മെഴുകുതിരി കെടുത്താൻ ഒരു വഴി; ഊതാതെയും വീശാതെയും കത്തിച്ചുവെച്ച മെഴുകുതിരി എങ്ങിനെ അണയ്ക്കാം?

#സുമേഷ് തോട്ടത്തില്‍

രു ചിരട്ടയിൽ ചെറിയൊരു കഷണം മെഴുകുതിരി കത്തിച്ചുവെച്ചിട്ടുണ്ട്. ഗൗതം. അവന്റെ ഇരിപ്പുകണ്ട് പാറു അങ്ങോട്ടുചെന്നു.

''എന്തുപറ്റി സാറേ, ഒരു ആലോചന.'' അവൾ ചോദിച്ചു.

''പാറുക്കുട്ടീ, ഊതുകയോ വീശുകയോ ചെയ്യാതെ ഈ മെഴുകുതിരി അണയ്ക്കാൻ കഴിയുമോ?'' ഗൗതം ചോദിച്ചു.

''എളുപ്പമല്ലേ, ഒരു പാത്രംകൊണ്ട് മൂടിവെച്ചാൽ പോരേ?'' പാറുവിന്റെ പെട്ടെന്നുള്ള ഉത്തരം.

''അതുപാടില്ല.'' ഗൗതമിന് പറ്റിയ അമളി മനസ്സിലായി.

''ചോദ്യം മാറ്റിയിരിക്കുന്നു. ഊതാതെ, വീശാതെ, പാത്രംകൊണ്ട് മൂടിവയ്ക്കാതെ, വെള്ളം ഒഴിക്കാതെ ഈ കത്തുന്ന മെഴുകുതിരി കെടുത്താമോ?'' ഗൗതം ചോദിച്ചു.

പാറു ഒരുമിനിറ്റ് ആലോചിച്ചു.

''ഞാൻ ഇപ്പോൾ വരാം.''

അടുക്കളയിൽനിന്ന് മടങ്ങിവന്ന പാറുവിന്റെ കൈയിൽ ഒരു കുപ്പിയിൽ എന്തോ ദ്രാവകവും വെളുത്ത പൊടിയുമുണ്ടായിരുന്നു.

കടലാസിലെ വെളുത്ത പൊടി മുഴുവൻ അവൾ ചിരട്ടയിലെ മെഴുകുതിരിക്ക് ചുറ്റും വിതറി. അതിലേക്ക് കുപ്പിയിലെ ദ്രാവകം കുറച്ച് ഒഴിച്ചു. അപ്പോൾ പൊടിയിൽനിന്ന് ഒരുപാട് കുമിളകൾ രൂപപ്പെട്ടു. മെഴുകുതിരിനാളം പെട്ടെന്ന് കെട്ടു.

''ഇപ്പോൾ ഊതാതെ, വീശാതെ, മൂടിവയ്ക്കാതെ മെഴുകുതിരി അണഞ്ഞില്ലേ?'' പാറു ചോദിച്ചു.

''അമ്പടി മിടുക്കീ. ഇതിന്റെ പിന്നിലെ സയൻസ് നീതന്നെ പറയൂ.'' ഗൗതം അവളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

''ഈ മെഴുകുതിരിക്കുചുറ്റും ഞാനിട്ടത് അപ്പക്കാരമാണ്. സോഡിയം ബൈകാർബണേറ്റ്. അതിലേക്ക് ഒഴിച്ചത് വിനാഗിരിയും. അപ്പക്കാരവും വിനാഗിരിയും ചേർന്നാൽ കാർബൺഡയോക്സൈഡ് ഉണ്ടാകും.ആ കാർബൺഡയോക്സൈഡാണ് മെഴുകുതിരി കെടുത്തിയത്.

പാറുവിന്റെ ഉത്തരം കേട്ട് ഗൗതം കൈയടിച്ചു.

''ഞാൻ ഏട്ടന്റെ അനിയത്തി അല്ലേ'', അവൾ ഗൗതമിനോട് ചേർന്നുനിന്നു.

Content Highlights: Demonstrates a simple chemical reaction using common household items