അകൗല്യയും മലാഷയും മുതിർന്നവരെ പഠിപ്പിച്ച പാഠമെന്താണെന്നറിയാമോ?

മഞ്ഞുകാലത്തിന്റെ പുതപ്പുമാറ്റി പ്രകൃതി വസന്തത്തിന്റെ മനോഹരമായ കുപ്പായങ്ങൾ അണിഞ്ഞൊരുങ്ങി നിന്ന ഏപ്രിൽ മാസം. ഈസ്റ്ററിന്റെ വരവറിയിച്ച് ലില്ലിപ്പൂക്കൾ പുൽമേടുകളിൽ തലയുയർത്തി. ഉരുകിത്തുടങ്ങിയ മഞ്ഞുപാളികൾ ചെറിയ നീർച്ചാലുകളായി ഒഴുകുന്നുണ്ടായിരുന്നു. അതിലൊരു നീർച്ചാലിന്റെ അരികിൽ വച്ചാണ് അന്ന് മലാഷയും അകൗല്യയും കണ്ടുമുട്ടിയത്. പള്ളിയിൽ നിന്നും വീടുകളിലേക്ക് മടങ്ങുകയായിരുന്നു അയൽവാസികളായ ആ പെൺകുട്ടികൾ. മഞ്ഞിന്റെ മടുപ്പിക്കുന്ന തണുപ്പിൽ നിന്നും വസന്തത്തിന്റെ ഇളം ചൂടിലേക്കുള്ള പ്രകൃതിയുടെ മാറ്റം അവരെ ഉല്ലാസവതികളാക്കി. കാലുറകൾ അഴിച്ചുമാറ്റി അവർ ഒരു നീർച്ചാലിലേക്കിറങ്ങി.
അതിനിടെയാണ് മലാഷ നീർച്ചാലിലെ കലങ്ങിയിരുണ്ട വെള്ളം അകൗല്യയുടെ കുപ്പായത്തിൽ തെറിപ്പിച്ചത്. ഇരുണ്ട പുള്ളിക്കുത്തുകൾപോലെ അകൗല്യയുടെ മഞ്ഞക്കുപ്പായത്തിൽ ചെളി പാടുകൾ വീഴ്ത്തി. കളി കാര്യമായെന്നു മനസ്സിലായ മലാഷ നീർച്ചാലിൽ നിന്നും കയറി തെരുവിലൂടെ വീട്ടിലേക്ക് ഒരൊറ്റയോട്ടം. തൊട്ടു പിന്നാലെ വാശിയും ദേഷ്യവും ചുവപ്പിച്ച മുഖത്തോടെ അകൗല്യയും.
ഇതു കണ്ടുകൊണ്ടാണ് അകൗല്യയുടെ അമ്മ ആ വഴി വന്നത്. വിശേഷ അവസരങ്ങളിൽ മാത്രം അണിയാറുള്ള ആ സാറ്റിൻ കുപ്പായത്തിലെ ചെളിക്കറ കണ്ട അമ്മയ്ക്ക് കലി അടക്കാനായില്ല. കാര്യം അറിഞ്ഞതും അവർ മലാഷയെ പിടിച്ചു നിർത്തി ഒരടി കൊടുത്തു. കുറുമ്പിനു കിട്ടിയ ശിക്ഷയാണ് അതെന്ന് ഓർക്കാതെ മലാഷ ഉറക്കെയുറക്കെ കരയാനും തുടങ്ങി.
മകളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അവളുടെ അമ്മയും എവിടെ നിന്നോ ഓടി വന്നു. അതോടെ വഴക്ക് രണ്ട് അമ്മമാരും തമ്മിലായി. ഇതുകേട്ട് തെരുവിന്റെ കോണുകളിൽ നിന്നും ആളുകൾ ഈച്ചകളെപ്പോലെ ഇരച്ചു കൂടി. പിന്നെയുണ്ടായ പുകില്... ന്യായം ആരുടെ പക്ഷത്താണെന്നതിനെപ്പറ്റി ആളുകൾ തമ്മിൽ ചേരി തിരിഞ്ഞ് വഴക്കായി. ''നിസ്സാരകാര്യത്തിന് ഇങ്ങനെ കശപിശ കൂടാതെ ഒന്ന് അടങ്ങ് കൂട്ടരേ!'', അകൗല്യയുടെ മുത്തശ്ശി ആളുകളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആരുകേൾക്കാൻ!
അങ്ങനെ കശപിശ കൈയാങ്കളിയിലേക്ക് കടക്കാൻ തുടങ്ങിയ നേരത്താണ് അകൗല്യയുടെ മുത്തശ്ശി തെരുവോരത്തെ നീർച്ചാലിനടുത്തേക്ക് വിരൽചൂണ്ടി എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടു തിരിച്ചത്. ഇക്കണ്ട വഴക്കിനെല്ലാം കാരണക്കാരായ ആ രണ്ട് കൊച്ചു പെൺകുട്ടികളും കൈകോർത്തു പിടിച്ച് ഒരു കടലാസുതോണിയുമായി അതാ ആ നീർച്ചാലിന്റെ കരയിൽ.
വെള്ളത്തിലൊഴുക്കിവിട്ട കടലാസു തോണിയെ പിന്തുടർന്ന് ആളുകൾക്കിടയിലൂടെ എപ്പോഴത്തേയും പോലെ ഉന്മേഷവതികളായി അവരിരുവരും പാഞ്ഞു. മഞ്ഞിന്റെ മേലാപ്പിനിടയിലൂടെ അരിച്ചു വന്ന സൂര്യപ്രകാശത്തിൽ അപ്പോൾ അവരിരുവരും രണ്ട് അരയന്നങ്ങളെപ്പോലെ തോന്നിച്ചു.
Content Highlights: tolstoy story of two little girls