കുഞ്ഞുമനസ്സ് വിഷമിക്കുമെന്ന് കരുതി പലതും മറച്ചുവയ്ക്കാറുണ്ടോ? അറിയേണ്ട കാര്യങ്ങൾ

വിനുക്കുട്ടന്റെ വീട്ടില്‍ ഒരു വളര്‍ത്തുപൂച്ചയുണ്ട്. പൂച്ചക്കുട്ടന് തീറ്റകൊടുക്കാനും അതിനൊപ്പം കളിക്കാനും വിനുവിന് ഭയങ്കര ഇഷ്ടമാണ്. അങ്ങനൊരു ദിവസം വിനുവിന്റെ പുന്നാരപ്പൂച്ച ചത്തുപോയി. വിനുവിന് സങ്കടമാകുമല്ലോ എന്നോര്‍ത്ത് അച്ഛനും അമ്മയും ഇക്കാര്യം വിനുവിനോട് പറഞ്ഞതേയില്ല. പൂച്ചയെവിടെയെന്ന് അന്വേഷിക്കുമ്പോഴൊക്കെ അവര്‍ എന്തെങ്കിലുമൊക്കെ കള്ളം പറയും.
ചിലപ്പോഴൊക്കെ അച്ഛനമ്മമാര്‍ ഇതുപോലെ കുഞ്ഞുമനസ്സ് വിഷമിക്കരുതെന്നു കരുതി ചിലതൊക്കെ കുഞ്ഞുങ്ങളില്‍ നിന്നും മറച്ചു വെക്കാറുണ്ട്. താത്കാലികമായി കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും അവരുടെ വ്യക്തിത്വവികാസത്തിന് ഇത്തരം നുണകള്‍ തീരെ പ്രയോജനം ചെയ്യുകയില്ല. യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തില്‍തന്നെ പ്രാപ്തരാക്കുകയാണ് അച്ഛനമ്മമാര്‍ ചെയ്യേണ്ടത്. അവര്‍ക്ക് വിഷമം ഉണ്ടാക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മനസ്സിനു മുറിവേല്പിക്കാതെ തന്നെ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. നേരിടേണ്ടിവരുന്ന ചെറിയ പ്രശ്‌നങ്ങളുടെ മുന്നില്‍പോലും പതറിപ്പോകുന്നവരായി അവര്‍ മാറാതിരിക്കാന്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടതും അതുതന്നെയാണ്.
കഥകളിലൂടെയും മറ്റും ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക. കൊച്ചു കൊച്ചു വിഷമങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ തന്നെയാണ് കുഞ്ഞുങ്ങള്‍ വളരേണ്ടത്. ജീവിതത്തില്‍ വിജയിക്കാന്‍ ബുദ്ധിയും ആരോഗ്യവും ക്ഷമയും ദയയും മാത്രമല്ല മനക്കരുത്തും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുവേണം അച്ഛനമ്മമാര്‍ മക്കളെ വളര്‍ത്തേണ്ടത്.
Content Highlights: Parents often hide difficult truths from children fearing sadness. Learn why this can hinder their personality development and how to help them face reality.