രാത്രി ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് രവി ഞെട്ടിയുണർന്നു, ലൈറ്റിട്ടതും അയാൾ പേടിച്ച് നടുങ്ങി!

'ഡാഡീ... ' രവിയെ കണ്ട് കിരൺമോൻ നിലവിളിച്ചു. പരിസരബോധം നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു രവിയും ഹരിയും.
കൺമുമ്പിൽ കാണുന്നതൊന്നും അവർക്കു വിശ്വസിക്കാനാവുമായിരുന്നില്ല. വീണ്ടുവിചാരമുണ്ടായ ഹരി ഒറ്റച്ചാട്ടത്തിന് കിരൺമോനെ, രാമേട്ടന്റെ കയ്യിൽനിന്നും പിടിച്ചുവാങ്ങി.
'രവി സാറെ ഞാൻ... 'രാമേട്ടൻ പൊട്ടിക്കരഞ്ഞു.
പിന്നെ തലമുടിയിൽ പിടിച്ചു വലിച്ചു.
അയാളുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ടു വരഞ്ഞതു പോലെ ചോരപ്പാടുകൾ ഉണ്ടായി. ആ രംഗംകണ്ട് കിരൺമോൻ പേടിച്ചു നിലവിളിച്ചു.
രവിയുടെയും ഹരിയുടെയും അവസ്ഥയും അതു തന്നെയായിരുന്നു.
രാമേട്ടൻ ഒരു നിലവിളിയോടെ ചതുപ്പിലേക്കുതാഴ്ന്നുപോയി.
'ഇനി ഇവിടെ നിൽക്കണ്ട വരൂ. പോകാം.' ഹരി പറഞ്ഞു.
രവിയുടെ കയ്യിലായിരുന്നു കിരൺ. അവർ വേഗം വീട്ടിലേക്കു പോയി.
താൻ കാരണമാണല്ലോ രാമേട്ടൻ മരിച്ചതെന്ന് ഹരി ഓർത്തു. കിരൺമോനെ രക്ഷിക്കാനാണ് രാമേട്ടൻ ബലിയാടായത്.
പതിനഞ്ച് മിനിട്ടുകൊണ്ട് അവർ വീട്ടിൽ എത്തിച്ചേർന്നു.
'രാമേട്ടൻ എവിടെ? ' ജലജയുടെ ചോദ്യത്തിന് രവിക്ക് മറുപടി ഉണ്ടായിരുന്നില്ല.
ജലജ മോനെ വാരിയെടുത്തു.
'എന്റെ മോനെ. നീ ഞങ്ങളെ പേടിപ്പിച്ചുകളഞ്ഞല്ലോ?' അവനെ ഉമ്മവെച്ചുകൊണ്ടവൾ പറഞ്ഞു.
പക്ഷെ കിരൺമോന് ഒന്നും ഓർമ്മയില്ലായിരുന്നു.
അന്നു രാത്രി പിന്നെ ആരും ഉറങ്ങിയില്ല. എല്ലാവരും ഉറങ്ങാതെയിരുന്നു നേരം വെളുപ്പിച്ചു.
രാവിലെ കാറിൽ വന്നിറങ്ങിയ ആളെകണ്ട് രവിശങ്കർ അമ്പരന്നുപോയി.
അസിസ്റ്റന്റ് എൻജിനീയർ ജോൺസനായിരുന്നത്.
'സാർ... മൂന്നാലുദിവസമായല്ലോ വർക്ക് സൈറ്റിലേക്ക് വന്നിട്ട്. ഫോൺ വിളിച്ചപ്പോൾ ലീവ് ആണെന്നല്ലാതെ വ്യക്തമായ ഒരു മറുപടിയും പറഞ്ഞില്ല. അതുകൊണ്ട് നേരിട്ട് വന്ന് വിവരങ്ങൾ അന്വേഷിക്കാമെന്നു കരുതി..' ജോൺസൺ പറഞ്ഞു.
'ഫോണിൽ പറയാൻ പറ്റുന്ന കാര്യം വല്ലതുമാണോ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്..'
പിന്നെ അതുവരെ നടന്ന സംഭവങ്ങൾ വിശദമായി തന്നെ ജോൺസനെ പറഞ്ഞു കേൾപ്പിച്ചു.
അപ്പോൾ ഹരിശങ്കറും അവരുടെ അടുത്തേക്ക് വന്നു.
' എനിക്ക് ഇതൊന്നും വിശ്വസിക്കാനേ പറ്റുന്നില്ല...' ഒന്നുരണ്ട് നിമിഷങ്ങൾക്കുശേഷം അമ്പരപ്പോടെ ജോൺസൺ പറഞ്ഞു.
'പക്ഷേ, ഞങ്ങൾ ദൃക്‌സാക്ഷികൾ ആണ്... എന്താണ് ചെയ്യേണ്ടതെന്നൊരു രൂപവുമില്ല...' രവിയുടെ തൊണ്ടയിടറി.
'ഈ കാലത്തും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമോ? സിനിമയിലൊക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ..! ജോൺസൺ ഒന്നു നിർത്തി.
'മോനെ നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിച്ചാലോ ജോൺസാ.... താങ്കളുടെ അഭിപ്രായം എന്താണ്..?'
'കുട്ടിക്ക് മാനസികമായി എന്തെങ്കിലും തകരാറുണ്ടെങ്കിലല്ലേ സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടതുള്ളൂ.. പറഞ്ഞു കേട്ടിടത്തോളം ഇതെന്തോ പ്രേതബാധയാണ്... പണ്ടുകാലത്ത് ഒക്കെ ബാധകൾ ഒഴിപ്പിക്കുന്ന മന്ത്രവാദികളെക്കുറിച്ച് കേട്ടിട്ടുണ്ട് ...പക്ഷെ ഇന്നിപ്പോൾ അങ്ങനെയുള്ള ആളുകൾ ഉണ്ടോയെന്നറിയില്ല. മലയടിവാരത്തിലുള്ള ഗുഹയിൽ അത്ഭുത സിദ്ധിയുള്ള ഒരു സന്യാസി ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്... സത്യമാണോന്ന് എനിക്കറിയില്ല...'
'അപ്പോൾ മോനെ ഡോക്ടറെ കാണിക്കേണ്ട എന്നാണോ ജോൺസൺ പറയുന്നത്..?'
'ഒരിക്കലുമല്ല... നമുക്ക് നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കാം.. അദ്ദേഹത്തിന്റെ നിർദേശപ്രകാരം എന്ത് വേണമെന്ന് ആലോചിക്കാം.'
'ഏട്ടാ... ജോൺസൺ സാർ പറഞ്ഞതാണ് ശരി... നമുക്കാദ്യമൊരു സൈക്യാട്രിസ്റ്റിനെ കാണിക്കാം..' ജോൺസൺ പറഞ്ഞത് ഹരിയും ശരിവെച്ചു.
'രവി സാറേ... എനിക്ക് പരിചയമുള്ള ഒരു ഡോക്ടറുണ്ട് പട്ടണത്തിൽ. സണ്ണി മാത്യു എന്നാണ് പേര്. ആള് നല്ല പ്രഗത്ഭനാ..രണ്ടുദിവസം മുമ്പേ വിളിച്ചു ബുക്ക് ചെയ്യണം. ഫോൺ നമ്പർ ഞാൻ തരാം...' ജോൺസൺ പറഞ്ഞു.
അദ്ദേഹം മൊബൈൽ ഫോൺ എടുത്ത് രവിശങ്കറിന് ഡോക്ടറുടെ നമ്പർ പറഞ്ഞു കൊടുത്തു.
'എന്നാൽ ഞാൻ ഇറങ്ങട്ടെ സാറേ... നാളെയോ, മറ്റന്നാളോ സാർ സൈറ്റിൽ വരെ ഒന്ന് വരണേ...അവിടെ ആകെ പ്രശ്‌നമാണ്...'
എണീറ്റുകൊണ്ട് ജോൺസൺ പറഞ്ഞു.
രവി തലയിളക്കി
'സാറേ... പ്രേതത്തിന്റെ സാന്നിധ്യം ഈ വീട്ടിൽ ആണെങ്കിൽ രണ്ടുദിവസത്തേക്ക് തറവാട് വീട്ടിലേക്ക് മാറി നിന്നു നോക്കൂ... എന്താണ് സംഭവിക്കുന്നതെന്ന് കാണാമല്ലോ... ഇനി ആ ബാധ മോന്റെ ദേഹത്താണെങ്കിൽ അവിടെ ചെന്നാലും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്... അതുകൂടിക്കഴിഞ്ഞിട്ട് മന്ത്രവാദിയോ സൈക്യാട്രിസ്റ്റിനെയോ കാണുന്നതല്ലേ നല്ലത്. '
ജോൺസൺ പറഞ്ഞത് നല്ലൊരു ബുദ്ധിയാണെന്ന് രവിക്കും ഹരിക്കും തോന്നി. തറവാട്ടു വീട്ടിൽ ആർക്കും ഇതുവരെ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. രവിയോർത്തു.
ഓരോ സംഭവത്തിന്റെ പിന്നിലും കിരൺ മോന്റെ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോയെന്ന് രവി ചിന്തിച്ചു നോക്കി. പക്ഷേ അയാൾക്കൊന്നും കണ്ടെത്താനായില്ല. ഇനി മുതൽ മോനെ കൂടുതൽ ശ്രദ്ധിക്കണം. രവി മനസ്സിലുറച്ചു.
രവി അന്നുതന്നെ ഡോക്ടർ സണ്ണി മാത്യുവിന്റെ ഹോസ്പിറ്റലിൽ വിളിച്ച് കിരണിനെ കാണിക്കാൻ ബുക്ക് ചെയ്തു. രണ്ടുദിവസം കഴിഞ്ഞാണ് ഡേറ്റ് കിട്ടിയിരിക്കുന്നത്.
അന്ന് വൈകുന്നേരം എല്ലാവരും കൂടി തറവാട്ട് വീട്ടിലേക്ക് ചെന്നു.
'ഞാൻ അവധിക്ക് വന്നിട്ട് തറവാട്ടിൽ വന്നു താമസിച്ചില്ലല്ലോ എന്നായിരുന്നല്ലോ അമ്മയുടെയും വലിയേടത്തിയുടെയും പരാതി. അതു തീർക്കാൻ വന്നതാ. മൂന്നാലു ദിവസം കഴിഞ്ഞിട്ട് പോകുന്നുള്ളൂ... '
' ചെറിയച്ഛൻ പറയുന്നത് കേട്ടാൽ തോന്നും പത്തമ്പത് മൈൽ ദൂരത്തു നിന്നാ നിങ്ങൾ വരുന്നതെന്ന്... അല്ലേടാ കിരൺകുട്ടാ... ' അനിത കിരണിനെ നോക്കി ചിരിച്ചു.
'വാടാ...' അവന്റെ കൈയും പിടിച്ച് അവൾ അകത്തേക്കു പോയി.
'ഞാൻ നിന്നെ ഒന്നു കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു... അന്ന് പറഞ്ഞ പെൺകുട്ടിയുടെ കാര്യം ഇല്ലേ... അവളുടെ വീട്ടുകാർക്കെല്ലാം സമ്മതമാണ്. എത്രയും പെട്ടെന്ന് ഉറപ്പിക്കാമെന്നാണ് അവർ പറയുന്നത്...' സന്തോഷത്തോടെ ശോഭ പറഞ്ഞു. ഹരി ചിരിച്ചു.
പടിഞ്ഞാറ് സൂര്യൻ താഴ്ന്നു.
എല്ലാവരും വീടിനുള്ളിൽ ഹരിയുടെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു.
കിരൺമോനെ വിളിക്കാനാണ് വേലക്കാരി സരള മുറ്റത്തേക്കു ചെന്നത്. ഉമ്മറപ്പടിയിൽ ബിസ്‌ക്കറ്റ് തിന്നുകൊണ്ടിരിക്കുകയായിരുന്നു അവൻ.
'മോനെ... പാലു വേണ്ടേ, എണീറ്റു വാ.''
സരള അവനെ വിളിച്ചു. പക്ഷെ അവൻ മറ്റെങ്ങോ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
അവൻ എന്തിനെയാണ് നോക്കുന്നതെന്ന് സരള ശ്രദ്ധിച്ചു. ദൂരെനിന്നും ഒരു തീഗോളം പാഞ്ഞുവരുന്നത് സരള കണ്ടു. അവൾ നിൽക്കുന്നിടത്തുനിന്നും പത്തുമീററർ അപ്പുറം മാറി അത് മുറ്റത്തുവീണ് അപ്രത്യക്ഷമായി.
ആ ഗോളം വീണഭാഗത്ത് ഭൂമിയിൽ വിള്ളലുണ്ടായി. നടുവിൽ അഗാധമായൊരു ഗർത്തം രൂപം കൊണ്ടു.
ആ ഗർത്തത്തിനുള്ളിൽനിന്നും പുക ഉയരാൻ തുടങ്ങി. ആ പുകയിൽനിന്നും ഒരു ഭീകര രൂപം തെളിഞ്ഞുവരുന്നത് സരള കണ്ടു.
ആ കാഴ്ച കണ്ട് സരള ഉറക്കെ നിലവിളിച്ചു.
'എന്താ?'
രവിയും ഹരിയും ഓടി വന്നു!
സരള കൈ ചൂണ്ടി .അവർ അങ്ങോട്ട് നോക്കി.
പക്ഷേ അവിടെയെല്ലാം പൂർവസ്ഥിതിയിലായിരുന്നു.
' നീ എന്താ കണ്ടത്..?' രവി തിരക്കി.
സരള താൻ കണ്ട കാഴ്ച അവരോട് പറഞ്ഞു.
രവി കിരണിനെ നോക്കി.
അവൻ ഈ ലോകത്തെങ്ങുമല്ലാത്ത മട്ടിലിരുന്ന് ബിസ്‌ക്കറ്റ് തിന്നുകയായിരുന്നു.
'മോനെ... ' അയാൾ ചെന്ന് കിരണിനെ എടുത്തു. ഉറക്കത്തിൽ നിന്നെന്നപോലെ അവൻ ഞെട്ടി ഉണർന്നു.
' അച്ഛാ...!' അവൻ രവിയെ കെട്ടിപ്പിടിച്ചു.
അന്നു രാത്രി കിരൺ അനിതയുടെ കൂടെയാണ് ഉറങ്ങാൻ കിടന്നത്. അപ് സ്റ്റെയറിലാണ് അവളുടെ മുറി.
'രവി സാറെ... '
രാത്രി ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് രവിഞെട്ടി ഉണർന്നു. അയാൾ എഴുന്നേറ്റ് ലൈറ്റിട്ടു.
അടുത്ത നിമിഷം രവി നടുങ്ങിപ്പോയി!
വെടിയേറ്റ് ചതുപ്പിൽ വീണു മരിച്ച രാമേട്ടൻ മുന്നിൽ നിൽക്കുന്നു
(തുടരും….)
Content Highlights: Kadal Chekuthan Horror Novel Part 9