മോമു പറഞ്ഞ കഥകൾ: നോവൽ ഭാഗം 1

ഇത്തവണത്തെ പിറന്നാൾ ജീവിതത്തിലൊരിക്കലും മറക്കാത്ത ഒന്നായി. എത്രയെത്ര സമ്മാനങ്ങളാണ് കിട്ടിയതെന്നറിയുമോ? അമ്മൂമ്മ വാങ്ങിത്തന്ന പച്ചക്കല്ലുമാല എനിക്കൊരുപാടിഷ്ടായി. മുത്തച്ഛൻ വാങ്ങിത്തന്ന പൂക്കൂടയും കൊള്ളാം. അച്ഛനും അമ്മയും ചേർന്ന് വാങ്ങിത്തന്ന ചുവന്ന ഉടുപ്പും ഭംഗിയുണ്ട്. വല്യച്ഛനും വല്യമ്മയും വാങ്ങിത്തന്ന മഞ്ഞ പട്ടുപാവാടയാണ് എനിക്കതിലും കൂടുതൽ ഇഷ്ടായത്. അങ്ങനെയങ്ങനെ ഒരുപാടൊരുപാട് സമ്മാനങ്ങൾ... ഈ സമ്മാനങ്ങളിൽവെച്ച് ഏറ്റവും ഇഷ്ടമായത് നീനമ്മായി തന്ന പാവക്കുട്ടിതന്നെ. നല്ല ചുരുണ്ട കറുത്ത മുടിയും വട്ടക്കണ്ണും തുടുത്ത കവിളും ചുവന്ന ഉടുപ്പും കാണാൻതന്നെ എന്തൊരു ഭംഗിയാന്നറിയുമോ. ഒരു ഉണ്ടത്തിപ്പാറു. ആർക്കുകണ്ടാലും ഒന്നെടുക്കാൻ തോന്നും. അത്ര നല്ല പാവക്കുട്ടി.
നീനമ്മായി ഡൽഹീന്ന് അയച്ചുതന്ന സമ്മാനമാണിത്. ഈ പാവയ്ക്ക് ഒരു നല്ല പേര് കണ്ടുപിടിക്കാൻ എല്ലാവരുംകൂടി ശ്രമിച്ചെങ്കിലും ആ പേരുകളൊന്നുംതന്നെ എനിക്കത്ര ഇഷ്ടമായില്ല. എന്തായാലും ബുക്ക് ഷെൽഫിനരികെയുള്ള സ്റ്റൂൾ ഇനി മുതൽ എന്റെ പാവക്കുട്ടിയുടെ സിംഹാസനമാണ്. പത്തുവയസ്സായല്ലോ, അതുകൊണ്ട് ഇന്നുമുതൽ ഒറ്റയ്ക്ക് കിടന്നുറങ്ങണം എന്നാണച്ഛൻ പറഞ്ഞത്.
വാതിലുമടച്ച് എല്ലാവരും പോയപ്പോൾ ഒരു ചെറിയ പേടി പോലെ. കിടന്നിട്ടുറക്കം വരുന്നില്ല. സമ്മാനങ്ങളെല്ലാം ഒന്നൊതുക്കിവയ്ക്കാം. ഇന്നുകിട്ടിയ മൂന്ന് പുസ്തകങ്ങളും കൂടിയായപ്പോൾ എന്റെ ചുമരലമാരയിൽ 20 പുസ്തകങ്ങളായി. പുസ്തകങ്ങളുടെയെല്ലാം ആദ്യ പേജിൽതന്നെ പാർത്ഥവി എസ്. പ്രഭ എന്നെഴുതിച്ചേർത്തിട്ടുണ്ട്.
പുസ്തകങ്ങൾ നോക്കിയിരുന്ന് സമയം പോയതറിഞ്ഞില്ല. ക്ലോക്കിൽ സമയം പത്തുമണിയായെന്ന് കാണിക്കുന്നു. പതിയെ കർട്ടനുകൾ മാറ്റി ആകാശമൊന്ന് കണ്ടാലോ? അമ്മൂമ്മ ഇടയ്ക്കിടെ പാടാറുള്ള അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന പാട്ട് നല്ല ഈണത്തിൽ പാടിക്കൊണ്ടിരിക്കുമ്പോഴാണ് മൂവാണ്ടൻ മാവ് ആകെയൊന്നുലഞ്ഞത്. പേടികൊണ്ട് കണ്ണടച്ചുപോയി. എന്താണ് സംഭവിച്ചതെന്നറിയാൻ വീണ്ടും കർട്ടൻ പൊക്കി നോക്കിയപ്പോൾ മാവിനൊരു കുലുക്കവുമില്ല. എന്തെങ്കിലുമാകട്ടെ ഇനിയും ഇരുട്ടിലേക്ക് നോക്കി പേടിക്കാൻ വയ്യ. ഉറങ്ങാൻ നോക്കാം.
സുന്ദരിപ്പാവയെ എടുത്ത് കിടക്കയിലേക്ക് കിടത്തി. പാവയെ കൊഞ്ചിച്ചുകൊണ്ട് ഉറങ്ങാനായി കണ്ണടച്ചുകിടന്നു.
''പാത്തൂ... പാത്തൂ...'' പെട്ടന്നാരോ വിളിച്ചതുപോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ആരുമില്ല മുറിയിൽ. തോന്നിയതാവുമെന്ന് കരുതി ഞാൻ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
''പാത്തൂ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ. നമുക്ക് സംസാരിക്കാം!''
വീണ്ടും ആ ശബ്ദം.
''പാത്തൂ... എന്റെ പേര് മോമൂന്നാ...'', കിടക്കയിലിരുന്ന് ചിരിക്കുന്ന പാവക്കുട്ടിയിൽനിന്നാണ് ആ ശബ്ദം വരുന്നതെന്നുകണ്ട് ഞാൻ ശരിക്കും പേടിച്ചുപോയി.
(തുടരും...)
(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Heartwarming birthday story for children, Features magical elements and doll interactions.