സ്മാർട്ട് ഫോണില്ലാതെ നമ്മുടെ കുട്ടികളെ സ്മാർട്ടാക്കിയാലോ?

എൽ.കെ.ജിക്കാരൻ ജിത്തുവിനെ ഭക്ഷണം കഴിപ്പിക്കാനും അടക്കിയിരുത്താനും ഇത്തിരി പ്രയാസമാണ്. എന്നാൽ ഫോൺ കൈയിലുണ്ടെങ്കിൽ അവൻ മടിയില്ലാതെ ഭക്ഷണം കഴിക്കും. ഒരിടത്ത് അടങ്ങിയിരിക്കുകയും ചെയ്യും. മൊബൈൽഫോണുകൾ കളിപ്പാട്ടങ്ങൾക്കു പകരക്കാരാകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
- നിരന്തരമായി ഫോൺ ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങൾക്ക് കാഴ്ചവൈകല്യവും ശ്രദ്ധക്കുറവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളെ വിളിച്ചുവരുത്തുകയാണെന്ന കാര്യം ഓർക്കുക.
- പുറത്തിറങ്ങി കളിച്ചും പുറംകാഴ്ചകൾ കണ്ടുരസിച്ചും ചെലവഴിക്കേണ്ട പ്രായം മൊബൈൽ സ്‌ക്രീനുകൾക്കു മുന്നിൽ തളച്ചിടുമ്പോൾ ആളുകളുമായി ഇടപെടാനും നല്ല ചങ്ങാത്തങ്ങൾ വളർത്തിയെടുക്കാനും മടിയുള്ളവരായി കുട്ടികൾ മാറും.
- കുട്ടിക്കാലത്തെ കളികളും ഓട്ടവും ചാട്ടവും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. സ്മാർട്ട് ഫോൺ ഗെയിമുകൾ അതിനുള്ള അവസരവും ഇല്ലാതാക്കുന്നു.
- വീട്ടിനുള്ളിലെ വിരസതയും ബോറടിയുമൊക്കെയാണ് കുഞ്ഞുങ്ങളെ സ്മാർട്ട് ഫോണുകളിലേക്ക് ആകർഷിക്കുന്ന പ്രധാനകാരണം. അച്ഛനമ്മമാർ കുഞ്ഞുങ്ങളുടെ ഇഷ്ട ചങ്ങാതിമാരാകുക. കഥകൾ പറഞ്ഞും പാട്ടുകൾപാടിയും ഒപ്പം കളിച്ചും കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ സമയം കണ്ടെത്തൂ. ആ സന്തോഷം അവരെ തീർച്ചയായും മാറ്റിയെടുക്കും.
- സാങ്കേതികവിദ്യക്ക് ഏറെ പ്രധാന്യമുള്ള ഇക്കാലത്ത് കുട്ടികളെ അതിൽനിന്നും പൂർണമായും അകറ്റിനിർത്തുന്നതും ശരിയല്ല. ആരോഗ്യകരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ഇക്കാര്യത്തിൽ പ്രധാനം.
- നല്ല വ്യക്തികളായി അവർ വളർന്നുവരാൻ ചുമരുകൾക്ക് പുറത്തുള്ള ജീവിതാനുഭവങ്ങൾ തീർച്ചയായും വേണം. ടി.വിയും മൊബൈൽഫോണുമൊന്നും അതിനു തടസ്സമാകുന്നില്ലെന്ന് അച്ഛനമ്മമാർ ഉറപ്പു വരുത്തണം.
Content Highlights: Highlights health risks like vision issues and attention deficit due to excessive screen time., Emphasizes the importance of outdoor play for physical and social development.