പി.എസ്.സി. പരീക്ഷയിൽ മാർക്ക് ഇടുന്നത് എങ്ങനെയാണ് എന്നറിയാമോ? എളുപ്പത്തിൽ മനസിലാക്കാം...

രേഷ്മ പി. എസ്. സി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ആഴ്ച ഒരു പരീക്ഷ എഴുതി. പരീക്ഷയ്ക്ക് 50 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഓരോ ശരിയുത്തരത്തിനും രണ്ടു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാലോ? ഓരോ തെറ്റിയ ഉത്തരത്തിനും കിട്ടിയ മാർക്കിൽ നിന്നും ഒരു മാർക്ക് നഷ്ടപ്പെടും.
രേഷ്മ 50 ചോദ്യത്തിനും ഉത്തരം എഴുതി. കിട്ടിയ മാർക്ക് 82. രേഷ്മ എത്ര ഉത്തരങ്ങൾ ശരിയാക്കിയിട്ടുണ്ടാവും?
നമുക്ക് കണ്ടുപിടിക്കാം.
50 ഉത്തരങ്ങളും ശരിയായിരുന്നെങ്കിൽ 100 മാർക്ക് കിട്ടിയേനെ അല്ലേ? പക്ഷേ കിട്ടിയത് 82 ആണല്ലോ. അപ്പോൾ എത്ര മാർക്ക് നഷ്ടപ്പെട്ടു?
100 - 82=18
ആദ്യം തെറ്റുത്തരങ്ങളുടെ എണ്ണം കണ്ടെത്താം.
ഓരോ തെറ്റ് ഉത്തരത്തിനും ആകെ കിട്ടിയ നൂറു മാർക്കിൽ നിന്ന് ശരിയായിരുന്നെങ്കിൽ എന്നു പറഞ്ഞു കൂട്ടിയ രണ്ടുമാർക്കും തെറ്റായിരുന്നതിനാൽ കിട്ടിയ മാർക്കിൽ നിന്ന് നഷ്ടപ്പെടും എന്ന് പറഞ്ഞ ഒരു മാർക്കും കൂട്ടി മൂന്നു മാർക്ക് പോകും.
അപ്പോൾ 18 മാർക്കിന് 18/3=6 ഉത്തരങ്ങൾ തെറ്റിപ്പോയി.
ശരിയുത്തരങ്ങളുടെ എണ്ണം, 50- 6=44.
ഇനി തിരിച്ചു ചിന്തിച്ചാലോ?
44 ശരിയുത്തരങ്ങൾക്ക് കിട്ടേണ്ട മാർക്ക് 44×2=88
പക്ഷേ ആറ് ഉത്തരങ്ങൾ തെറ്റിയത് കൊണ്ട് 88 ൽ നിന്നും ആറുമാർക്ക് കുറയും. അപ്പോൾ 88- 6= 82 മാർക്ക്.
രേഷ്മക്ക് കിട്ടിയ മാർക്കും 82 ആണല്ലോ!
Content Highlights: easy way to understand maths activities for kids