സുരക്ഷ പ്രധാനം: കുട്ടികളുടെ കാര്യത്തിൽ ഏത് തിരക്കിലും ആവാം അല്പം ശ്രദ്ധ

തിരക്കുള്ള ബസ്സിൽ അമ്മയ്ക്കൊപ്പം കയറിയതാണ് തക്കുടു. മുൻവശത്തെ സീറ്റിലിരുന്ന വല്യമ്മ തക്കുടുവിനെ മടിയിലിരുത്താമെന്നു പറഞ്ഞു. പക്ഷേ, അവൾ സമ്മതിച്ചില്ല. കൊച്ചുതക്കുടുവിനേയും കൊണ്ട് അമ്മ ബസ്സിൽ നിന്നു വിഷമിച്ചു. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
തന്നെ ആരെങ്കിലും പിടിച്ചുകൊണ്ടുപോകുമോ തന്നെ ഒറ്റയ്ക്കാക്കി അമ്മ പോകുമോ എന്നൊക്കെയുള്ള ചിന്തകളായിരിക്കും കുട്ടികളുടെ മനസ്സിൽ. അതുകൊണ്ടുതന്നെ അവരെ നിർബന്ധിച്ച് അപരിചിതർക്കൊപ്പം ഇരുത്തേണ്ട.
- ബസിലും തീവണ്ടിയിലുമെല്ലാം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നേരത്തെ പറഞ്ഞുകൊടുക്കാം.
- മറ്റാരുടെയെങ്കിലും സീറ്റിലിരുത്തിയാലും അത് നിങ്ങളുടെ കണ്ണെത്തുന്നിടത്താണെന്ന് ഉറപ്പിക്കുക. കുട്ടികളുടെ സുരക്ഷയായിരിക്കണം പ്രധാനം.
- യാത്രയ്ക്കിടെ എന്ത് ബുദ്ധിമുട്ട് തോന്നിയാലും അത് അപ്പോൾ തന്നെ പറയണമെന്ന് കുട്ടിയോട് പറയുക.
- അരികിലുള്ള സീറ്റിൽ അപരിചിതർക്കൊപ്പമാണ് കുട്ടി ഇരിക്കുന്നതെങ്കിൽ കൈയും തലയും പുറത്തിടുന്നില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ അത്ര കരുതൽ മറ്റുള്ളവർക്ക് ഉണ്ടാകില്ലെന്നോർക്കുക.
- ഒരുപാട് തിരക്കുള്ള വാഹനങ്ങളിൽ കുട്ടിയേയും കൊണ്ട് കയറാതിരിക്കുന്നതാണ് നല്ലത്. മറ്റെന്തിനേക്കാളും കുട്ടികളുടെ സുരക്ഷയ്ക്കായിരിക്കണം പ്രഥമ പരിഗണന.
Content Highlights: Do not force young children to sit with strangers on crowded transport.