കൊച്ചുകുട്ടികളെ ടൂറിന് വിടാൻ പേടിയുള്ള രക്ഷിതാക്കളാണോ? അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

എല്‍.കെ.ജിയില്‍ ആണ് രാഹുല്‍. സ്‌കൂളില്‍ നിന്ന് അടുത്തുള്ള ഒരിടത്തേക്ക് എല്‍.കെ.ജി കുട്ടികള്‍ വണ്‍ ഡേ ടൂറ് പോകുന്നുണ്ട്.അക്കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ രാഹുലിനും പോകണമെന്ന് വാശി തുടങ്ങി. ''നീ കൊച്ചു കുട്ടിയാ! ടൂറ് പോകാറൊന്നും ആയില്ല!'' അമ്മ സമ്മതിച്ചില്ല. രാഹുലിന്റെ അമ്മയെപ്പോലെയാണ് മിക്ക മാതാപിതാക്കളും ചിന്തിക്കുക.
മക്കള്‍ ഭക്ഷണം ശരിക്ക് കഴിക്കുമോ? കൂട്ടം തെറ്റുമോ? വെയില് കൊള്ളുമോ? ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കുമോ? തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആധികളാണ് അച്ഛനമ്മമാര്‍ക്ക്. സ്വന്തം കാര്യം നോക്കാന്‍ അറിയാത്ത കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് വിടുമ്പോള്‍ ഇത്തരം പേടികള്‍ സ്വാഭാവികമാണ്. എന്നാല്‍ അവരുടെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് ഇത്തരം കൂട്ടായുള്ള യാത്രകള്‍ അത്യാവശ്യമാണെന്ന് ആദ്യമേ മനസ്സിലാക്കണം.
ആപത്തുകളില്‍ പെടാതെ കുട്ടികളെ തിരിച്ചുകൊണ്ടുവരാമെന്ന ഉറപ്പ് അധ്യാപകര്‍ക്ക് ഉള്ളതുകൊണ്ടല്ലേ അവര്‍ ഇത്തരം യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് തന്നെ. അതുകൊണ്ട് ആദ്യം അധ്യാപകരെ വിശ്വസിക്കുക. നിങ്ങളുടെ കുട്ടിയുടെ ചില പ്രത്യേകതകള്‍, ഉദാഹരണത്തിന് ഇഷ്ടപ്പെട്ട കാഴ്ചകള്‍ കണ്ടാല്‍ സ്വയം മറന്ന് അവിടെ തന്നെ നില്‍ക്കുന്ന സ്വഭാവം പോലുള്ളവ അധ്യാപകരോട് പറയാം.
കൊണ്ടുപോകേണ്ട സാധനങ്ങളെ കുറിച്ച് നേരത്തെ ചോദിച്ചറിയുക. പോകുന്ന സമയം,തിരിച്ചെത്തുന്ന സമയം എന്നിവ മനസ്സിലാക്കി വയ്ക്കുക. കുട്ടിയുടെ കൈവശം നിങ്ങളുടെ പേരും വിലാസവും ഫോണ്‍ നമ്പരും എഴുതിക്കൊടുത്തയയ്ക്കണം.യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും വേണം. അത് അവരെ പേടിപ്പിക്കുന്ന വിധത്തില്‍ ആകരുതെന്ന് മാത്രം.
പുതിയ കാഴ്ചകള്‍ കണ്ടും ചങ്ങാതിമാരുമായി കൂട്ടുകൂടിയും അവര്‍ ആ ദിവസം ആസ്വദിക്കട്ടെ. അവര്‍ ജീവിക്കുന്നത് പ്രശ്‌നങ്ങളും പരീക്ഷണങ്ങളും നിറഞ്ഞ പുതിയ കാലത്തിലല്ലേ. അവയെ നേരിടാനുള്ള ചെറിയ പരിശീലനമായി ഇത്തരം കുഞ്ഞുയാത്രകളെ കാണാം.
Content Highlights: Worried about your LKG child`s first tour? Understand parental concerns and why these trips are vital for their development. Learn how to prepare your child and trust educators.