ആനന്ദത്തിന്റെ പൂക്കൾ: നൊബേൽ സമ്മാന ജേതാവ് വില്യം ലോറൻസ് ബ്രാഗിന്റെ കഥ

നല്ലൊരു ജോലി കിട്ടി ലണ്ടനിലേക്ക് പുറപ്പെടുകയാണ് ലോറൻസ്. എങ്കിലും താൻ നട്ടുനനച്ചുപരിപാലിക്കുന്ന പ്രിയപ്പെട്ട പൂന്തോട്ടം ഉപേക്ഷിച്ചുപോകുന്നതോർത്തപ്പോൾ, അദ്ദേഹത്തിന് ദുഃഖം തോന്നി. ലണ്ടൻപോലൊരു വൻനഗരത്തിലെ ഫ്ളാറ്റിൽ ഒരിക്കലും പൂന്തോട്ടം നിർമിക്കാനാവില്ലല്ലോ.

ലണ്ടനിലെത്തിയിട്ടും ലോറൻസിന് പൂന്തോട്ടത്തെക്കുറിച്ചുതന്നെയായിരുന്നു ചിന്ത. വൈകാതെ, ലോറൻസിന് ഒരുപായം തോന്നി. തെരുവിൽനിന്ന് പൂന്തോട്ടംപണിക്കാർ ഉപയോഗിക്കുന്ന ഒരു പഴയവസ്ത്രം അദ്ദേഹം സംഘടിപ്പിച്ചു. ഒരു മൺവെട്ടിയും. എന്നിട്ട്, ലണ്ടനിലെ പണക്കാർ താമസിക്കുന്ന തെരുവിലൂടെ നടന്നു. അപ്പോഴാണ്, ഒരു വീടിനുമുന്നിൽ താൻ സ്വപ്നത്തിൽ കണ്ടതുപോലെ മനോഹരമായ ഒരു പൂന്തോട്ടം കണ്ടത്. അദ്ദേഹം ആ വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു.

മാന്യയായ ഒരു സ്ത്രീയാണ് വാതിൽ തുറന്നത്. ലോറൻസ് അവരെ വണങ്ങി: ''വില്ലി എന്നാണ് എന്റെ പേര്. പൂന്തോട്ടത്തിൽ എന്തെങ്കിലും പണി കിട്ടുമോ എന്നറിയാൻ വന്നതാണ്.''

ലോറൻസിന്റെ രൂപം കണ്ട് ദയവുതോന്നിയ ആ സ്ത്രീ അദ്ദേഹത്തിന് പണി കൊടുത്തു. ഒഴിവുസമയങ്ങളിൽ ലോറൻസ് പൂന്തോട്ടത്തിലെത്തി. ഒന്നുരണ്ടുമാസംകൊണ്ട് ലോറൻസ് ആ പൂന്തോട്ടം അതിമനോഹരമാക്കിത്തീർത്തു. വീട്ടുടമസ്ഥയ്ക്ക് തോട്ടക്കാരനോട് വലിയ മതിപ്പുതോന്നി.

നാളുകൾ കടന്നുപോയി. ഒരുദിവസം ആ വീട്ടിൽ ഒരു സന്ദർശകൻ വന്നു. വീട്ടുടമസ്ഥ അതിഥിയെ സ്വീകരിക്കാൻ മുറ്റത്തേക്കിറങ്ങിവന്നു. മുറ്റത്തെ മനോഹരമായ പൂന്തോട്ടത്തിലേക്ക് കണ്ണോടിച്ച സന്ദർശകൻ തോട്ടം കിളയ്ക്കുന്ന ലോറൻസിനെ കണ്ട് ഞെട്ടി നിലവിളിച്ചു: ''ദൈവമേ! ഞാനെന്താ ഈ കാണുന്നത്? സർ ലോറൻസ് ബ്രാഗ് പൂന്തോട്ടം കിളയ്ക്കുന്നോ?''

ഇതുകേട്ട ലോറൻസ് അവിടെനിന്ന് രക്ഷപ്പെടാൻ നോക്കിയെങ്കിലും പറ്റിയില്ല. സന്ദർശകൻ അമ്പരപ്പ് വിട്ടുമാറാതെ വീട്ടുടമസ്ഥയോട് വീണ്ടും പറഞ്ഞു: ''നിങ്ങൾക്ക് ഇദ്ദേഹത്തെ അറിയില്ലേ? ഫിസിക്സിന് നൊബേൽ സമ്മാനം കിട്ടിയ വില്യം ലോറൻസ് ബ്രാഗാണ് ഇദ്ദേഹം. ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റിയൂഷന്റെ മേധാവി!''

തന്റെ കള്ളി പൊളിഞ്ഞതിലുള്ള നാണക്കേടിൽ വില്യം ലോറൻസ് ബ്രാഗ് തലതാഴ്ത്തിനിന്നു. ഇത്രയും കാലം താൻ ഒരു നൊബേൽ ജേതാവിനെയാണല്ലോ കൂലിപ്പണിക്ക് നിർത്തിയതെന്നോർത്ത് ആ സ്ത്രീയും അമ്പരന്നുനിന്നു!

അതെ, മണ്ണും പ്രകൃതിയും നൽകുന്ന സന്തോഷത്തെക്കാൾ വലുതല്ല, എത്ര വലിയ പദവിയുമെന്ന് തെളിയിക്കുകയായിരുന്നു ആ മഹാനായ ശാസ്ത്രജ്ഞൻ!

Content Highlights: The story highlights the humility of Nobel laureate William Lawrence Bragg., It emphasizes that personal happiness and nature are more valuable than professional status.