സോറിയും താങ്ക്സും പറയാൻ മടിക്കരുത്. കുട്ടികളെ ശീലിപ്പിക്കാം മര്യാദകൾ...

കുട്ടിക്കാലത്ത് പഠിക്കുന്ന ശീലങ്ങളാണ് കുട്ടികൾ ജീവിതത്തിൽ പിൻതുടരുന്നത്. കുട്ടികൾ മര്യാദക്കാരായി വളരണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ചില അടിസ്ഥാന കാര്യങ്ങൾ അവരെ പഠിപ്പിക്കണം. കുട്ടികളോടൊപ്പം രക്ഷിതാക്കൾ അവ പാലിക്കുകയും വേണം. എന്ത് ആവശ്യപ്പെടുമ്പോഴും പറയേണ്ട വാക്കാണ് പ്ലീസ് എന്നത്. എളിമയോടൊപ്പം അടിസ്ഥാനമര്യാദകൂടിയാണത്. എന്തുസഹായം കിട്ടിയാലും നന്ദിപറയാൻ കുട്ടികളെ പഠിപ്പിക്കണം. താങ്ക്‌സ് അല്ലെങ്കിൽ നന്ദി എന്ന വാക്ക് അവർ പറയട്ടെ. മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്നവരോടെന്ന പോലെ എല്ലാവർക്കും അർഹിക്കുന്ന ബഹുമാനം കൊടുക്കണം. തെറ്റുചെയ്താൽ അത് ഏറ്റുപറഞ്ഞ് ക്ഷമ പറയാൻ കുട്ടികളെ പഠിപ്പിക്കണം. സോറി പറയേണ്ടതിന്റെ പ്രാധാന്യം ജീവിതത്തിലും അവർക്ക് മുതൽക്കൂട്ടാവും.
മുതിർന്നവർ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കരുതെന്ന് കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം. മറ്റുള്ളവരുടെ സാധനങ്ങളെ വില വയ്ക്കാനും ബഹുമാനിക്കാനും പഠിപ്പിക്കണം. മറ്റുള്ളവരുടെ സാധനങ്ങൾ നശിപ്പിക്കാനുള്ളതല്ലെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കണം. മര്യാദയുടെ കാര്യത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയാവുക. നല്ലശീലങ്ങൾ പിൻതുടരുമ്പോൾ കുട്ടികളെ അഭിനന്ദിക്കാനും മറക്കരുത്.
Content Highlights: Encouraging the use of polite words like please and thank you