പ്രകൃതിയെ പരിപാലിച്ചവർ: ലോകപരിസ്ഥിതി ദിനത്തിൽ അവരെ മറക്കാതിരിക്കാം

#സി.ആര്‍.രവി

          പ്രകൃതിയിൽ നിന്ന് പ്രചോദനം
          കാലാവസ്ഥയ്ക്കായ് കരുതൽ
          ഭാവിയ്ക്കായ് പ്രവർത്തനം

വംഗാരി മാതായ്: സമാധാനത്തിനുള്ള നൊബേൽ ജേതാവ് കൂടിയായ വംഗാരി മാതായ് മനുഷ്യാവകാശ പ്രവർത്തകയും പരിസ്ഥിതി സ്‌നേഹിയുമായിരുന്നു. ഗ്രീൻ ബെൽറ്റ് എന്ന വനവത്കരണ പ്രസ്ഥാനത്തിലൂടെ ശ്രദ്ധേയയായ ഇവർ 2003-ൽ കെനിയയിലെ പരിസ്ഥിതി-പ്രകൃതിവിഭവ വകുപ്പിന്റെ സഹമന്ത്രിയുമായിരുന്നു. ഇടക്കാലത്ത് അമേരിക്കയിലെ യേൽ സർവകലാശാലയിൽ അധ്യാപികയുമായിരുന്നു.

മസനോബു ഫുക്കുവോക്ക: മണ്ണിന്റെ സ്വാഭാവിക അവസ്ഥ നിലനിർത്തി ജൈവകൃഷിക്ക് പ്രചാരം നൽകിയ ജപ്പാൻ ജൈവ കാർഷിക ശാസ്ത്രജ്ഞനായിരുന്നു മസനോബു ഫുക്കുവോക്ക. പ്രകൃതി കൃഷിയെ കുറിച്ച് ഇദ്ദേഹമെഴുതിയ ഒറ്റവൈക്കോൽ വിപ്ലവം എന്ന കൃതി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

സുന്ദർലാൽ ബഹുഗുണ: ചിപ്‌കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സുന്ദർലാൽ ബഹുഗുണയെ ഇന്ത്യൻ വനങ്ങളുടെ സംരക്ഷകൻ എന്ന് വിശേഷിപ്പിക്കാം. 'ഹിമാലയ സംരക്ഷകൻ' - എന്നും വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഗാന്ധിയൻ ജീവിത-സമര രീതികളിലൂടെയും ശ്രദ്ധേയനായി. മുറിക്കാനായുന്ന മരത്തെ കെട്ടിപ്പിടിച്ച് സമരം ചെയ്യുന്ന രീതിയായിരുന്നു ചിപ്‌കോയുടെ പ്രത്യേകത.

അനിൽ അഗർവാൾ: പാരിസ്ഥിതിക ലേഖനങ്ങളിലൂടെ സാമൂഹിക വിഷയങ്ങൾ ജനങ്ങളിലേക്കെത്തിച്ച പത്രപ്രവർത്തകനും പ്രകൃതി സ്‌നേഹിയുമാണ് അനിൽ അഗർവാൾ. ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരമടക്കം ലഭിച്ച അഗർവാളിന്റെ പ്രശസ്തമായ പരിസ്ഥിതി മാസികയായിരുന്നു Down to Earth.

ബാബാ ആംതെ: ഗാന്ധിയൻ, സാമൂഹിക - പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ബാബാ ആംതെ എന്നറിയപ്പെടുന്ന മുരളീധർ ദേവിദാസ് ആംതെ. ഗാന്ധിജി, വിനോബാഭാവെ എന്നിവർക്കൊപ്പം ക്വിറ്റിന്ത്യാ സമരത്തിൽ ആംതെയും പങ്കെടുത്തിട്ടുണ്ട്. അണക്കെട്ടിനായി നർമ്മദാനദിതീരത്തെ കുടിയൊഴിപ്പിക്കലിനെതിരെ നർമ്മദാബചാവോ ആന്ദോളനൊപ്പവും അദ്ദേഹം അവിടെ താമസിച്ച് സമരം ചെയ്തു

വന്ദനശിവ: എഴുത്തുകാരി, തത്വചിന്തക, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വന്ദനശിവയുടെ മാതാപിതാക്കളും പ്രകൃതിസ്‌നേഹികളായിരുന്നു. ഇന്ത്യയിലെ മാത്രമല്ല, അയർലന്റ്, ഓസ്ട്രിയ അടക്കമുള്ള പലവിദേശരാജ്യങ്ങളിലെയും പരിസ്ഥിതി വിഷയങ്ങൾക്ക് ഇവർ മാർഗ്ഗനിർദ്ദേശകയായി. ജൈവകൃഷി കൂട്ടായ്മയായ 'നവധാന്യ'യുടെ സംഘാടകയാണ് വന്ദനശിവ.

മേധാപട്കർ: സാമൂഹിക മുന്നേറ്റം, അസമത്വം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടയിൽ അത് മുഴുമിപ്പിക്കാതെ മുഴുവൻ സമയ സാമൂഹിക-പാരിസ്ഥിതിക പ്രവർത്തകയായി ശ്രദ്ധേയയായ മേധാപട്കർ ജനിച്ചത് മുംബൈയിലാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമെല്ലാം അണക്കെട്ട് പദ്ധതിക്കെതിരെ ഇവർ നടത്തിയ ജലസമാധിക്കൊരുങ്ങിയുള്ള സമരമുറ ഏറെ ശ്രദ്ധേയമായിരുന്നു.

മഹേഷ് ചന്ദർ മേഹ്ത: മികച്ച ന്യായാധിപൻ മാത്രമല്ല, പരിസ്ഥിതിവിഷയങ്ങൾ പഠിച്ച് അവയുടെ സംരക്ഷണത്തിനായി പോരാടുകയും ചെയ്യുന്നു. താജ്മഹലിനുവേണ്ടിയും ഗംഗാമാലിനീകരണത്തിനെതിരെയും അദ്ദേഹം കോടതിയിൽ വാദങ്ങളുയർത്തി ഉത്തരവുകൾ നേടിയിട്ടുണ്ട്. ജമ്മുകാശ്മീർ സ്വദേശിയായ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയാവുമ്പോൾ നിരവധി പാരിസ്ഥിതിക വിഷയങ്ങളിലും ഇടപെടുകയുണ്ടായി.

സുഗതകുമാരി: അധ്യാപികയും കവയിത്രിയുമായിരുന്ന സുഗതകുമാരി, പാരിസ്ഥിതിക വിഷയങ്ങളിൽ നടത്തിയ പല സമരങ്ങളും നമുക്ക് മറക്കാനാവില്ല. സൈലന്റ് വാലിപ്രക്ഷോഭത്തിൽ മുന്നണിയിൽ പ്രവർത്തിച്ച ഇവർ നിരവധി സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അമരത്തും പ്രവർത്തിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായും ഇരുന്നിട്ടുണ്ട്.

Content Highlights: Overview of global and Indian environmental crusaders