അത്യാഗ്രഹികളായ മൂന്ന് ചങ്ങാതിമാർ! കഥ വായിക്കാം

#സന്തോഷ് വള്ളിക്കോട്

രു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു. ഒരുദിവസം അവർ കൂടുതൽ കാശുണ്ടാക്കാൻപറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നുവേണം അവർക്ക് പട്ടണത്തിലെത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിലൊരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തുനോക്കുമ്പോഴതാ അതിൽ നിറയെ സ്വർണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ലോ. പിന്നെ പണി അന്വേഷിച്ച് പട്ടണത്തിലേക്ക് പോവുകയുംവേണ്ട.

അവർ തിരികെ നടക്കാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേരും വിശപ്പും ദാഹവും കാരണം അല്പം വിശ്രമിച്ചിട്ട് പോകാമെന്നുവെച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: ''നിങ്ങളിവിടിരിക്ക്. കുറച്ചുകൂടി നടന്നാൽ വല്ല കടയും കാണും. ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാം.''

മറ്റ് രണ്ടുപേരും അത് സമ്മതിച്ചു. അയാൾ ഭക്ഷണംതേടി പോയി. മറ്റു

ള്ളവർ സ്വർണത്തിന് കാവലിരുന്നു.

ഭക്ഷണം വാങ്ങി തിരികെ വരുമ്പോൾ അയാളുടെ മനസ്സിൽ ഒരു ചിന്ത വന്നു. 'മറ്റ് രണ്ടുപേരെയും ഇല്ലാതാക്കിയാൽ സ്വർണം മുഴുവനും എനിക്ക് എടുക്കാം.' അയാൾ കുറച്ച് വിഷം വാങ്ങി ചങ്ങാതിമാർക്കുള്ള ഭക്ഷണത്തിൽ കലർത്തി.

ഈ സമയം സ്വർണത്തിന് കാവലിരുന്ന രണ്ട് ചങ്ങാതിമാരുടെ ചിന്ത മറ്റൊന്നായിരുന്നു. ഒരാൾ പറഞ്ഞു: ''നമുക്ക് അവനെയങ്ങ് കൊല്ലാം. എന്നാൽ നമുക്ക് രണ്ടുപേർക്കുമായി ഈ സ്വർണം പങ്കിട്ടെടുക്കാമല്ലോ.'' മറ്റെയാളും അത് സമ്മതിച്ചു.

ഭക്ഷണവുമായി ചങ്ങാതി വന്നതും മറ്റ് രണ്ടുപേരുംകൂടി അയാളെ കടന്നുപിടിച്ചു. എന്നിട്ട് അവരുടെ കൈയിലിരുന്ന കത്തികൊണ്ട് അയാളെ കുത്തിക്കൊന്നു.

അയാൾ മരിച്ചെന്ന് ഉറപ്പായപ്പോൾ ഒരു ചങ്ങാതി പറഞ്ഞു: ''എന്തായാലും ഇത്രയുമായി. ഇനി നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം.''

അവർ തങ്ങളുടെ ചങ്ങാതി കൊണ്ടുവന്ന ഭക്ഷണം അവിടെയിരുന്ന് കഴിച്ചു. വിഷം കലർത്തിയ ഭക്ഷണമായിരുന്നല്ലോ അത്. ഭക്ഷണം കഴിച്ചുകഴിഞ്ഞതും രണ്ടുപേരും അപ്പോൾതന്നെ മരിച്ചുവീണു. ആ ഭാണ്ഡം പിന്നെയും അവകാശികളില്ലാതെ കാട്ടിൽ അനാഥമായി.

മനസ്സിൽ ദുഷിച്ച ചിന്തയും അത്യാഗ്രഹവും ഉണ്ടായാൽ അതിന്റെ ദോഷം അവനവനുതന്നെയായിരിക്കും എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.

Content Highlights: A cautionary tale about the destructive nature of greed