പക്ഷിലോകത്തെ ഈ തുന്നൽക്കാരനെ അറിയാമോ?

#സൂരജ് ചീക്കിലാട്ട്
തുന്നാരൻ
തുന്നാരൻ

ചെടികൾ ധാരാളമുള്ളിടത്ത് 'ച്യൂവി  ച്യൂവി' ശബ്ദമുണ്ടാക്കി ചാടിക്കളിക്കാറുള്ള കുഞ്ഞുപക്ഷിയാണ് തുന്നാരൻ. 
'ഓർത്തോട്ടോമസ് സുട്ടോറിയസ്' എന്നാണ്  തുന്നാരന്റെ ശാസ്ത്രീയനാമം. അങ്ങാടിക്കുരുവിയെക്കാൾ ചെറിയ ഈ പക്ഷിയുടെ നിറം മഞ്ഞകലർന്ന ഇളംപച്ചയാണ്. നെറ്റിയിലും മൂർധാവിലും ഇളംചുവപ്പ് നിറമുണ്ടാകും. മുഖത്തും താടിയുടെ അടിഭാഗത്തും വെള്ളനിറവും കാണാറുണ്ട്. വാൽ മിക്കസമയത്തും മുകളിലേക്ക് ചൂണ്ടിപ്പിടിച്ചിരിക്കുന്നതാണ് തുന്നാരന്റെ ഒരു പ്രത്യേകത. ഇവയുടെ വാലുകൾ ശരീരത്തിന്റെ അത്രയുംതന്നെ നീളമുള്ളതാണ്. വാലിന്റെ ആകൃതിയിലും നീളത്തിലുമുള്ള വ്യത്യാസമാണ് ആൺ പെൺ തുന്നാരന്മാരെ തിരിച്ചറിയാൻ സഹായിക്കുന്നത്. ചെറിയ ചെടികളിൽ ഒരു ചില്ലയിൽനിന്ന് മറ്റൊന്നിലേക്ക് ചാടിയും നുഴഞ്ഞുമാണ് ഇരപിടിക്കാറുള്ളത്. ചെറുപ്രാണികളാണ് ഇഷ്ടഭക്ഷണം. 

പലതരം ശബ്ദങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട് തുന്നാരന്. മിക്ക ശബ്ദങ്ങളും ഉച്ചത്തിൽ തുടരെത്തുടരെ കുറെനേരത്തേക്ക് കേൾക്കും. ഇവയിൽ പ്രധാനപ്പെട്ടത് 'റ്റൂയി റ്റൂയി' എന്നും 'പിറ്റി പിറ്റി' എന്നും 'വിച്ചു വിച്ചു' എന്നും തുടരെത്തുടരെ കേൾക്കുന്നതാണ്. അന്യർ കൂടിനടുത്ത് വരുന്നതുകണ്ടാൽ 'ചിറ്റ് ചിറ്റ്' എന്നിങ്ങനെ തുടർച്ചയായി ഉരുവിടാറുണ്ട്.

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും തുന്നാരന്മാർ നിസ്സാരക്കാരല്ല. ഇലകൾ തുന്നിച്ചേർത്ത് ഒരു സഞ്ചിരൂപത്തിലാക്കി, അതിനകത്താണ് ഇവ കൂടുണ്ടാക്കുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള പക്ഷികളിൽ ഇങ്ങനെ കൂടുതുന്നുന്ന വേറെ  പക്ഷികളില്ല. ഇതാണ് തുന്നാരൻ എന്ന പേര് വരാനും കാരണം. ഇവ കൂടുണ്ടാക്കുന്ന കാഴ്ച രസവും കൗതുകവും നിറഞ്ഞതാണ്. മൂന്ന് ഇലകളെ ചകിരിനാരും ചിലന്തിവലയും ഉപയോഗിച്ച് തുന്നി അടിഭാഗം ഒരു സഞ്ചിരൂപത്തിലാക്കുകയാണ് ആദ്യം ചെയ്യുക. പരുത്തിയും ചകിരിനാരുമെല്ലാം ശേഖരിക്കുന്നതിലും ഇവർ മിടുക്കരാണ്. ഇലകളിൽ ഏറ്റവും മുകളിലത്തെത് താഴേക്ക് മടക്കി ഒരു കുടപോലെ നിർത്തുന്നു. മറ്റ് ഇലകൾ പുറത്തേക്കുതള്ളിയാൽ കൂടിന്റെ വലുപ്പവും കൂട്ടാം. 
ഇനിയാണ് നെയ്ത്ത് തുടങ്ങുന്നത്. പക്ഷി കൊക്കുകൊണ്ട് ഇലയിൽ ദ്വാരമുണ്ടാക്കി കൂട്ടിനുള്ളിൽ നിറച്ച പഞ്ഞി പുറത്തേക്കുവലിച്ച് ഇലകളെ കൂട്ടിയോജിപ്പിക്കുന്നു. ഇലകളെ യോജിപ്പിക്കാൻ ചിലന്തിവലയും നാരുമാണ് ഉപയോഗിക്കുന്നത്. കൂടും ഇലയും യോജിപ്പിക്കാൻ പഞ്ഞിയും. പെൺ തുന്നാരനാണ് കൂടൊരുക്കുന്നതിൽ മുൻപിലെങ്കിലും സഹായങ്ങൾ ഉറപ്പാക്കി ആൺ തുന്നാരന്മാരും കൂടെയുണ്ടാകും.
 
പുള്ളിയുടുപ്പിട്ട രസികൻ മുട്ടകൾ!

ചുവപ്പുനിറത്തിൽ ചെറുപുള്ളികളാൽ അലങ്കരിക്കപ്പെട്ടതാണ് തുന്നാരന്റെ മുട്ട. നാലുദിവസംകൊണ്ട് നാലുമുട്ടകൾ ഇട്ടതിനുശേഷമാണ് ഇവ അടയിരിക്കാൻ തുടങ്ങുന്നത്. മുട്ട വിരിഞ്ഞ് മൂന്നുദിവസം കഴിഞ്ഞാൽ ചെറുപുഴുക്കൾ, എട്ടുകാലികൾ എന്നിവയെ മുതിർന്ന പക്ഷികൾ കുഞ്ഞുങ്ങൾക്കായി കൊണ്ടുനൽകുന്നു. 

Content Highlights: interesting facts about common tailor bird