അവധിക്കാലം കളികളിൽ മാത്രം ഒതുക്കാതെ കുറച്ച് സിനിമകൾ കൂടി കണ്ടാലോ?

കുട്ടികൾക്ക് കണ്ടുരസിക്കാനായി കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചില സിനിമകൾ പരിചയപ്പെടാം
ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ
ആദ്യംതന്നെ ഒരു അനിമേഷൻ ചിത്രം പരിചയപ്പെടാം. വൈക്കിങ്ങുകളും ഡ്രാഗണുകളും തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ട ശത്രുതയുടെ കഥയാണ് 'ബെർക്ക്' എന്ന ദ്വീപിൽ അരങ്ങേറുന്നത്. ഡ്രാഗണുകളെ വേട്ടയാടുന്നതാണ് തങ്ങളുടെ ജീവിതമെന്ന് വിശ്വസിക്കുന്ന വൈക്കിങ്ങുകൾക്കിടയിൽ, ഹിക്കപ്പ് എന്ന ചെറുപ്പക്കാരൻ ഒരു മാറ്റത്തിനായി കൊതിക്കുന്നു. ടൂത്ത്‌ലെസ് എന്ന അപൂർവ ഡ്രാഗണുമായി ഹിക്കപ്പ് സൗഹൃദത്തിലാകുന്നതോടെ എല്ലാം മാറിമറിയുന്നു. ഡ്രാഗണുകൾ ഭീകരജീവികളല്ലെന്നും, അവയെ മെരുക്കിയെടുക്കാൻ സ്നേഹവും കരുണയും മതിയെന്നും അവൻ ലോകത്തെ കാണിച്ചുകൊടുക്കുന്നു.
വൈക്കിങ്ങുകളുടെയും ഡ്രാഗണുകളുടെയും ലോകത്തേക്ക് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവും. (ധൈര്യം, സൗഹൃദം, സഹാനുഭൂതി എന്നിവയെക്കുറിച്ച് കുട്ടികളെ ഓർമ്മിപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് 'ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ')
പാഡിങ്ടൺ ഇൻ പെറു
തന്റെ ജന്മനാടായ പെറുവിലേക്ക് പാഡിങ്ടൺ മടങ്ങുകയാണ്. പ്രിയപ്പെട്ട ലൂസിയാന്റിയെ സന്ദർശിക്കുക എന്നതാണ് അവന്റെ ലക്ഷ്യം. പെറുവിലെ 'ഹോം ഫോർ റിട്ടയേഡ് ബിയേഴ്സി'ൽ എത്തിച്ചേരുന്ന പാഡിങ്ടണിനെയും അവനെ പിന്തുടരുന്ന ബ്രൗൺ കുടുംബത്തെയും കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ ചില രഹസ്യങ്ങളാണ്. ആമസോൺ കാടുകളുടെ ആഴങ്ങളിലേക്ക് നീളുന്ന ആവേശകരമായ ഒരു സാഹസികയാത്രയാണിത്. സ്വന്തം വേരുകൾ തേടിയുള്ള ഈ യാത്രയിൽ പാഡിങ്ടൺ എന്ത് കണ്ടെത്തുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.
ആമസോൺ കാടുകളുടെയും അവിടത്തെ മനോഹരമായ കാഴ്ചകളുടെയും ദൃശ്യങ്ങൾ സിനിമയ്ക്ക് ഭംഗി കൂട്ടുന്നു. പാഡിങ്ടണിന്റെ നിഷ്‌കളങ്കമായ കുസൃതികളും അവൻ നേരിടുന്ന പ്രതിസന്ധികളും ഒരുപോലെ ചിരിയും ആവേശവും നൽകും.
ലോകമെമ്പാടുമുള്ള കൊച്ചുകുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കഥാപാത്രമാണ് പാഡിങ്ടൺ എന്ന കരടി. പാഡിങ്ടൺ സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്.
സൂട്ടോപ്പിയ 2
2016-ൽ ലോകമെമ്പാടുമുള്ള കുട്ടികളുടെ മനംകവർന്ന 'സൂട്ടോപ്പിയ' എന്ന ആനിമേഷൻ ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്. സൂട്ടോപ്പിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ജൂഡി ഹോപ്‌സ് എന്ന മുയലും കൗണ്ടറുകളുമായി നിക്ക് വൈൽഡ് എന്ന കുറുക്കനും തങ്ങളുടെ സ്വപ്നനഗരത്തിലേക്ക് വീണ്ടുമെത്തുമ്പോൾ, അത് മറ്റൊരു ത്രില്ലിങ് അനുഭവം സമ്മാനിക്കും. ഇത്തവണ സൂട്ടോപ്പിയ നഗരം വലിയ അസ്വസ്ഥതകളിലൂടെയാണ് കടന്നുപോകുന്നത്. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ നഗരത്തിൽ പ്രശ്നങ്ങൾ വിതയ്ക്കുന്ന ഒരു ജീവിയെ കണ്ടെത്താനാണ് ജൂഡിയും നിക്കും ശ്രമിക്കുന്നത്.
ഹോപ്പേഴ്‌സ്
മൃഗങ്ങളെയും പ്രകൃതിയെയും വളരെയധികം സ്നേഹിക്കുന്ന മേബൽ എന്ന പെൺകുട്ടിയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. സാങ്കേതികവിദ്യയുടെ സഹായത്തോടെ, മേബൽ ഒരു റോബോട്ടിക് ബീവറായി മാറുന്നു. പ്രകൃതിയിലെ ജീവികളുടെ ജീവിതരീതികൾ നേരിട്ട് മനസ്സിലാക്കാനും അവയുടെ ലോകത്തെ കാര്യങ്ങൾ അനുഭവിക്കാനും മേബൽ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
മേബലിന്റെ യാത്രയിലുണ്ടാകുന്ന രസകരമായ സംഭവങ്ങൾ തുടക്കം മുതൽ അവസാനംവരെ ത്രില്ലടിപ്പിക്കും. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ആസ്വദിക്കാം.
എലിയോ
കഥയിലെ നായകൻ എലിയോ സൊളിസ് എന്ന ഒരു കൊച്ചു മിടുക്കനാണ്. എപ്പോഴും ഭാവനാലോകത്ത് ജീവിക്കുന്ന എലിയോ, അപ്രതീക്ഷിതമായി ബഹിരാകാശത്തുള്ള അന്യഗ്രഹജീവികളുടെ ഒരു കൂട്ടായ്മയായ 'കമ്മ്യൂണിവേഴ്സിലേക്ക്' എത്തിപ്പെടുന്നു. അവിടെവെച്ച് എല്ലാവരും എലിയോയെ തെറ്റിദ്ധരിച്ച് 'ഭൂമിയുടെ അംബാസഡർ' ആയി കാണുന്നു. ഭൂമിയിലെ മനുഷ്യരെക്കുറിച്ച് ഒട്ടും അറിവില്ലാത്ത അന്യഗ്രഹജീവികൾക്കുമുന്നിൽ, എലിയോ ഭൂമിയെക്കുറിച്ച് എന്തു പറയും?
മോഅന 2
2016-ൽ പുറത്തിറങ്ങിയ 'മോഅന' എന്ന ചിത്രത്തിന്റെ തുടർച്ചയാണിത്. ആദ്യസിനിമയിലെ സംഭവങ്ങൾക്കുശേഷം, മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് ഈ കഥ നടക്കുന്നത്. പൂർവികരിൽനിന്ന് ലഭിച്ച ഒരു സന്ദേശത്തെതുടർന്ന്, ഓഷ്യാനിയയുടെ അപകടകരമായ കടൽഭാഗങ്ങളിലേക്ക് മോഅന പുതിയൊരു യാത്ര ആരംഭിക്കുന്നു. യാത്രയിൽ പ്രിയസുഹൃത്തായ ഡെമിഗോഡ് മാവിയും മറ്റ് പുതിയ കൂട്ടാളികളും മോഅനയ്ക്കൊപ്പം ചേരുന്നു. കടലിലെ ഭീകരശക്തികളെ നേരിടാൻ അവൾക്ക് കഴിയുമോ?
Content Highlights: Curated selection of top-rated animated films for children