ജീവിതം മത്സരം മാത്രമല്ല, കുട്ടികളെ വളർത്തുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്!

സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ഉടൻ മീനുമോൾ കരച്ചിൽ തുടങ്ങി. ''അമ്മേ, എനിക്ക് പാട്ടുമത്സരത്തിൽ ഫസ്റ്റ് കിട്ടിയില്ല!'' അമ്മ എത്ര സമാധാനിപ്പിച്ചിട്ടും അവൾ കരച്ചിൽ നിർത്തിയില്ല. മിക്ക വീടുകളിലെയും കാഴ്ചയാണിത്. എല്ലാത്തിലും ഒന്നാമതാവാൻ രക്ഷിതാക്കൾ കുട്ടികളിൽ സമ്മർദം ചെലുത്തും. ഒടുവിൽ അത് കിട്ടാതെ വരുമ്പോൾ മാനസികമായി തളരുകയും ചെയ്യും.
ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
മത്സരബുദ്ധി എല്ലാ രംഗത്തും നല്ലതുതന്നെ. എന്നാൽ അത് അമിതമാകരുതെന്ന് മാത്രം. ജീവിതമെന്നാൽ മത്സരത്തിനുവേണ്ടി മാത്രമാണെന്ന് കുഞ്ഞുങ്ങൾ കരുതും.
ചെറിയ മത്സരങ്ങളിൽ പോലും അമിത പ്രതീക്ഷയും സമ്മർദവും കുട്ടികളിൽ അടിച്ചേൽപിക്കരുത്. പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ലെങ്കിൽ നിരാശയും അപകർഷബോധവും അവരിൽ വളരും.
എന്ത് മത്സരമായാലും ജയത്തേക്കാൾ അതിൽ പങ്കെടുത്തു എന്നതിലാണ് കാര്യം. ഫസ്റ്റ് കിട്ടിയില്ലെങ്കിലും അതിൽ പങ്കെടുക്കാൻ കഴിഞ്ഞല്ലോ എന്നുപറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാം.
മത്സരങ്ങളിൽ കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുത്. അത് അവരുടെ ആത്മവിശ്വാസം കെടുത്തും.
എല്ലാവരിലും ഒരുപോലെ കഴിവുകൾ ഉണ്ടാകില്ലെന്ന കാര്യം മറക്കരുത്. കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തോൽവികളിൽ കൂടെ നിൽക്കുകയും വേണം.
തോൽവികളെ അഭിമുഖീകരിക്കാൻ അവരെ പഠിപ്പിക്കുക. തോൽവികളിൽ നിന്നാണ് വലിയ വിജയങ്ങളുണ്ടാകുന്നത്.
മത്സരങ്ങളിൽ ഫസ്റ്റ് അടിച്ചില്ലെങ്കിലും ജീവിതത്തിൽ ഒന്നാമനായി വളരാൻ കുട്ടികളെ പ്രാപ്തരാക്കുക.
Content Highlights: Avoid putting excessive pressure on children to win every competition.