നിങ്ങളുടെ കുട്ടി നഖം കടിക്കാറുണ്ടോ? കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ എങ്ങനെ വളർത്തിയെടുക്കാം

കാർട്ടൂൺ കാണുകയാണ് പുണ്യ. ഇടയ്ക്കിടെ നഖം കടിക്കുന്നുമുണ്ട്. കുറച്ചുകഴിഞ്ഞപ്പോൾ നഖംകടി നിർത്തി അടുത്തുണ്ടായിരുന്ന കളിപ്പാട്ടം കടിച്ചുതുടങ്ങി. ഇതെല്ലാം കണ്ടാണ് അവളുടെ അമ്മ വന്നത്. പിന്നെ എന്താകും നടന്നിട്ടുണ്ടാകുകയെന്ന് പ്രത്യേകം പറയേണ്ടല്ലോ. കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ ചെറുപ്പംമുതലേ ഉണ്ടാക്കിയെടുക്കണം. കുറച്ചുകാര്യങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധിക്കാം.

നഖം കടിക്കുന്നത് നല്ല ശീലമല്ലെന്ന് ആദ്യമേ പറയുക. അങ്ങനെ ചെയ്യുമ്പോഴൊക്കെ അവരെ അത് ഓർമിപ്പിക്കുക. സമയത്ത് നഖം മുറിക്കാനും നഖത്തിൽ ചെളി കയറാതെ സൂക്ഷിക്കാനും പറയണം. ആഹാരത്തിന് മുൻപും ശേഷവും കൈകഴുകണമെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ അങ്ങനെ ചെയ്തുകാണിക്കുക.

 കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമൊക്കെ കടിക്കുകയോ നക്കുകയോ ചെയ്താൽ അവയിലുള്ള അഴുക്കുകൂടി വയറ്റിലെത്തുമെന്ന് പറഞ്ഞുകൊടുക്കുക. മൂക്കിൽ വിരലിടാൻ അനുവദിക്കരുത്.തുമ്മുമ്പോൾ തൂവാലകൊണ്ട് മൂക്കും വായയും പൊത്താൻ ശീലിപ്പിക്കുക. തുറന്നുവച്ച ആഹാരസാധങ്ങൾ കഴിക്കരുതെന്ന് നിർദേശിക്കാം. അതുപോലെ പൈപ്പിലെ വെള്ളം തിളപ്പിക്കാതെ കുടിക്കരുതെന്നും പറയണം.

  ഇത്തരം നിർദേശങ്ങൾക്കൊപ്പം അവയുടെ കാരണങ്ങൾകൂടി പറഞ്ഞുകൊടുക്കാൻ ശ്രദ്ധിക്കുക. കഥയുടെയും മറ്റും രൂപത്തിൽ അവ അവതരിപ്പിച്ചുനോക്കൂ. മിന്നാമിന്നിയിലെ കാവതിപോലുള്ള പംക്തികൾ ഇതിന് ഉപകരിക്കും.

Content Highlights: Explain why bad habits like nail-biting are harmful., Model good hygiene behaviors for children to imitate., Use storytelling to make learning about health engaging., Establish routine practices for hand-washing and nail care.