അയൽപക്കത്തുപോയി കളിക്കുന്നത് നല്ലതാണോ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ

അഞ്ചുവയസ്സുകാരൻ അലൻ ഏതുനേരവും അയൽപക്കത്തെ വീട്ടിലാണ്. അവിടെ അവന്റെ സമപ്രായക്കാരായ രണ്ട് കുട്ടികളുണ്ട്. അവരുടെകൂടെ കളിക്കാൻ പോയിത്തുടങ്ങി, അതൊരു പതിവാക്കി. അലനെപ്പോലെ അയൽപക്കയാത്രകൾ ശീലമാക്കിയ നിരവധി കുട്ടികളുണ്ട്. ചില കാര്യങ്ങൾ നമുക്കും ശ്രദ്ധിക്കാം.

സമപ്രായക്കാരായ കുട്ടികളുടെ സാന്നിധ്യവും മറ്റു വിനോദോപാധികളുമാണ് കുഞ്ഞുങ്ങളെ അയൽവീടുകളിലെ നിത്യസന്ദർശകർ ആക്കുന്നതെന്ന കാര്യം ഓർക്കുക.

  • കുട്ടികളുടെ പതിവായുള്ള കയറിച്ചെല്ലലുകൾ അയൽവീടുകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം.
  • കുഞ്ഞുങ്ങൾ പോകാറുള്ള ഇടങ്ങളിൽ അവർ സുരക്ഷിതരാണോ എന്നുള്ള കാര്യവും അച്ഛനമ്മമാർ പരിശോധിക്കണം. ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങളുടെ സുരക്ഷതന്നെയാണ് പ്രധാനം.
  • കുട്ടികൾ വീട്ടിനുള്ളിൽ ഉണ്ടാക്കിവെക്കുന്ന സ്ഥിരം കുരുത്തക്കേടുകൾ ഒഴിവാക്കാനായി അവരെ അയൽവീടുകളിലേക്ക് തള്ളിവിടരുത്. സ്വന്തം വീട്ടിൽനിന്നും കിട്ടാത്ത സ്വീകാര്യത മറ്റു വീടുകളിൽനിന്നും അവർക്ക് ലഭിക്കണമെന്നില്ല.
  • അയൽപക്കങ്ങളിൽനിന്നും ചുറ്റുപാടുകളിൽനിന്നും ലഭിക്കുന്ന നല്ല സൗഹൃദങ്ങൾ കുട്ടികളെ മിടുക്കരാക്കുകയും ചെയ്യും.

നല്ല സാമൂഹികജീവികളായി വളർന്നുവരാൻ പരിസരവുമായുള്ള ഇടപെടൽ തീർച്ചയായും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ വിലക്കുകളെക്കാൾ ചെറിയ നിയന്ത്രണങ്ങൾ കൂടുതൽ ഫലം ചെയ്യും.

Content Highlights: Parents must ensure children are safe in neighborhood environments