നമ്മുടെ ശരീരത്തിൽ ജീവിക്കുന്ന ബാക്ടീരിയകളെക്കുറിച്ചറിയാമോ? കാണാമറയത്തെ കുഞ്ഞന്മാരെ മനസ്സിലാക്കാം

പാലിനെ കട്ടിത്തൈരാക്കുന്നത് കാണാമറയത്തെ ഇത്തിരിക്കുഞ്ഞന്മാരാണെന്ന് അറിയാമോ? നമ്മുടെ ശരീരത്തിലും നമുക്ക് ചുറ്റുമുള്ളതുമായ സൂക്ഷ്മജീവികളിൽ ഉപകാരികളും ഉപദ്രവകാരികളും ഉണ്ട്. അവയെക്കുറിച്ച് കൂടുതലറിയാം.
നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടികൊള്ളുന്ന കോടാനുകോടി സൂക്ഷ്മജീവികളുടെ ധർമം എന്താണ്? രോഗകാരികളായ സൂക്ഷ്മജീവികളെ പ്രതിരോധിക്കുക, ആഹാരം ദഹിപ്പിക്കുക, അണുബാധ തടയുക, അത്യാവശ്യമായ വിറ്റാമിനുകൾ ഉത്പാദിപ്പിക്കുക, നാരുകൾ വിഘടിപ്പിക്കുക തുടങ്ങി എന്തെല്ലാം കാര്യങ്ങളാണ് അവ ചെയ്യുന്നത് എന്ന് അറിയാമോ?
പരിപാലിക്കാം ചർമം
നമ്മുടെ സാധാരണ പ്രശ്നങ്ങളിലൊന്നാണ് ശരീരത്തിന്റെ ഗന്ധം (odour). വിയർപ്പുനാറ്റം എന്നാണ് നമ്മൾ പറയുന്നത്. അമിതമായ വിയർപ്പുകൊണ്ടാണെന്ന് കുറ്റപ്പെടുത്തുമെങ്കിലും ഇതിനുള്ള മുഖ്യകാരണം ബാക്ടീരിയകളാണ്. ശാരീരിക, മാനസിക സമ്മർദങ്ങൾ കാരണം ശരീരം ചൂടാവുമ്പോൾ ശരീരത്തെ തണുപ്പിക്കാൻ അപ്പോക്രൈൻ (Apocrine) ഗ്രന്ഥികൾ വിയർപ്പ് അധികമായി ഉണ്ടാക്കുന്നു. വിയർപ്പിലടങ്ങിയ സിയാലോമുസിൻ എന്ന ഗ്ലൈക്കൊപ്രോട്ടീൻ, സ്റ്റഫൈലോകോക്കസ് എപിഡർമിഡിസ് (Staphylococcus epidermidis) ബാക്ടീരിയകൾ ആഹാരമാക്കുകയും വിയർപ്പിനെ ആസിഡുകളാക്കി മാറ്റുകയും ചെയ്യുന്നു. ഈ ആസിഡാണ് ദുർഗന്ധത്തിന് കാരണം.
കുടലിന്റെ കാര്യം
കുടലിലാണ് ഏറ്റവും അധികം ബാക്ടീരിയകളുള്ളത്. കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് അന്നനാളത്തിലും കുടലിലുമായി വസിക്കുന്നത്. ശരീരത്തിലെ ആകെ കോശങ്ങളുടെ പത്തിരട്ടി വരും ഇത്. ഇവ ഭക്ഷണം ദഹിപ്പിക്കുക എന്ന സുപ്രധാന ജോലി ചെയ്യുന്നു. ഇവ ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല. ഏറ്റവും കൂടുതൽ കണ്ടുവരുന്നത് കാർബോഹൈഡ്രേറ്റ് വിഘടിപ്പിക്കുന്ന ഫെർമികൂട്ടസ് (Firmicutes) എന്ന ബാക്ടീരിയകളും നാരുകളെ ദഹിപ്പിക്കാൻ സഹായിക്കുന്ന ബാക്ടീരിയോഡീറ്റസ് (Bacteroidetes) എന്ന വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളുമാണ്. ഇവ രണ്ടും ചേർന്നാണ് കുടലിലെ സൂക്ഷ്മാണുക്കളുടെ 90 ശതമാനത്തോളം വരുന്നത്.
കണ്ണിലും ബാക്ടീരിയ
കണ്ണിലും ബാക്ടീരിയകളുണ്ട്. കണ്ണിലെ ബാക്ടീരിയകൾ സ്വാഭാവികമായി കൺപോളകളിലും ഉപരിതലത്തിലുമാണ് ജീവിക്കുന്നത്. എന്നാൽ, അവ പെരുകുന്നത് നേത്ര അണുബാധകൾക്ക് കാരണമാകും. കണ്ണിന്റെ ഉപരിതലത്തിൽ, പ്രത്യേകിച്ച് കൺപോളകളുടെ അരികുകളിൽ വസിക്കുന്ന സൂക്ഷ്മാണുക്കളുടെ ശേഖരത്തെയാണ് ഒക്കുലാർ മൈക്രോബയോം എന്ന് സൂചിപ്പിക്കുന്നത്. ഇവിടെ കാണപ്പെടുന്ന ബാക്ടീരിയകൾ പൊതുവേ രോഗകാരികളല്ല. സ്റ്റഫൈലോകോക്കസ്, സ്‌ട്രെപ്‌റ്റോകോക്കസ്, ഹീമോഫിലസ് എന്നിവയാണ് സാധാരണ സ്പീഷീസുകൾ. അവ കണ്ണിന്റെ സ്വാഭാവിക പ്രതിരോധ ശൃംഖലയുടെ ഭാഗമാണ്.
വായ്‌നാറ്റത്തിന് കാരണം
വായിൽ എഴുനൂറിലധികം വ്യത്യസ്തതരം ബാക്ടീരിയകളുണ്ട്. അവ പല്ലുകൾ, മോണ, നാവ് എന്നിവയിൽ പറ്റിപ്പിടിച്ച് വസിക്കുന്നു. മിക്കവയും ശരീരത്തിന് ദോഷകരമല്ലാത്തവയുമാണ്. എന്നാൽ, വായ്ക്കുള്ളിലെ ശുചിത്വത്തിലെ തകരാറ് ഈ സൂക്ഷ്മജീവികൾ വളരെപ്പെട്ടെന്ന് പെരുകി പലവിധ രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടൻസ് (Streptococcus mutans) എന്ന ബാക്ടീരിയ പല്ലിലെ ഇനാമലിനെ നശിപ്പിക്കുന്നു. വായ്‌നാറ്റത്തിന് കാരണം ഫുസോ ബാക്ടീരിയയാണ് (Fusobacterium). നാം ഭക്ഷണം കഴിക്കുമ്പോൾ ബാക്ടീരിയകൾക്കും സുഭിക്ഷമായി ഭക്ഷണം ലഭിക്കുന്നു. വായിലെ ഈർപ്പവും അനുകൂല ഊഷ്മാവും ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായകമാണ്. പല്ലിന്റെ ഇടയിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ബാക്ടീരിയകൾ ഭക്ഷിച്ച് ഡൈ മീതൈൽ സൾഫൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ ഉണ്ടാവുന്നു. ബാഷ്പശീലമുള്ള ഈ സൾഫർ സംയുക്തങ്ങളാണ് വായ്‌നാറ്റത്തിന് കാരണം.
Content Highlights: Explains the role of bacteria in digestion, immunity, and vitamin production.