ആ തീഗോളം ഒരു റോക്കറ്റ് പോലെ പാഞ്ഞു വന്ന് പാലത്തിനക്കരെ നിൽക്കുന്ന മനുഷ്യരൂപത്തിൽ വന്നിടിച്ചു

രവിശങ്കർ ആ രൂപത്തിനു നേരെ ഒരിക്കൽ കൂടി നോക്കി. അതൊരു മഞ്ഞുമറക്കുള്ളിൽ നിൽക്കുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്. അവ്യക്തമായ ഒരു രൂപം. വണ്ടി മുന്നോട്ട് എടുക്കുന്നതാണ് തന്റെ ആത്മരക്ഷയ്ക്ക് നല്ലതെന്ന് രവിയുടെ ആറാം ഇന്ദ്രിയം മന്ത്രിച്ചു. ഗിയർ തെന്നി നീങ്ങി. ആസുരമായ വേഗത്തിൽ ജീപ്പ് മുന്നോട്ടു കുതിച്ചു.
ആ മനുഷ്യൻ നിൽക്കുന്നിടത്ത് വണ്ടി എത്തി. അവിടെ യാതൊന്നും കാണാൻ രവിക്ക് കഴിഞ്ഞില്ല. പക്ഷേ നേരിയ കോടമഞ്ഞിനുള്ളിലൂടെ കടന്നുപോകുന്നതു പോലെ അയാൾക്ക് തോന്നി. പാലം കടന്നശേഷം ജീപ്പിന്റെ വേഗത കുറച്ച് രവി തിരിഞ്ഞു നോക്കി.
അയാൾ അത്ഭുതപ്പെട്ടുപോയി!
നേരത്തെ താൻ കണ്ട സ്ഥലത്ത് തന്നെ ആ മനുഷ്യൻ നിൽപ്പുണ്ട്. അപ്പോൾ കിഴക്കേ മലഞ്ചെരുവിൽ സൂര്യനുദിച്ച പോലെ ഒരു പ്രകാശം ഉയർന്നു വരുന്നത് രവി കണ്ടു.
അതൊരു തീഗോളമായിരുന്നു. ആ ഗോളം പാലത്തിനക്കരെ നിൽക്കുന്ന മനുഷ്യനെ ലക്ഷ്യമാക്കിയാണ് പാഞ്ഞു വരുന്നതെന്ന് രവിക്കു മനസ്സിലായി.
ആ തീഗോളം ഒരു റോക്കറ്റ് പോലെ പാഞ്ഞു വന്ന് പാലത്തിനക്കരെ നിൽക്കുന്ന മനുഷ്യരൂപത്തിൽ വന്നിടിച്ചു.
ഇരുമ്പ് വെൽഡ് ചെയ്യുമ്പോഴുണ്ടാകുന്ന തീപ്പൊരി ചിതറി തെറിച്ചു. ചുറ്റും പ്രകാശമാനമായി. ആ പ്രകാശത്തിൽ രവിശങ്കർ നടുക്കുന്ന ഒരു കാഴ്ച കണ്ടു.
പാലം തകർന്ന് താഴെ പുഴയിലേക്ക് വീഴുന്നു. രവി രാമേട്ടനെ നോക്കി. അയാൾ നല്ല ഉറക്കത്തിലായിരുന്നു.
പാലം തകർന്നു. ഇനി താൻ എങ്ങനെ തിരിച്ചു വീട്ടിലേക്ക് ചെല്ലും. ഏതായാലും രാമേട്ടനെ ഡോക്ടറെ കാണിച്ചിട്ട് തന്നെ മറ്റു കാര്യം.
രവിശങ്കർ ജീപ്പ് മുന്നോട്ട് എടുത്തു.
നേരം പുലർന്നു വരുമ്പോഴേക്കും രവി രാമേട്ടനുമായി ഡോക്ടർ അശോകന്റെ ക്ലിനിക്കിൽ എത്തിച്ചേർന്നു.
എത്രയും പെട്ടെന്ന് രാമേട്ടനെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി.
ഡോക്ടർ അശോകൻ ഉടൻതന്നെ എത്തി.
രോഗിയെ പരിശോധിച്ച ശേഷം ഡോക്ടർ രവിയുടെ അടുത്തേക്കു വന്നു.
'പേടിക്കാനൊന്നുമില്ല... കുറച്ചു രക്തം നഷ്ടപ്പെട്ടിട്ടുണ്ട്.. അതിന്റെ ക്ഷീണമാണ്. ' ഡോക്ടർ പറഞ്ഞു.
രാമേട്ടനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയശേഷം രവി രാവിലെ വീട്ടിലേക്ക് തിരിച്ചു.
കന്നാരംപുഴയുടെ പാലം തകരുന്നത് താൻ കണ്ടതാണ്. ഇനിയെങ്ങനെ ജീപ്പ് അക്കരെ കടത്തും. ചിന്തയോടെ രവി ജീപ്പോടിച്ചു.
പാലത്തിലെത്തിയ രവി അത്ഭുതപ്പെട്ടുപോയി!
പാലം പൂർവസ്ഥിതിയിൽ തന്നെയുണ്ട്. ചെറിയ കുഴപ്പം പോലും ഇല്ല. അപ്പോൾ താൻ രാത്രിയിൽ കണ്ടത് ?
സ്വപ്നമോ, അതോ മനസ്സിന്റെ തോന്നലോ? അയാൾക്കൊന്നും മനസ്സിലായില്ല.
ഒരിക്കലും സങ്കൽപ്പിക്കാൻ പറ്റാത്ത സംഭവങ്ങളാണല്ലോ കുറെ മണിക്കൂറുകൾക്കു മുമ്പ് താൻ നേരിട്ട് അനുഭവിക്കേണ്ടിവന്നത്.
അതുമായി തടിച്ചുനോക്കുമ്പോൾ ഇതൊക്കെ വളരെ നിസ്സാരം.
ജീപ്പ് വീടിന്റെ മുറ്റത്ത് നിന്നു.
'രാമേട്ടന് എങ്ങനെയുണ്ട്? '
ജീപ്പ് നിൽക്കുന്നതുകണ്ട് ഹരിശങ്കർ ഇറങ്ങിവന്നു. 'കുഴപ്പമൊന്നുമില്ല... ഒരു ദിവസം അവിടെ കിടക്കാൻ ഡോക്ടർ പറഞ്ഞു. '
'ങാ... പിന്നെ ഇവിടെ ഞാൻ പോയശേഷം സംഭവങ്ങളൊന്നും ഉണ്ടായില്ലല്ലോ..!'
'ഇല്ല .' ' മോനും ജലജയും '
'കുഴപ്പങ്ങളൊന്നുമില്ല.'
രവി ഡ്രെസ്സ് മാറ്റി ഒരു ലുങ്കി ഉടുത്തു കൊണ്ട് സിറ്റൗട്ടിലേക്ക് വന്നു.
'ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയപ്പോൾ ഒരു സംഭവം ഉണ്ടായി. '
രവി ഹരിയോട് പറഞ്ഞു.
'എന്താണ്..!' ഹരി ആകാംക്ഷയോടെ രവിയെ നോക്കി. പാലത്തിൽ ഭീകരനെ കണ്ടതും പാലം തകർന്നതുമായ സംഭവങ്ങൾ രവി ഹരിയോട് പറഞ്ഞു.
കിരൺ സ്‌കൂളിൽ പോയി കഴിഞ്ഞപ്പോൾ ജലജ രവിയുടെ അടുത്തേക്ക് വന്നു.
'രവിയേട്ടാ... നമ്മുടെ മോന് രാവിലെ മുതൽ ആകെ ഒരു മാറ്റം പോലെ.. ആരോടും മിണ്ടാട്ടമില്ല. അനക്കമറ്റ് ചിന്തിച്ചിരിക്കും. ചിലപ്പോൾ തുറിച്ചു നോക്കും. എനിക്ക് പേടിയാവുന്നു... '
'കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ അവന്റെ മനസ്സാകെയുലച്ചുകാണും. മോന് പേടി തട്ടിയിട്ടുണ്ടാവും. അതായിരിക്കും. സാരമില്ല. മാറിക്കോളും. മാറിയില്ലെങ്കിൽ നമുക്ക് ഏതെങ്കിലും ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം. നീ സമാധാനപ്പെട്. '
രവി ജലജയെ ആശ്വസിപ്പിച്ചു.
'തത്കാലം നീ ഇതൊന്നും ആരോടും പറയണ്ട. അമ്മയും ശോഭയും അറിയാതിരിക്കുന്നതാണ് നല്ലത്..'
രവി പറഞ്ഞു. ജലജ തലകുലുക്കി.
ഉച്ച കഴിഞ്ഞപ്പോൾ തറവാട്ടു വീട്ടിൽ നിന്നും ശോഭ അങ്ങോട്ട് വന്നു.
'രണ്ടുദിവസം ആയല്ലോ ഏടത്തിയെ ഇങ്ങോട്ട് കണ്ടിട്ട്...'
'എന്ത് പറയാനാ രവി... ഓരോ പണിത്തിരക്കുകൾ. അല്ലാതെന്താ... പിന്നെ നിങ്ങൾക്കും അങ്ങോട്ട് വരാമല്ലോ... അതിനുമാത്രം ദൂരെയൊന്നുമല്ലല്ലോ തറവാട്...' ശോഭ ചിരിച്ചു.
രവിശങ്കറിന്റെ മൂത്ത ചേട്ടൻ ജയശങ്കറിന്റെ ഭാര്യയാണ് ശോഭ. ജയശങ്കർ പട്ടാളത്തിൽ ആയിരുന്നു. രണ്ടുവർഷം മുമ്പ് അതിർത്തിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.
അവരുടെ ഏക മകളാണ് അനിത. പ്ലസ്ടുവിന് പഠിക്കുന്നു.
'രവി... ഹരി എവിടെ..? ഞാനിപ്പോൾ വന്നത് അവനെ കാണാനാ... നമുക്ക് അവനെ ഇങ്ങനെ വിട്ടാൽ മതിയോ.. '
'ഏടത്തി പറയുന്നത് ...? ' രവി ഒന്നും മനസ്സിലാകാതെ ശോഭയെ നോക്കി.
' അവൻ മടങ്ങി പോകുന്നതിനു മുമ്പ് നമുക്ക് അവനെ പിടിച്ച് പെണ്ണ് കെട്ടിക്കണ്ടെ... വയസ്സ് മുപ്പത്തിരണ്ടായി.. '
' അതാണോ കാര്യം...'
അവരുടെ സംസാരം കേട്ട് ഹരി അകത്തുനിന്നും നിന്നും ഇറങ്ങിവന്നു.
'ശോഭേടത്തി ആരെ കെട്ടിക്കുന്ന കാര്യമാ പറയുന്നത്...' ഹരി സെറ്റിയിൽ ഇരുന്നു.
'നിന്നെ തന്നെ... അല്ലാതെ ആരെയാ... ഞാൻ ഒരു പെൺകുട്ടിയെ കണ്ടു വച്ചിട്ടുണ്ട്. നിനക്ക് ഇഷ്ടപ്പെടും... '
മൊബൈൽ ഫോണിന്റെ ഗ്യാലറി തുറന്നു ഒരു ഫോട്ടോ എടുത്ത് ഹരിയെ കാണിച്ചു കൊടുത്തു.
രവിയും ജലജയും ഫോട്ടോ കണ്ടു. എല്ലാവർക്കും പെൺകുട്ടിയെ ഇഷ്ടപ്പെട്ടു.
'ഇത് റെബിന... യു.കെയിൽ നഴ്സാണ്. അവധിക്കു വന്നിട്ടുണ്ട്. എന്റെ ഒരു കസിന്റെ മോളാണ്. അവരാണ് ഈ ആലോചന കൊണ്ടുവന്നത്. ഹരി എന്തുപറയുന്നു... '
' നമുക്ക് ആലോചിക്കാം ഏടത്തി... '
' നിനക്ക് എത്ര മാസം ലീവ് ഉണ്ട് .. '
'ആറുമാസം... '
' എങ്കിൽ നിശ്ചയവും വിവാഹവും നടത്താനുള്ള സമയമുണ്ട്. ഞാൻ പെണ്ണിന്റെ വീട്ടുകാരെ വിളിച്ചു സംസാരിക്കട്ടെ..'
'ഏടത്തി എന്താ വേണ്ടെന്ന് വെച്ചാൽ ചെയ്‌തോളൂ..'
അടുത്തദിവസം ഉച്ചകഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷ വീടിന്റെ മുറ്റത്ത് വന്നുനിന്നു. അതിൽ നിന്നും രാമേട്ടൻ ഇറങ്ങി.
അയാൾ ആകെ ഉന്മേഷവാനായിരുന്നു.
രാമേട്ടൻ ഓട്ടോ പറഞ്ഞയച്ച ശേഷം സിറ്റൗട്ടിലേക്ക് കയറി.
അന്ന് ഒഴിവു ദിവസമായതിനാൽ കിരൺ മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
'രാമൻകുട്ട്യേട്ടൻ .. '.
അവൻ വിളിച്ചുകൊണ്ട് ഓടിവന്നു.
'ങാ... മോനോ...വരൂ ... '
അയാൾ കയ്യിലുണ്ടായിരുന്ന ആപ്പിൾ പാക്കറ്റ് കിരൺ മോന് കൊടുത്തു. അവനതുമായി വീടിനകത്തേക്ക് ഓടിപ്പോയി.
'രാമേട്ടാ സുഖമായോ...' ഹരി ചോദിച്ചു.
'സുഖമുണ്ട് ഹരിക്കു കുഞ്ഞേ.... രവിസാർ എവിടെ?' 'അപ്പുറത്തുണ്ട്... ' ഹരി പറഞ്ഞു.
രവിശങ്കർ ബാത്‌റൂമിൽ കുളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. തലയിലും മുഖത്തും സോപ്പ് തേച്ചു പതപ്പിച്ച ശേഷം ബക്കറ്റിൽ നിന്നും ഒരു കപ്പ് വെള്ളം കോരി തലയിൽ ഒഴിച്ച് മുഖം ഉയർത്തിയ രവി ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി!
ബാത്‌റൂമിന്റെ തറയിൽ പതിപ്പിച്ച ടൈലുകൾ ഇളകുന്നു.!
പെട്ടെന്ന് ടൈലുകൾ പൊട്ടി തകർന്ന് തറയിൽ ഒരു കുഴി രൂപപ്പെട്ടു.
ആ കുഴിയിൽ ഒരു കൈപ്പത്തി പ്രത്യക്ഷപ്പെട്ടു. ചതുപ്പിൽ കണ്ട കൈപ്പത്തിയായിരുന്നു രവിയുടെ മനസ്സിൽ.
ആ കൈ മുകളിലേക്ക് ഉയർന്നുവന്നു. റബറിൽ ഉണ്ടാക്കിയ കൈ പോലെ അത് നീണ്ടു വന്നു. ടൈൽസ് പതിച്ച കുളിമുറിക്കുള്ളിലെ തറ വീണ്ടു കീറി.
രവി വേഗം മുറിക്ക് പുറത്തേക്ക് ഓടി. അടുക്കളയിൽ നിന്നും ഒരു വെട്ടുകത്തി എടുത്തു കൊണ്ട് പാഞ്ഞു വന്നു.
തറയിൽ വച്ച് കൈ വെട്ടിക്കളഞ്ഞു.
ആ കൈ പറന്നു വന്ന് രവിയുടെ കഴുത്തിൽ ഞെക്കി പിടിച്ചു. അയാൾ അലറി കരഞ്ഞുകൊണ്ട് താഴേക്ക് ഓടി.
അപ്പോൾ തന്റെ മുറിയിൽ ആപ്പിൾ കടിച്ചു തിന്നു കൊണ്ടിരിക്കുകയായിരുന്നു കിരൺ മോൻ.
രവിയുടെ അലർച്ചകേട്ടുകൊണ്ട് മുറിക്കുള്ളിൽ നിന്നും ഹരി പാഞ്ഞു വന്നു. ആ കാഴ്ച കണ്ട് അയാളും ഞെട്ടിപ്പോയി.
(തുടരും...)
Content Highlights: Kadal Chekuthan Horror Novel Part 7