണ്ണാൻ തുടങ്ങി. വാച്ചിനെ ചൂണ്ടി അങ്കിൾ പറഞ്ഞു: ‘എഫ്’, ഫുട്ബോളിനെ ചൂണ്ടി പറഞ്ഞു: ‘ഐ’, ചായക്കപ്പിനെച്ചൂണ്ടി പറഞ്ഞു: ‘വി’, ഒടുവിൽ ബ്രേസ്ലെറ്റിനെ ചൂണ്ടി പറഞ്ഞു: ‘ഇ’. ‘‘ഫൈവ് പറഞ്ഞതുകൊണ്ട് നിനക്കുള്ള സമ്മാനം ഈ ബ്രേസ്ലെറ്റ് ആണ്. എട്ട് ഗ്രാം തൂക്കമുണ്ട് അതിന്.’’
ആദി നിരാശനായെങ്കിലും എല്ലാം കണ്ടുകൊണ്ടുനിന്ന അവന്റെ അമ്മയുടെ മുഖത്ത് സംതൃപ്തിയുടെ ഒരു പുഞ്ചിരി വിടർന്നു.
അങ്കിൾ ആദിയുടെ കൈയിൽ ബ്രേസ്ലെറ്റ് കെട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു: ‘‘ഹാപ്പി ബർത്ഡേ, ആദിക്കുട്ടാ!’’
‘‘ഇനി അങ്കിളിന്റെ പ്രെഡിക്ഷൻ എന്തായെന്ന് നമുക്ക് നോക്കാം,’’ എന്നുപറഞ്ഞ് തിരക്കുകൂട്ടി ആദി, അങ്കിൾ കമിഴ്ത്തിവെച്ചിരുന്ന കാർഡ് എടുത്ത് തുറന്നുനോക്കി. അദ്ഭുതം, അതിൽ ബ്രേസ്ലെറ്റ് എന്ന് എഴുതിയിരുന്നു. അവൻ കാർഡ് ഉയർത്തി അച്ഛനെയും അമ്മയെയും കാണിച്ചു. എല്ലാവരും അതിശയത്തോടെ കൈയടിച്ചു.
ഇതിന്റെ ട്രിക്ക് അറിയണ്ടേ?
അത് അടുത്ത ലക്കത്തിൽ
(തുടരും)
Content Highlights: Discover a captivating mentalism trick where a birthday boy predicts his gift! Learn how Rohit Uncle amazed Adi with a stunning prediction. Full trick revealed next!