വീട്ടിൽ വേണം ഒരു ഫോൺ നിയമം- കുട്ടിക്ക് മാത്രമല്ല, അച്ഛനമ്മമാർക്കും!

സ്‌കൂൾ കഴിഞ്ഞു വന്നാൽ അച്ചുവിന് പിന്നെ ഒരേയൊരു വിചാരമേയുള്ളൂ, അമ്മയുടെ ഫോൺ വേണം! ഫോണിൽ ഗെയിം കളിച്ചും വീഡിയോകൾ കണ്ടും മണിക്കൂറുകൾ പോകുന്നത് അവൻ അറിയാറില്ല. 'അച്ചൂ, ഫോൺ വെച്ച് വന്ന് എന്തെങ്കിലും കഴിക്കൂ' എന്ന് അമ്മ എത്ര വിളിച്ചാലും അവൻ കേൾക്കില്ല. ഇന്ന് ഒട്ടുമിക്ക വീടുകളിലെയും കാഴ്ചയാണിത്.
വിവരങ്ങൾ ശേഖരിക്കാനും വിനോദത്തിനും ഫോൺ നല്ലതാണെങ്കിലും, ഇതിന്റെ അമിത ഉപയോഗം കുട്ടികൾക്ക് ദോഷം ചെയ്യും. എപ്പോഴും ഫോണിൽ തന്നെ നോക്കിയിരിക്കുന്നത് കണ്ണുകൾക്കും ആരോഗ്യത്തിനും ഒട്ടും നല്ലതല്ല. മറ്റുള്ളവരോട് സംസാരിക്കാനോ കളിക്കാനോ ഉള്ള താത്പര്യം ഇവർക്ക് കുറഞ്ഞു വരാനും ഇത് കാരണമാകും.
നമുക്ക് എന്തുചെയ്യാൻ കഴിയും?
ഫോണിലെ കാഴ്ചകളേക്കാൾ മനോഹരമാണ് പുറത്തെ ലോകമെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കലാണ് ഒരു പോംവഴി. എത്ര തിരക്കായാലും വൈകുന്നേരങ്ങളിൽ അവരോടൊപ്പം കളിക്കാൻ സമയം കണ്ടെത്തണം. കഥാപുസ്തകങ്ങൾ വായിക്കാനും ചിത്രം വരയ്ക്കാനും അവരെ പ്രോത്സാഹിപ്പിക്കണം. ദിവസം ഇത്ര സമയം മാത്രമേ ഫോൺ ഉപയോഗിക്കാൻ പാടുള്ളൂ എന്നൊരു നിയമം വീട്ടിൽ വെക്കുന്നത് നല്ലതാണ്- കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും.
ഫോൺ മാറ്റിവച്ച് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കുന്നത് കുഞ്ഞുങ്ങളെ ഉന്മേഷമുള്ളവരാക്കും. അയൽപക്കത്ത് മറ്റുകുട്ടികൾ ഇല്ലെങ്കിൽ മാതാപിതാക്കൾ തന്നെ കുറച്ചുസമയം കണ്ടെത്തി കുട്ടികൾക്കൊപ്പം ബാഡ്മിന്റണോ ഒളിച്ചുകളിയോ ഓടിത്തൊട്ട് കളിയോ കളിക്കൂ. കുട്ടിക്കാലത്തെ തിന്നുതീർക്കാൻ സ്‌ക്രീനുകളെ അനുവദിക്കില്ലെന്ന് ഇന്നുതന്നെ തീരുമാനം എടുക്കൂ...
Content Highlights: kids parenting to avoid screen time