ഒരുപാടുണ്ടേ ദോഷങ്ങൾ! മൊബൈൽഫോൺകൊണ്ട് എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്?

#ഋഷിരാജ് സിങ് (മുന്‍ ഡി.ജി.പി)
  • യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, വിചാറ്റ്, വാട്‌സ്ആപ്പ് എന്നിവയിൽ കുട്ടികൾ ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. ഇത്തരം സോഷ്യൽ മീഡിയകളിലാണ് ഏറ്റവും കൂടുതൽ ദുരുപയോഗം നടക്കുന്നത്. കുട്ടികൾ എട്ടുമണിക്കൂർ നിർബന്ധമായും ഉറങ്ങണം. ഒരു കുട്ടി ആകെ ഉണർന്നിരിക്കുന്നത് 16 മണിക്കൂറാണ്. ഈ 16 മണിക്കൂറിനുള്ളിൽ സ്‌കൂളിൽ പോവുക, ഹോംവർക്ക് ചെയ്യുക, കുളിക്കുക, ഭക്ഷണം കഴിക്കുക, അച്ഛനമ്മമാരോടും മറ്റാളുകളോടും സംസാരിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. എന്നാൽ ആറോ ഏഴോ മണിക്കൂർ കുട്ടി സോഷ്യമീഡിയയിൽ ചെലവഴിക്കുകയാണെങ്കിൽ ഇതെല്ലാം ശരിയായി ചെയ്യാൻപറ്റാതെവരും.
  • കുട്ടികൾ മൊബൈൽ വഴി ഒരുപാട് പൈസ ചെലവാക്കുന്നുണ്ട്. റമ്മിപോലുള്ള കളികളാണിന്ന് മൊബൈലിലെ ട്രെൻഡിങ്. അത് പൈസയില്ലാതെയും പൈസവെച്ചും കളിക്കാനാവും. 18 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ മാത്രമേ റമ്മി കളിക്കാൻ പാടുള്ളൂ എന്നാണ് നിയമം. പക്ഷേ, ഇതാരും ശ്രദ്ധിക്കുന്നില്ല. 10 വയസ്സിൽ താഴെയുള്ള കുട്ടികൾപോലും മൊബൈൽഫോണിൽ പല കളികളും പൈസവെച്ച് കളിക്കുന്നുണ്ട്.
  • കുട്ടികളുടെ സ്വഭാവം വയലന്റാവുന്നു. ആക്രമണസ്വഭാവമുള്ളവരായി അവർ മാറുന്നു. കുട്ടികൾ മിക്കപ്പോഴും വയലന്റ് ഗെയിമാണ് കളിക്കുന്നത്. അതോടെ കുട്ടികൾപോലും അറിയാതെ വയലൻസ് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിരിക്കുന്നു.
  • കുട്ടികളിൽ ആത്മഹത്യാപ്രവണത കൂടിവരുന്നു. ഒരുവർഷത്തിൽ 8,000 മണിക്കൂറുകൾ മാത്രമുള്ളപ്പോൾ, 12,000 കുട്ടികൾ ആത്മഹത്യചെയ്യുക എന്നത് പേടിപ്പിക്കുന്ന കണക്കാണ്. അതായത്, ഒരുമണിക്കൂറിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ആത്മഹത്യചെയ്യുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
  • കുട്ടികൾ ഒറ്റപ്പെടുന്നു എന്നതാണ് മറ്റൊരു പ്രശ്നം. സത്യത്തിൽ ഇത് വിരോധാഭാസമാണ്. ഒറ്റപ്പെടൽ മാറ്റാൻവേണ്ടിയാണ് കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നത്. എന്നാൽ മൊബൈൽഫോൺ ഉപയോഗിച്ചിട്ടും കുട്ടി എങ്ങനെ ഒറ്റപ്പെടുന്നുവെന്ന് നോക്കാം. ആരെയും സംസാരിക്കാൻകിട്ടാത്ത അവസ്ഥ വരുന്നതോടെ പല കുട്ടികളും ആളുകളോട് സംസാരിക്കാനുള്ള താത്പര്യം ഫോണിലേക്ക് കാണിക്കുന്നു. അപ്പോൾ കുട്ടി ഫോണുമായി സംസാരിക്കാൻ ശ്രമിക്കുന്നു.
  • നിരന്തരം മൊബൈൽ ഉപയോഗിക്കുന്ന ഒരു കുട്ടി, മാതാപിതാക്കളുമായും സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും തീരേ സംസാരിക്കാതെയാവുന്നു. കുട്ടി മറ്റ് കായികമായുള്ള കളികളിൽ പങ്കെടുക്കാത്ത അവസ്ഥയുമുണ്ടാവുന്നു.

Content Highlights: Exposure to violent digital content increases aggression in child behavior