ലൂണാർ ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം, ചില ചാന്ദ്രവിശേഷങ്ങൾ....

#ഡോ.അശ്വിന്‍ ശേഖര്‍

ലൂണാർ ഗ്രാമത്തിലേക്കൊരു ഷോർട്ട് ട്രിപ്
ചന്ദ്രനിൽ സംഭവിക്കുന്ന ഉൽക്കവർഷവും അതുസംബന്ധിച്ചുള്ള പഠനവുമാണ് ചന്ദ്രനിൽ ഭാവിയിലൊരു കിണർ കുഴിച്ചെടുക്കാമോ എന്നൊരു ആശയത്തിന് വഴിതെളിച്ചത്. വരുംനാളിൽ മനുഷ്യൻ ചന്ദ്രനിൽ ചെന്ന് ലൂണാർ ഗ്രാമം (Lunar village) ഒക്കെ നിർമിച്ചേക്കാം. അപ്പോൾ ചന്ദ്രനിൽത്തന്നെയുള്ള വെള്ളത്തെ നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാനുള്ള ശാസ്ത്രസാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷകർ ചിന്തിച്ചുതുടങ്ങിക്കഴിഞ്ഞു.

മനുഷ്യരാശി ഒരുകാലത്ത് ഭൂമി വിട്ട് പലായനം ചെയ്യേണ്ടിവന്നാൽ ചന്ദ്രനാണ് നമുക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്ന ബഹിരാകാശതാവളം. ഏകദേശം 3,85,000 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ. മറ്റുള്ള ഗ്രഹങ്ങളെവെച്ച് നോക്കിയാൽ ഇത് ഒരു ഷോർട്ട് ട്രിപ് ആണ്. ചന്ദ്രന്റെ വ്യാസം ഏകദേശം 3500 കിലോമീറ്ററുകൾമാത്രം. ഭാവിയിൽ ചന്ദ്രൻ മുഴുവൻ യാത്രചെയ്യലും അസാധ്യമല്ല. മറ്റുള്ള ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ഒക്കെ താരതമ്യം ചെയ്താൽ നമ്മുടെ ചന്ദ്രന് ഒരു കടുകുമണിയുടെ വലുപ്പമേയുള്ളൂ.

ന്യൂ മൂൺ ആണെങ്കിൽ ഫുൾ എർത്ത്!
ഫുൾ മൂൺ (പൗർണമി) എന്നും ന്യൂ മൂൺ (അമാവാസി) എന്നുമൊക്കെ കൂട്ടുകാർ കേട്ടുകാണുമല്ലോ. എന്നാൽ ചന്ദ്രനിൽനിന്ന് ഭൂമിയെ നോക്കിയാൽ എങ്ങനെയുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിൽനിന്ന് നോക്കുമ്പോൾ ചന്ദ്രൻ ന്യൂ മൂൺ ഫെയ്സിൽ ആണെങ്കിൽ ചന്ദ്രനിൽനിന്ന് നിരീക്ഷകർക്ക് നമ്മുടെ ഭൂമി ഫുൾ എർത്ത് ഫെയ്സിലാണ്. നേരേ തിരിച്ചും. അടുത്തതവണ നേരിയ ചന്ദ്രക്കലയുള്ള സമയത്ത് ചന്ദ്രനെ നോക്കുക. ചന്ദ്രക്കലയില്ലാത്ത ചന്ദ്രന്റെ ബാക്കി ഭാഗത്തും നേരിയ വെളിച്ചം കാണാം. ഭൂമി ഫുൾ എർത്ത് ഫെയ്സ് ആവുമ്പോൾ പുറപ്പെടുവിക്കുന്ന പ്രകാശം മൂണിൽ ചെന്ന് തട്ടി അതിന്റെ പ്രതിഫലനമാണ് നമ്മൾ ഒരു നേരിയ വെളിച്ചമായി ചന്ദ്രക്കലയുടെ ചുറ്റും കാണുന്നത്. ഇതിൽനിന്ന് ഒരുകാര്യം മനസ്സിലാക്കാം. ഊർജതന്ത്രത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ഒക്കെ എല്ലാ കാര്യത്തിനും ഒരു സിമ്മെട്രി ഉണ്ട്. ന്യൂ മൂൺ ആവുമ്പോൾ ഫുൾ എർത്ത്. ഫുൾ മൂൺ ആവുമ്പോൾ ന്യൂ എർത്ത്.

വേറേയുമുണ്ട് മൂൺ
മൂണിന് ഉപഗ്രഹമെന്നും അർഥമുണ്ട്. ഭൂമിയുടെ മൂണിനെ വെറും 'മൂൺ' എന്ന് വിളിക്കാൻ കാരണവുമുണ്ട്. പണ്ട് നമുക്ക്, മറ്റുള്ള ഗ്രഹങ്ങൾക്കും മൂൺ ഉള്ളതായി അറിയില്ലായിരുന്നു. 1610-ൽ ഇറ്റാലിയൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗലീലിയോ, അദ്ദേഹം നിർമിച്ച ദൂരദർശിനിയിലൂടെ വ്യാഴത്തിന്റെ (Jupiter) മൂണുകൾ നിരീക്ഷിച്ചപ്പോഴാണ് വേറേയും ധാരാളം മൂണുകൾ സൗരയൂഥത്തിലുണ്ടെന്ന് മനുഷ്യൻ അറിയുന്നത്.

ക്വാസി-മൂൺ പാതകൾ
ചന്ദ്രനുപുറമേ ഭൂമിയെ വലംവയ്ക്കുന്ന ഒന്നിൽക്കൂടുതൽ ക്വാസി-മൂണുകൾ (quasi-moons) ഉണ്ട്. അവയുടെ ഭ്രമണപഥം ചന്ദ്രന്റെതുപോലെ ഏകദേശ വൃത്താകൃതിയല്ല. വളരെ സങ്കീർണത നിറഞ്ഞ ഭ്രമണപഥങ്ങളാണ് അവയുടെത്. ഈ ക്വാസി-മൂൺ പാതകൾ നമ്മുടെ പരമ്പരാഗത മൂൺ ഓർബിറ്റുകൾപോലെ സ്ഥിരതയുള്ളതല്ലതാനും. അതുകൊണ്ടുതന്നെ ചില ക്വാസി-മൂണുകൾ ഇടയ്ക്കൊക്കെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽനിന്ന് വിട്ടുപോകാനിടയുണ്ട്. ക്വാസി-മൂണുകളിൽ ചിലത് ഭൂമിക്കുചുറ്റും വരുകയും പോവുകയും ഒക്കെ ചെയ്തുകൊണ്ടേയിരിക്കും.

മൂണിനെ ചുറ്റുന്ന മൂൺ
മൂണിനെ ചുറ്റുന്ന വേറേ മിനി-മൂൺ ഉണ്ടാവുക സാധ്യമാണോ? ശാസ്ത്രീയമായി പറയുകയാണെങ്കിൽ അതും സാധ്യമാണ്. ദൂരദർശിനികൊണ്ട് നിരീക്ഷിക്കാവുന്ന വലുപ്പത്തിലുള്ള മിനി-മൂൺ ഒന്നും ഇപ്പോൾ മൂണിനെ വലംവയ്ക്കുന്നില്ല. അങ്ങനെ പറയുമ്പോൾത്തന്നെ, ചെറിയ വലുപ്പത്തിലുള്ള പാറക്കഷണങ്ങളും കണികകളും ഒക്കെ മൂണിനെ വലംവയ്ക്കുന്നുണ്ടുതാനും.

ഹയ്യോ, കുഴി!
നമ്മുടെ പാവം ചന്ദ്രന് ഇപ്പോഴും കൂട്ടിയിടിയിൽനിന്നും സ്ഫോടനത്തിൽനിന്നും മോചനം കിട്ടിയിട്ടില്ല. ദൂരദർശിനിയിലൂടെ ചന്ദ്രനെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ ചന്ദ്രൻ മുഴുവൻ കുഴികളാണ്. പല ആകൃതിയിലും വലുപ്പത്തിലും ഉള്ള ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും ഉൽക്കകളും ഒക്കെ ചന്ദ്രനിൽ ചെന്ന് പതിക്കുന്നതിന്റെ കൈയൊപ്പാണ് ഈ കാണുന്ന കുഴികൾ അഥവാ ലൂണാർ ക്രേറ്റേഴ്‌സ്.

Content Highlights: Potential for establishing a lunar village and utilizing moon water., The Moon as the most accessible space outpost for humanity.