ജൂലായ് 29, അന്താരാഷ്ട്ര കടുവദിനം: കടുവകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

#സി.ആര്‍.രവി

ഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ 2010 ൽ ചേർന്ന ഇന്റർനാഷണൽ ടൈഗർ കൺസർവേഷൻ ഫോറം ആണ് ജൂലായ് 29 രാജ്യാന്തര കടുവ ദിനമായി കൊണ്ടാടാൻ തീരുമാനിച്ചത്. ലോകത്ത് വംശനാശ ഭീഷണി നേരിടുന്നതും നേരിട്ടതുമായ ജീവികളുടെ റെഡ് ഡാറ്റ ബുക്കിലെ കണക്കിൽ കടുവ വംശനാശ ഭീഷണി നേരിടുന്നവയിൽ മുൻപന്തിയിലുണ്ട്. ഇന്ത്യയുടെ ദേശീയ മൃഗമായിരുന്ന സിംഹത്തെ മാറ്റി 1972 ലാണ് കടുവയെ ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് തിരഞ്ഞെടുത്തത്. ബംഗ്ലാദേശിന്റെയും ദേശീയ മൃഗമാണ് റോയൽ ബംഗാൾ ടൈഗർ.

ജന്മദേശം
കടുവയുടെ ജന്മദേശം സൈബീരിയയാണ് വെള്ള, ബ്രൗൺ, കറുപ്പ്, ഗോൾഡൻ എന്നീ ശരീരവർണ്ണങ്ങളിൽ ഇവ യൂറേഷ്യയുടെ മിക്ക ഇടങ്ങളിലും ഹിമയുഗത്തിൽ തന്നെ ഉണ്ടായിരുന്നു. ഇക്കാലത്ത് തുന്ദ്ര വനങ്ങളിലായിരിക്കണം ഇവ പിറവിയെടുത്തതെന്നും അനുമാനിക്കുന്നു. ഏഷ്യൻ വൻകരയിൽ മാത്രമാണിപ്പോൾ കടുവയെ കണ്ടുവരുന്നത്. സൈബീരിയൻ, ജാവൻ, സുമാത്രൻ, ബംഗാൾ, ചൈനീസ്, ബാലിനീസ്, കാസ്പിയൻ, ഇന്ത്രാ ചൈനീസ് എന്നീ എട്ട് ഉപജാതികളാണ് കടുവകൾക്കുള്ളത്. ഇവയിൽ 1983 ൽ ബായി കടുവയും 1980 ൽ കാസ്പിയൻ കടുവയും നാമാവശേഷമായി. 1988 ൽ ജാവൻ കടുവയും ഭൂമുഖത്ത് നിന്ന് ഇല്ലാതായി.

ഗോപാൽ കടുവ
കാട്ടിൽ കഴിയുന്ന കടുവയുടെ ആയുർദൈർഘ്യം 15 വയസ്സുവരെയാണ്. കൂട്ടിലിട്ട് പരിചരിച്ചാൽ 20 വയസ്സുവരെ കടുവ ജീവിച്ചേക്കാം. 20 വയസ്സുവരെ ജീവിച്ച കടുവ തിരുവനന്തപുരം മൃഗശാലയിൽ ഉണ്ടായിരുന്നു. 25 വയസ്സ് കണക്കാക്കിയ ഹൃഷിരാജ് എന്ന കടുവ തൃശ്ശൂർ മൃഗശാലയിൽ 2025 ലാണ് ചത്തത്. കർണാടകയിലെ ബന്നാർഘട്ടെ കടുവ സങ്കേതത്തിൽ കഴിയുന്ന ഗോപാൽ എന്ന് പേരിട്ട കടുവയ്ക്ക് ഇപ്പോൾ 18 വയസ്സ് കഴിഞ്ഞിരിക്കുന്നു. ആറു വയസിൽ ഇവിടെയെത്തിയ ഈ കടുവ വൈൽഡ് ലൈഫ് എസ്ഒഎസ് എന്ന സംഘടനയുടെ പരിചരണത്തിലാണുള്ളത്. കടുവകളെ അടുത്ത് കാണാൻ കഴിയുന്ന മറ്റൊരു ദേശീയോദ്യാനമാണ് രാജസ്ഥാനിലെ രൺതംബോർ വനമേഖല.

കണ്ടലിലെ കടുവ
ഇന്ത്യയിൽ വനങ്ങളിൽ മാത്രമല്ല കടുവകൾ അധിവസിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന കണ്ടൽ പ്രദേശമായ സുന്ദർബൻ, കടുവകളുടെ കൂടി ഇഷ്ട വിഹാര സ്ഥലമാണ്. 1984 ലാണ് സുന്ദർബൻ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഈ പ്രദേശം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇവിടെ കണ്ടുവരുന്ന കടുവകൾ വെള്ളത്തിൽ നീന്താനും മീൻ പിടിക്കാനും മികവുള്ളവയാണ.് ഇവ നരഭോജികളെന്നും അറിയപ്പെടുന്നു.

കറുത്ത കടുവ
സാധാരണ വർണ്ണങ്ങളിൽ നിന്ന് മാറി കറുപ്പ് നിറത്തിലുള്ള കടുവകളുണ്ട്. ലോകത്ത് ഇത്തരം 20 മെലിനിസ്റ്റിക് കടുവകളുണ്ടെന്നാണ് കണക്ക്. സ്യൂഡോ മെലാനിസം എന്ന ജനിതക വ്യതിയാനമാണ് ഇത്തരം കറുത്ത വർണ്ണത്തിന് കാരണം. മെലാനിൻ എന്ന വർണ്ണവസ്തു കൂടിയ അളവിലുള്ളത് കറുത്ത നിറം നൽകുന്നു. ഇത്തരം കടുവകളിൽ 90 ശതമാനവുമുള്ളത് ഒഡീഷയിലെ മയൂർഭഞ്ജിലെ സിമിലിപാൽ കടുവാസങ്കേതത്തിലാണ്. കഴിഞ്ഞവർഷം പ്രസൻജിത്ത് യാദവ് എന്ന ഫോട്ടോഗ്രാഫർ നാലുമാസത്തോളം സിമിലിപാൽ പ്രദേശത്ത് തമ്പടിച്ച് ഒരു കറുത്ത കടുവയെ കണ്ടെത്തി തന്റെ ക്യാമറയിൽ പകർത്തുകയുണ്ടായി. ഈ ഫോട്ടോ പിന്നീട് നാഷണൽ ജിയോഗ്രഫി അന്താരാഷ്ട്ര മാഗസിൻ മുഖചിത്രമായി നൽകുകയുമുണ്ടായി.

കടുവ സെൻസസ്
കടുവകൾക്കുമുണ്ട് കണക്കെടുപ്പ്. നാലുവർഷം കൂടുമ്പോഴാണിത്. ഡിസംബർ ഒന്ന് മുതൽ ഏപ്രൽ വരെയാണ് കണക്കെടുപ്പ് പ്രക്രിയ. 2025 ൽ ആരംഭിച്ച കണക്കെടുപ്പ് ഇന്ത്യയിൽ ആറാമത്തേതാണ്. എം സ്‌ട്രൈപ്‌സ് എന്ന മൊബൈൽ ആപ്പിൽ അപ്പപ്പോൾ വിവരങ്ങൾ രേഖപ്പെടുത്തിയാണ് കടുവ സെൻസസ് നടത്തുക. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സഹകരിച്ചാണ് കടുവകളുടെ എണ്ണം രാജ്യത്ത് ശേഖരിക്കുന്നത്. മൂന്നു ഘട്ടങ്ങളുണ്ട് ഈ കണക്കെടുപ്പ് പ്രക്രിയയ്ക്ക്. കടുവകളുടെ നേരിട്ടുള്ള സാന്നിധ്യം, ഇത്തരത്തിൽ സാന്നിധ്യം ഉണ്ടാവാനുള്ള സാധ്യത, കാൽപ്പാടുകൾ, കാഷ്ഠം, കടുവ നഖങ്ങൾ കൊണ്ട് വൃക്ഷത്തിൽ ഉണ്ടാക്കുന്ന പാടുകൾ എന്നിവയെല്ലാം ഇവയെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളാണ്. കാട്ടിൽ സ്ഥാപിക്കുന്ന ക്യാമറകളിൽ ലഭിക്കുന്ന ചിത്രങ്ങളും സെൻസസിൽ പ്രധാനമാണ്. ഇവയുടെ ശരീരത്തിലെ പാടുകൾ, വരകൾ, നിറവ്യത്യാസം എന്നിവയിലെ വ്യത്യസ്തതകളും എണ്ണമെടുക്കുന്നതിലെ അടിസ്ഥാന ഘടകങ്ങളാണ്.

2022 ൽ നടന്ന കടുവ സെൻസസിൽ രാജ്യത്താകെ 3682 കടുവകളുണ്ടെന്നാണ് രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ എണ്ണം മധ്യപ്രദേശിലാണ്. 785 എണ്ണം. കേരളത്തിൽ 213 കടുവകളുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. 2018 ലെ കടുവ സെൻസസിനേക്കാൾ 24 ശതമാനം കടുവകളാണ് 2022 ൽ വർധിച്ചത്. ഇന്ത്യയിൽ ആകെ 54 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയിൽ ഏറ്റവും വലുത് ആന്ധ്രപ്രദേശിലെ നാഗാർജുന സാഗറും ചെറുത് ഉത്തർപ്രദേശിലെ അമൻഗഡ് ടൈഗർ റിസർച്ചുമാണ്. പെരിയാറും പറമ്പിക്കുളവുമാണ് കേരളത്തിലെ കടുവസങ്കേതങ്ങൾ.

കൂടുന്ന മരണനിരക്ക്
ഇന്ത്യയിൽ കടുവകളുടെ മരണനിരക്ക് വർധിക്കുന്നതായി 2025 ലെ കണക്കുകൾ പറയുന്നു. 166 കടുവകൾ കഴിഞ്ഞവർഷം രാജ്യത്ത് ചത്തതായാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി കണ്ടെത്തിയിട്ടുള്ളത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 40 എണ്ണത്തിന്റെ കൂടുതലായിരുന്നു. എന്നാൽ മൊത്തം കടുവകളെ കണക്കാക്കിയാൽ മരണനിരക്ക് 2025 ൽ അഞ്ച് ശതമാനത്തിൽ താഴെയുമാണ്. ഏറ്റവും കൂടുതൽ കടുവകൾ 2025 ൽ ചത്തത് (55 എണ്ണം) മധ്യപ്രദേശിലാണെങ്കിൽ കേരളത്തിൽ 13 കടുവകളുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. കടുവകൾ തമ്മിൽ ഇരകൾക്കായുള്ള ഏറ്റുമുട്ടലും, തോലിനും പല്ലിനുമെല്ലാമായുള്ള വേട്ടയാടലും, വൈദ്യുതാഘാതവും മറ്റ് അപകടങ്ങളുമാണ് കടുവകളുടെ മരണത്തിനുള്ള പ്രധാന കാരണങ്ങൾ.

Content Highlights: Origins of International Tiger Day established in 2010., Overview of tiger subspecies and extinct species like the Javan and Caspian tigers.