മഴവില്ല് കാണാൻ എന്തു ഭംഗിയാണ്! മഴവില്ലിനെക്കുറിച്ച് ഒരു കവിത വായിച്ചാലോ

#അയ്യശ്ശേരി രവീന്ദ്രനാഥ്

ഏഴു നിറത്തിൽ ആകാശത്തൊരു
കാവടി തീർക്കും മഴവില്ലേ!
താഴെ നിലത്തെൻ പൂന്തോട്ടത്തെ
കാണാനിവിടേക്കെത്താമോ?
ഏഴ,ല്ലെഴുനൂറല്ല നിറങ്ങളിൽ
പൂവുകൾ വിടരുന്നുണ്ടിവിടെ!
പല രൂപത്തിൽ, പല വർണ്ണത്തിൽ
വിലസുന്നുണ്ടവയിവിടെല്ലാം!
പൂത്താലത്തിൽ മണവും, തേനും
സ്വീകരണത്തിനൊരുക്കീടാം!
കൂട്ടക്കാവടിയാട്ട മൊരുക്കാം
ചെറുകാറ്റിങ്ങു തലോടുമ്പോൾ!
മഴവില്ലഴകേ! വരുമോ നീയെൻ
അഴകേറുന്നൊരു പൂന്തോപ്പിൽ!

Content Highlights: Rainbow poem for kids