കുട്ടികൾ സ്റ്റഡി ടേബിൾ അലങ്കോലമാക്കിയിടുന്നുണ്ടോ? ശീലിപ്പിക്കാം ഇക്കാര്യങ്ങൾ...

അച്ചടക്കംപോലെ തന്നെ പ്രധാനമാണ് അടുക്കും ചിട്ടയും. കുട്ടിക്കാലത്തുതന്നെ അടുക്കും ചിട്ടയും ശീലമാക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
വീട്ടിനുള്ളിൽ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വലിച്ചുവാരി ഇടുന്നവരാണ് മിക്ക കുട്ടികളും. ഓരോന്നും കൃത്യമായ ഇടങ്ങളിൽ സൂക്ഷിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കാം. കുട്ടികൾ അടുക്കും ചിട്ടയും പാലിക്കുന്നുവെന്ന് തോന്നിയാൽ അവരെ അഭിനന്ദിക്കാനും മറക്കരുത്. അടുക്കും ചിട്ടയുടെയും കാര്യത്തിൽ അച്ഛനമ്മമാർ തന്നെയായിരിക്കണം കുഞ്ഞുങ്ങളുടെ മാതൃക. വീട്ടിലുള്ള മുതിർന്നവരുടെ സ്വഭാവരീതികൾ കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുമെന്ന് ഓർക്കുക. കളിയും പഠനവും പോലെതന്നെ സാധനങ്ങൾ അടുക്കിവെക്കാൻ ഓരോ ദിവസവും നിശ്ചിതസമയം കുട്ടികൾക്ക് നൽകാം.
ഓരോന്നും ഇടംതെറ്റിക്കാതെ വെക്കുന്നതിലൂടെയുള്ള സമയലാഭത്തെപ്പറ്റിയും മറ്റ് ഗുണങ്ങളെപ്പറ്റിയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. ആവശ്യമുള്ള സാധനങ്ങൾ അലക്ഷ്യമായി വലിച്ചുവാരിയിടുന്നത് അവ തിരഞ്ഞ് സമയം കളയാൻ ഇടയാക്കുമെന്നും അവരെ മനസ്സിലാക്കിക്കുക. മോൻ അല്ലെങ്കിൽ മോൾ നല്ല അടുക്കും ചിട്ടയുമുള്ള കുട്ടിയാണെന്നും എത്ര വൃത്തിയായാണ് അവൾ മുറിയും സ്റ്റഡിടേബിളുമൊക്കെ സൂക്ഷിക്കുന്നതെന്നും മറ്റുള്ളവരുടെ മുന്നിൽവെച്ച് ഇടയ്ക്ക് പറയാം. അത് അവർക്കൊരു പ്രോത്സാഹനമാകും.
എന്തുകാര്യത്തിനും ക്രമവും ചിട്ടയും പിന്തുടരുന്നത് കുഞ്ഞുങ്ങളെ വ്യക്തമായ ദിശാബോധമുള്ളവരാക്കിമാറ്റുമെന്ന് ഓർക്കുക. ചെറിയ ചെറിയ പ്രോത്സാഹനങ്ങളിലൂടെ അവർക്ക് വഴികാട്ടാം.
Content Highlights: Help your kids organize their study table and room! Learn effective tips to instill tidiness and order from a young age. Create a disciplined environment now.