കളിയും പഠനവും മാത്രം പോര...അവധിദിനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം?

ശനിയും ഞായറും കൂടാതെ ഇടയ്ക്കിടെ ചില അവധികൾകൂടി കുട്ടികൾക്ക് കിട്ടാറില്ലേ? അപ്പോഴൊക്കെ കുഞ്ഞുങ്ങളെ ഒന്നുകിൽ ഇരുത്തി പഠിപ്പിക്കും അല്ലെങ്കിൽ അവർ കളിക്കും. ഇതാവും മിക്ക വീടുകളിലേയും പതിവ്. എന്നാൽ സ്‌കൂളിലേക്ക് പോകാൻ തുടങ്ങുന്ന കൊച്ചുകുട്ടികളെ പലതും പഠിപ്പിക്കാൻ ഈ സമയം വിനിയോഗിക്കാം. പഠിക്കുകയാണെന്ന് അവർ അറിയാതെ വേണം പഠിപ്പിക്കാൻ. ഒന്നു ശ്രമിച്ചാൽ വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് കുട്ടികളെ പഠിപ്പിക്കാം.

  • തീപ്പെട്ടിക്കമ്പുകളും ബട്ടണുകളും മഞ്ചാടിക്കുരുക്കളും ഉപയോഗിച്ച് എണ്ണം പഠിപ്പിക്കാം. അത് അവർക്ക് ഇഷ്ടമാകും.
  • കടലാസ് പെട്ടികളും കാർഡ്‌ബോർഡുകളും മുറിച്ചെടുത്ത് അക്ഷരങ്ങൾ ഉണ്ടാക്കാം. അവ നിറം കൊടുത്ത് ഭംഗിയാക്കണം.
  • അക്ഷരങ്ങൾ ചേർത്തുവച്ച് വാക്കുകൾ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിക്കണം.
  • കട്ടിക്കടലാസുകളിൽ ആകൃതികളും രൂപങ്ങളും വരച്ച് വെട്ടിയെടുത്ത് ഉപയോഗിക്കണം. ചുറ്റുംകാണുന്ന വസ്തുക്കൾകൊണ്ടും ആകൃതികൾ പഠിപ്പിക്കാം.
  • കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചിത്രങ്ങൾ ശേഖരിക്കണം. ചിത്രങ്ങളിലൂടെ ജീവികളെയും മറ്റും പരിചയപ്പെടുത്തണം.
  • മണങ്ങളിലൂടെയും രുചികളിലൂടെയും ശാസ്ത്ര പഠനം എളുപ്പവും രസകരവുമാക്കാം. നിത്യജീവിതവുമായി ബന്ധപ്പെടുത്തി അവ പഠിപ്പിക്കുന്നത് പ്രയോജനപ്പെടും.
  • കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ തീർച്ചയായും അഭിനന്ദിക്കണം. ആത്മവിശ്വാസത്തോടെ തുടർന്നും പഠിക്കാൻ അതവരെ പ്രേരിപ്പിക്കും.

Content Highlights: Teach numbers using matchsticks, buttons, and seeds., Make alphabet and words using cardboard and paper boxes., Introduce shapes and geometry through cutouts and everyday objects.