നമ്മുടെ ഇടയിൽ പറഞ്ഞും കേട്ടും പതിഞ്ഞുപോയ ചില വിശ്വാസങ്ങളുണ്ട്. ഇതൊക്കെ ശരിക്കും ഉള്ളതാണോ?

  • പാലും പാലുത്പന്നങ്ങളും കഫം കൂട്ടും എന്നൊരു പറച്ചിലുണ്ട്. ജലദോഷമോ പനിയോ ഒക്കെ വരുമ്പോൾ സ്ഥിരം കേൾക്കുന്നതാണിത്. എന്നാൽ അങ്ങനെയൊന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ലാക്ടോ അലർജി എന്ന അസുഖം ഉള്ളവർക്ക് പാലുത്പന്നങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.
  • മണ്ണിരകളെ രണ്ടായി മുറിച്ചാൽ രണ്ടുഭാഗവും വേറെ മണ്ണിരകളായി വളരുമെന്നാണ് ഒരു കേട്ടുകേൾവി. എന്നാൽ ചിലയിനം മണ്ണിരകൾക്ക് മാത്രമാണ് ഈ കഴിവുള്ളത്. മറ്റ് മണ്ണിരകളെ രണ്ടായി മുറിച്ചാൽ വായഭാഗത്ത് ജീവൻ നിലനിൽക്കുകയും മറ്റേ ഭാഗം ജീവനില്ലാതാവുകയും ചെയ്യും!
  • കൈവിരലുകളിൽ ഞൊട്ടയിടുന്നത് എല്ലുകൾ പെട്ടെന്ന് പൊടിയുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന് കാരണമാകും എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ഇതിലും വലിയ കഥയൊന്നുമില്ല. ചെറിയ വ്യായാമംപോലെ ചെയ്ത് വേദന വരുമ്പോൾ നിർത്തിയാൽ മതിയെന്ന് ചുരുക്കം.
  • കൂട്ടിൽനിന്ന് താഴെ വീണതോ അപകടം പറ്റിയതോ ആയ കുഞ്ഞിപ്പക്ഷിയെ നമ്മൾ തൊട്ടാലോ എടുത്താലോ അമ്മപ്പക്ഷി പിന്നെ തൊടില്ല എന്നൊരു വിശ്വാസമുണ്ട്. എന്നാൽ ഇതൊക്കെ ചുമ്മാ പറയുന്നതാണത്രേ. അമ്മപ്പക്ഷിക്ക് ഇതൊന്നും വലിയ കാര്യമല്ല!
  • കാളകൾ ചുവപ്പുനിറം കണ്ടാൽ അക്രമകാരികളാവും എന്നാണല്ലോ വെപ്പ്. കാളപ്പോരിലും മറ്റും ചുവപ്പുതുണി കാണുമ്പോൾ പാഞ്ഞടുക്കുന്ന കാളയെ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ കാളകൾ യഥാർഥത്തിൽ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്തവരാണ്. മഞ്ഞ, വയലറ്റ്, നീല തുടങ്ങിയ നിറങ്ങളേ അല്പമെങ്കിലും അവയ്ക്ക് മനസ്സിലാവൂ. ചുവപ്പുതുണിയല്ല കാളയെ പ്രകോപിപ്പിക്കുന്നത്, മറിച്ച് അതിന്റെ ചലനങ്ങളാണ്. കാളപ്പോരിൽ ചുവപ്പുതുണിയുടെ ഈ ചലനമാണ് ഉപയോഗിക്കുന്നത്.
  • സ്രാവുകൾക്ക് കാൻസർ വരില്ലെന്ന് പറയാറുണ്ട്. ഇതും വിശ്വസിച്ച് സ്രാവുകളുടെ ശരീരത്തിൽനിന്ന് ഉണ്ടാക്കിയെടുക്കുന്ന പലതും മരുന്നായി ഉപയോഗിക്കുന്നു. എന്നാൽ യഥാർഥത്തിൽ സ്രാവുകൾക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള ഒരു കഴിവുമില്ല.
  • ഒരാൾ മരിച്ചുകഴിഞ്ഞാലും മുടിയും നഖവും വളരുമെന്നത് ശരിയല്ല. മറിച്ച് മുടിയുടെയും നഖങ്ങളുടെയും അടിയിലെ ചർമപാളി ചുരുങ്ങുകയും ഒറ്റനോട്ടത്തിൽ നഖത്തിനും മുടിക്കും വളർച്ച തോന്നിക്കുകയുമാണ് ചെയ്യുന്നത്.
  • ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം എത്ര കൂടുതൽ കുടിക്കുന്നുവോ അത്രയും നല്ലത് എന്നൊക്കെ പലയിടത്തുനിന്നുമായി നമ്മൾ വായിക്കുകയോ കേൾക്കുകയോ ചെയ്തിരിക്കാം. എന്നാൽ കണക്കുവെച്ച് വെള്ളം കുടിക്കേണ്ടതില്ല എന്നാണ് കണ്ടെത്തൽ. ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ചുവേണം വെള്ളം കുടിക്കാൻ. കൂടുതലോ കുറവോ അല്ല വേണ്ടത്, ഓരോരുത്തരുടെയും ശരീരത്തിന് വേണ്ടത് എന്ന് ചുരുക്കം. കഴിക്കുന്ന ഭക്ഷണപദാർഥങ്ങളിലെ ജലാംശവും ഈ കണക്കിൽപ്പെടും കേട്ടോ.

Content Highlights: Milk does not increase phlegm unless you have a lactose allergy