അത്തം എത്തി... ഇനി ഓണത്തിലേക്ക് ഇത്തിരി ദൂരം...

ഓണത്തിന്റെ വിളംബരമാണ് അത്തം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് പത്ത് നാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. ഇത്തവണ കർക്കിടകം അവസാന ദിവസമായിരുന്നു അത്തം. ഇന്ന് ഓഗസ്റ്റ് 17 ചിങ്ങം 1.

അത്തം നാളിൽ വീടുകളുടെ മുറ്റത്ത് തറയൊരുക്കി തുമ്പപ്പൂവും തുളസിയും വച്ച് ചാണകം മെഴുകി പൂക്കളമിടുന്നതോടെ നാടെങ്ങും ഓണലഹരിയിലമരും. അത്തത്തിന്റെ പ്രത്യേകതകളിൽ പ്രധാനമാണ് പൂക്കളം. അത്തം നാളിൽ ഒരൊറ്റ വട്ടത്തിൽ ലളിതമായ പൂക്കളത്തോടെയാണ് തുടക്കം. ഒന്നാം ദിവസം തുമ്പപ്പൂവും തുളസിയും മാത്രമോ ചെറിയ പൂക്കളോ ഉപയോഗിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പൂക്കളത്തിന്റെ വലിപ്പവും വട്ടങ്ങളും വർധിച്ച് തിരുവോണനാളിൽ പത്താം വട്ടത്തിൽ മഹാപൂക്കളമായി മാറും. അത്തം നാളിലാണ് വീടുകളിൽ മണ്ണു കൊണ്ടുണ്ടാക്കിയ തൃക്കാക്കരപ്പനെ (വാമനമൂർത്തിയെയും മഹാബലിയെയും സങ്കൽപ്പിച്ച്) പൂജയ്ക്കായി പ്രതിഷ്ഠിക്കുന്ന ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. അത്തം പിറക്കുന്നതോടെ കേരളത്തിലെമ്പോടും ഓണച്ചന്തകളും വ്യാപാര മേളകളും സജീവമാകും. തൃപ്പൂണിത്തുറയിൽ നടക്കുന്ന പ്രസിദ്ധമായ 'അത്തച്ചമയം' സാംസ്‌കാരിക ഘോഷയാത്ര ഓണാഘോഷങ്ങളുടെ വലിയൊരു ആകർഷണമാണ്. വർഷത്തിലൊരിക്കൽ പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാനെ വരവേൽക്കാൻ പ്രകൃതിയും മനുഷ്യരും ഒരുപോലെ ഒരുങ്ങുന്നതിന്റെ മനോഹരമായ പ്രതീകമാണ് അത്തം.

Content Highlights: Atham marks the official beginning of the 10-day Onam festival in Chingam month