മുതലയുടെ കണ്ണീർ വെറും മുതലക്കണ്ണീരല്ല! കുറച്ച് മുതലവിശേഷങ്ങൾ വായിക്കാം

അത്തിമരത്തിന്റെ കൊമ്പിൽ ഹൃദയം തൂക്കിയിട്ടുണ്ടെന്ന് കുരങ്ങൻ പറഞ്ഞപ്പോൾ, വിശ്വസിച്ച ഒരാളുണ്ടല്ലോ, ആരായിരുന്നു അത്?
നീണ്ടുകൂർത്ത പല്ലും മരത്തടിപോലെയുള്ള ശരീരവുമുള്ള മുതലകളെപ്പറ്റിയാണ് പറഞ്ഞുവരുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ.
മുതലകൾ ചില്ലറക്കാരല്ല കേട്ടോ. 25 കോടി വർഷങ്ങൾക്കുമുൻപാണത്രേ, ഭൂമിയിൽ ആദ്യത്തെ മുതലയുണ്ടായത്. അതായത്, ദിനോസറുകളുണ്ടായ സമയത്തുതന്നെ!
മുതലകൾ കണ്ണീരൊഴുക്കാറുണ്ട്. അതിനൊരു കാരണവുമുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ, ഇവ വളരെയധികം വായുവും കൂടെ അകത്താക്കുന്നുണ്ട്. ഇത് ലാക്രിമൽ ഗ്രന്ഥികളിൽത്തട്ടി തുടർച്ചയായി മർദംചെലുത്തുന്നു. കണ്ണീരുത്പാദിപ്പിക്കുന്ന ഈ ഗ്രന്ഥികൾ പിന്നെ ചുമ്മാതിരിക്കുമോ? അവരങ്ങ് നോൺസ്റ്റോപ്പായി കണ്ണീരുത്പാദിപ്പിക്കാൻ തുടങ്ങും. അതാണ് പാവം മുതലകളുടെ കരച്ചിലിന് പിന്നിലെ കാര്യം!
സാൾട്ട് വാട്ടർ മുതലകളാണ് മുതലകളിലെ ഭീമൻ. 6.17 മീറ്റർവരെ അവയ്ക്ക് നീളമുണ്ടാകും. ഒരു ടണ്ണോളം ഭാരവും.
മറ്റ് ഉരഗങ്ങളെപ്പോലെ മുതലകൾക്കും ശീതരക്തമാണുള്ളത്. അതുകൊണ്ടുതന്നെ അവയുടെ ദഹനപ്രക്രിയകളും വളരെ പതുക്കെയാണ് നടക്കുന്നത്. ഒരു ഹെവി ഫുഡ് അകത്താക്കിക്കഴിഞ്ഞാൽ മുതലച്ചാർക്ക് പിന്നെ കുറെക്കാലത്തേക്ക് ഭക്ഷണം വേണ്ടിവരില്ലെന്ന് ചുരുക്കം. മാസങ്ങളോളം ഇവയ്ക്കിങ്ങനെ ജീവിക്കാൻ പറ്റും!
പലപ്പോഴും മുതലകൾ തങ്ങളുടെ ഭീകരൻ വായയും തുറന്നിരിക്കുന്നത് കാണാറില്ലേ? ഇരകളെ നോക്കിയാണ് ഈയിരിപ്പെന്ന് കരുതിയെങ്കിൽ, തെറ്റി! അവയുടെ ശരീരം തണുപ്പിക്കാനുള്ള ഒരു വിദ്യയാണിത്. ചൂടകറ്റാൻ വിയർപ്പുണ്ടാക്കുന്ന വിയർപ്പുഗ്രന്ഥികൾ മുതലകൾക്കില്ല!
Content Highlights: Crocodiles have existed for 250 million years, dating back to the dinosaur era., The phenomenon of 'crocodile tears' is a biological response to air pressure on lacrimal glands while eating