സ്ലോവാക്യയിലെ തലയില്ലാത്ത അസ്ഥികൂടങ്ങളുടെ പിന്നിലെന്ത്? സത്യമറിയാം

#ധനൂജ്‌

യൂറോപ്പിലെ സ്ലോവാക്യ എന്ന രാജ്യത്തിലെ ഒരു പഴയ ഗ്രാമത്തിൽ മണ്ണ് തുരന്ന് പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടി. മണ്ണിൽ ഒന്നിച്ച് അടക്കം ചെയ്ത നിലയിൽ 80 ഓളം മനുഷ്യരുടെ അസ്ഥികൂടങ്ങൾ. എന്നാൽ വിചിത്രമായ കാര്യം അതൊന്നുമല്ല. ഈ അസ്ഥികൂടങ്ങൾക്കൊന്നിനും തലയോട്ടി ഇല്ലായിരുന്നു!

ഏകദേശം 7,000 വർഷങ്ങൾക്ക് മുൻപ് നവീനശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരെക്കുറിച്ചുള്ള കണ്ടെത്തലാണിത്. ഇവരെ ഏതെങ്കിലും യുദ്ധത്തിൽ തലവെട്ടി കൊന്നതായിരിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധിച്ചപ്പോഴാണ് മനസ്സിലായത്, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ശ്രദ്ധയോടെയാണ് തലകൾ വേർപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇത് യുദ്ധത്തിന്റെ ഫലമല്ലെന്ന്‌ ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
പിന്നെ എന്തുകൊണ്ടായിരിക്കാം ഇങ്ങനെ ചെയ്തത്?
പണ്ടുകാലത്തെ ആളുകൾക്ക് ദൈവങ്ങളിലും ആത്മാക്കളിലുമൊക്കെ വലിയ വിശ്വാസമുണ്ടായിരുന്നു. മരിച്ചുപോയ ആളുകളോട് ആദരവ് കാണിക്കാനോ അല്ലെങ്കിൽ അവരുടെ ആചാരങ്ങളുടെയോ ഒക്കെ ഭാഗമായിട്ടായിരിക്കാം ഇങ്ങനെ തലകൾ മാത്രം മാറ്റിവെച്ചത്. ആ തലയോട്ടികൾ അവർ വീടുകളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടാകാം എന്നും കരുതപ്പെടുന്നു.

പണ്ടുകാലത്തെ മനുഷ്യരുടെ വിചിത്രമായ ചില ആചാരങ്ങളെക്കുറിച്ചുള്ള അറിവാണ് ശാസ്ത്രജ്ഞർക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

Content Highlights: Discovery of 80 headless skeletons in a Slovakian village