കൂട്ടിയാലും കുറച്ചാലും!

#കെ. തങ്കമണി, നാദാപുരം
വര: ജോയ് തോമസ്
വര: ജോയ് തോമസ്

അശ്വിനും ജിതിനും മുറ്റത്ത് കളിക്കുകയാണ്. അപ്പോഴാണ് അഞ്ജു ഒരു സംശയവുമായി ചേട്ടന്മാരുടെ അടുത്ത് വന്നത്. അഞ്ജു ചേട്ടന്മാരോടായി പറഞ്ഞു:
''രണ്ട് സംഖ്യകൾ കൂട്ടിയാൽ, 75 കിട്ടും. കുറച്ചാൽ, 15 കിട്ടും. സംഖ്യകൾ ഏതൊക്കെയാണ്? എന്നെ ഒന്ന് സഹായിക്കാമോ, ചേട്ടന്മാരേ?''
ഒന്നാലോചിച്ചശേഷം അശ്വിനും ജിതിനും ഒന്നിച്ച് പറഞ്ഞു: ''സംഖ്യകൾ 45, 30!''


അഞ്ജുവിന് അതിശയമായി: ''ഇതെങ്ങനെയാ കിട്ടിയേ, ഇത്ര പെട്ടെന്ന്!''
അശ്വിൻ പറഞ്ഞു: ''തുകയായ 75-ഉം വ്യത്യാസമായ 15-ഉം കൂട്ടിയാൽ, 90 കിട്ടും. അതിന്റെ പകുതിയായ 45 ആണ്, വലിയ സംഖ്യ.
അങ്ങനെയെങ്കിൽ, ചെറിയ സംഖ്യ = 45-15 = 30 ആണ്.''


അപ്പോൾ ജിതിൻ പറഞ്ഞു: ''ഞാൻ കണ്ടെത്തിയത് മറ്റൊരു രീതിയിലാണ്. തുകയായ 75-ൽനിന്ന് സംഖ്യയുടെ വ്യത്യാസമായ 15 കുറച്ചാൽ 60 കിട്ടും. 60-ന്റെ പകുതിയായ 30 ആണ് ചെറിയ സംഖ്യ.
അപ്പോൾ വലിയ സംഖ്യ = 30+15 = 45.'
'എങ്കിൽ ഞാനൊരു കാര്യം ചോദിക്കട്ടേ?'', അമ്മയാണ് ചോദിച്ചത്.
''രണ്ട് സംഖ്യകൾ കൂട്ടിയാൽ 42. കുറച്ചാൽ 12. സംഖ്യകളേതൊക്കെ?''
അഞ്ജുവാണ് ഉടനെ ഉത്തരം പറഞ്ഞത്: '27, 15. ശരിയല്ലേ, അമ്മേ?''
''മിടുക്കിക്കുട്ടി. ശരിതന്നെ!


27+15 = 42
27-15 = 12.'
'എങ്കിൽ, മറ്റൊന്ന് എന്റെ വക.'', അച്ഛനാണ് പറഞ്ഞത്.
''രണ്ട് സംഖ്യകളുടെ തുക 82. അവയുടെ വ്യത്യാസം 18. എങ്കിൽ, വലിയ സംഖ്യയേത്?''
മൂന്നുപേരും ഒരുമിച്ച് ഉത്തരം കൊടുത്തു:


''82+18 = 100
100/2 = 50
മറ്റേ സംഖ്യ, 50-18 = 32.'
ഇനി 50, 32 എന്നീ സംഖ്യകൾ നോക്കാം. അവ കൂട്ടിയാൽ, 50+32 = 82-ഉം വ്യത്യാസം, 50-32 = 18-ഉം.''
''ശരി, എങ്കിൽ വേറൊന്ന്. രണ്ട് സംഖ്യകളുടെ തുക 35-ഉം വ്യത്യാസം 23-ഉം. എങ്കിൽ, ചെറിയ സംഖ്യയേത്?'', അച്ഛൻ വിടാൻ ഭാവമില്ല.
ഉടനെ ഉത്തരം വന്നു.
''35-23 = 12
12-ന്റെ പകുതി, അതായത് 12/2 = 6 ആണ്.
ഉത്തരം:
മറ്റേ സംഖ്യ, 6+23 = 29.
ഇനി 6, 29 എന്നീ സംഖ്യകൾ നോക്കൂ,
അവ കൂട്ടിയാൽ, 6+29 = 35
കുറച്ചാൽ, 29-6 = 23.'


'വളരെ ശരിയാണല്ലോ, മക്കളേ. മിടുക്കന്മാർക്കും മിടുക്കിക്കും ഇതാ ചോക്ലേറ്റ്,'' അച്ഛൻ പറഞ്ഞു. അശ്വിനും ജിതിനും അഞ്ജുവിനും സന്തോഷമായി.

Content Highlights: simple maths tips