കളിപ്പാട്ടത്തിന് വേണ്ടിയുള്ള കുട്ടികളുടെ വാശി പ്രശ്നമാകുന്നുണ്ടോ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ...

പൂരത്തിന് പോയി വന്നതാണ് കീർത്തിക്കുട്ടി. ബലൂണും പീപ്പിയും കുപ്പിവളകളുമെല്ലാം അവൾക്ക് അച്ഛൻ വാങ്ങിക്കൊടുത്തു. പക്ഷേ, വീട്ടിലെത്തിയിട്ടും അവളുടെ മുഖം ഒട്ടും പ്രസന്നമായില്ല. കാരണം അവൾ അച്ഛനോടാവശ്യപ്പെട്ടത് ബബിൾസ് ആയിരുന്നു. അപ്പോഴേക്കും അച്ഛൻ തന്നെ മറ്റുള്ളതൊക്കെ വാങ്ങിക്കൂട്ടിയതിനാൽ ബബിൾസ് വാങ്ങിക്കൊടുത്തുമില്ല. ഇവിടെ കീർത്തിയുടേതാണോ അച്ഛന്റേതാണോ തെറ്റ്? ചില കാര്യങ്ങൾ ശ്രദ്ധിക്കൂ.
- കളിപ്പാട്ടങ്ങളും മറ്റും തിരഞ്ഞെടുക്കുമ്പോൾ കുട്ടിയുടെ ഇഷ്ടം കൂടി പരിഗണിക്കാം.
- വില കൂടിയതും ഈട് നിൽക്കാത്തതുമായ കളിപ്പാട്ടമാണെങ്കിൽ അക്കാര്യം കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തണം.
- കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടാതെ ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാൻ അവരെ ശീലിപ്പിക്കാം.
- ചില രക്ഷിതാക്കൾ കളിപ്പാട്ടം ചീത്തയാകുമെന്ന് കരുതി ഷോക്കേസിൽ മാറ്റിവയ്ക്കുന്നത് കാണാറുണ്ട്. എന്നാൽ കുട്ടികൾ കളിക്കുമ്പോൾ കളിപ്പാട്ടം കേടുവരുന്നത് സ്വാഭാവികമാണ്.
- എന്നു കരുതി മന:പൂർവ്വം കളിപ്പാട്ടം നശിപ്പിക്കാൻ അവരെ അനുവദിക്കുകയും വേണ്ട.
- അതുപോലെ അവർ ഒരുപാട് ആഗ്രഹിച്ച കളിപ്പാട്ടമാണെങ്കിൽ വിശേഷവസരങ്ങളിലും മറ്റും (നിങ്ങളുടെ സാമ്പത്തികസ്ഥിതി കൂടി അനുകൂലമാണെങ്കിൽ) വാങ്ങിക്കൊടുക്കാം. അല്ലാത്ത പക്ഷം കിട്ടാത്ത കളിപ്പാട്ടത്തെ ചൊല്ലിയുള്ള ദു:ഖം എന്നും അവരുടെ മനസ്സിൽ ശേഷിക്കും.
- കണ്ണിൽ കണ്ടതൊക്കെ വാങ്ങിക്കൊടുക്കണമെന്നൊന്നും ഇതിന് അർഥമില്ല. അവരുടെ മനസ്സറിഞ്ഞാവണം വാങ്ങിക്കൂട്ടുന്നതെന്നു മാത്രം.
Content Highlights: Involve children's preferences when selecting toys.