നേരത്തും കാലത്തും ഭക്ഷണം കഴിച്ചില്ലേൽ വായ്പുണ്ണ് വരുമോ? അമ്മ പറഞ്ഞത് ശരിയാണോ?

രാവിലെ എഴുന്നേറ്റ് പല്ലുതേക്കാൻ തുടങ്ങുകയായിരുന്നു ദേവു. നീന ടീച്ചർ പറഞ്ഞതുപോലെ തന്റെ ബ്രഷിൽ ഒരു കടലമണിയോളം വലുപ്പത്തിൽ മാത്രമേ അവൾ പേസ്റ്റെടുത്തുള്ളൂ. ബ്രഷ് വായിൽ വെക്കേണ്ടതാമസം ഒരു നീറ്റൽ. എന്തുപറ്റി, വായ്ക്കത്ത് ബ്രഷ് കൊണ്ടില്ലല്ലോ? ദേവു ഓർത്തുനോക്കി.
ഒടുവിൽ അതത്ര കാര്യമാക്കാതെ പല്ലുതേപ്പ് തീർത്തിട്ട് കുളിക്കാനായി ഓടി. കുളി കഴിഞ്ഞ് യൂണിഫോമിടാൻ തുടങ്ങിയപ്പോഴേ അടുക്കളയിൽനിന്ന് അമ്മയുണ്ടാക്കുന്ന മൊരിയൻ ദോശയുടെ മണം മൂക്കിലെത്തി.
ഒരുക്കങ്ങളൊക്കെ ചടപടാന്ന് ചെയ്തുതീർത്തിട്ട് അവൾ അടുക്കളയിലേക്കോടി. ധ്യാൻ വരുന്നതിനു മുൻപ് അടുക്കളയിലെത്തണം, അല്ലെങ്കിൽ മൊരിയൻ ദോശകൾ അവനാദ്യം അകത്താക്കും.
ദേവൂന്റെ ഏട്ടനാണ് ധ്യാൻ. ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ദേവു ആറിലും. വീട്ടിനടുത്തുതന്നെയാണ് സ്‌കൂൾ. നടന്നുപോവാനുള്ള ദൂരമേയുള്ളൂ.
ദേവു അമ്മേടെ അടുത്തേക്കോടിയെത്തി. ''ആ, നേരത്തെ എത്തിയല്ലോ, എന്തുപറ്റി?'' അമ്മ ദോശക്കല്ലിൽ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. ''മൊരിഞ്ഞ ദോശയുടെ മണം...'' ദേവൂന്റെ അഭിനയം കണ്ട് അമ്മയ്ക്ക് ചിരിപൊട്ടി. അപ്പോഴേക്കും അച്ഛൻ പത്രവുമായി ചായ എടുക്കാൻ അടുക്കളയിലെത്തി. ''ദേവൂ... ഭക്ഷണമൊക്കെ നന്നായി കഴിക്കണം ട്ടോ. ഇപ്പോ കുട്ട്യോൾക്കൊക്കെ പോഷകാഹാരക്കുറവുകൊണ്ടുള്ള അസുഖങ്ങൾ കൂടുതലാന്ന് വാർത്തയുണ്ട്.''
അച്ഛൻ പറഞ്ഞുതീർക്കും മുൻപ് അമ്മ ഇടപെട്ടു.
''കുറച്ചീസായിട്ട് അവൾക്കിപ്പൊ ഭക്ഷണമൊന്നും വേണ്ടാതായിട്ടുണ്ട്. തോന്നിയാൽ കഴിക്കും, അത്രേള്ളൂ.'' അമ്മ പരാതി പറഞ്ഞു.
''നല്ല ഭക്ഷണം വേണ്ട അളവിൽ കഴിക്കണം മോളേ. നല്ലത് ന്ന് വെച്ചാ വിലകൂടിയതല്ല, നമുക്ക് നല്ല ആരോഗ്യം തരുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ. ഇല്ലാച്ചാലേ, ഒരുപാട് അസുഖങ്ങൾ വരും, പഠിക്കാൻ ഉന്മേഷണ്ടാവില്ല്യ, വളർന്നു മിടുക്കിയാവാനും കഴിയില്ല്യ.'' അത് കേട്ടപ്പോൾ ദേവൂന് കാര്യത്തിന്റെ ഗൗരവം പിടികിട്ടി.
''ഞാൻ കഴിച്ചോളാ അച്ഛാ... നിക്ക് വളർന്ന് മിടുക്കിയാവണം.'' ദേവു അച്ഛനടുത്തേക്ക് നീങ്ങി പറഞ്ഞു.
ദേവൂന് അമ്മ മൊരിയൻ ദോശേം ചമ്മന്തീം കൊടുത്തു. ദേവു ദോശക്കുട്ടന്റെ അരികുവശം മുറിച്ചെടുത്ത് ചമ്മന്തിയിൽ തൊടീച്ച് വായിലിട്ടു. ചവച്ചരച്ചങ്ങനെ കഴിക്കാൻ തുടങ്ങി. ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കേ വീണ്ടും അതേ പ്രശ്നം. വായ്ക്കകത്ത് വല്ലാത്തൊരു നീറ്റൽ. അവൾക്കിത്തവണ സങ്കടം സഹിക്കാനായില്ല.
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു: ''വല്ലാത്ത വേദന, ഒന്നും കഴിക്കാൻ പറ്റണില്ല്യ.'' അമ്മ ഓടിവന്ന് അവളുടെ വായ പരിശോധിച്ചു. ''ഇത് അതുതന്നെയാ, വായ്പ്പുണ്ണ്, മര്യാദയ്ക്ക് ഭക്ഷണം കഴിക്കാത്തതിന്റെയാ.'' അമ്മ ഒന്നു പരിഭവിച്ചു.
''എന്നാലും ഇത് മാറ്റാൻ ചില പൊടിക്കൈകളൊക്കെ ഉണ്ട്.'' അമ്മ അച്ഛമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു. ''അതെ, ആ കരിനൊച്ചീടെ ഇല പിഴിഞ്ഞ നീരോ, ഇത്തിരി തേനോ വെച്ചുകൊടുക്കാം രമേ, നെല്ലിക്കേം നാരങ്ങേം ഒക്കെ നല്ലോണം തിന്നട്ടെ.'' അച്ഛമ്മ പറഞ്ഞുനിർത്തിയതും അച്ഛൻ ചർച്ചയിൽ പങ്കുചേർന്നു. ''ദഹനപ്രവർത്തനങ്ങൾ നന്നായി നടന്നില്ലെങ്കിലും പല്ലിന് കേടുണ്ടായാലും ബ്രഷ് തട്ടിയാലും വായിലും നാവിലും വ്രണങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ നാടൻഭക്ഷണങ്ങൾ ശീലമാക്കുക, വായ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം!'', അച്ഛൻ പറഞ്ഞുനിർത്തി.
ദേവൂട്ടി എല്ലാവരെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു, ''ഞാനേ... ഇനിമുതൽ നല്ല ആരോഗ്യമുള്ള കുട്ടിയാവാൻ തീരുമാനിച്ചൂട്ടോ.''
Content Highlights: Expert advice on maintaining oral hygiene to prevent recurring mouth ulcers