തക്കുടു മോളുടെ പുസ്തകത്തിലെ അക്ഷരങ്ങൾ തമ്മിലൊരു പിണക്കം!

#പ്രവീണ

തക്കുടുമോളുടെ അലമാരയിൽ നല്ല നല്ല കഥകളുള്ള ഒരു ചിത്രപുസ്തകം ഉണ്ടായിരുന്നു.

''ഒത്തിരി നല്ലൊരു പുസ്തകം

വായിക്കാനുണ്ടതിലേറെ

ഓരോ വരയും കാണുമ്പോൾ

കഥയോ അതോ ബഹുകേമം!''

അന്നൊരു ദിവസം പുസ്തകത്തിനകത്ത് ഒരു മുട്ടൻ വഴക്ക് തുടങ്ങി. ഞാനാണ് കേമനെന്ന് 'അ' യും അല്ലല്ല ഞാനാണ് കേമനെന്ന് 'ആ' യും പറഞ്ഞു. വഴക്ക് മറ്റ് അക്ഷരങ്ങളും ഏറ്റുപിടിച്ചു. അങ്ങനെ പരസ്പരം പിണങ്ങി അക്ഷരങ്ങൾ വേറേവേറേ പേജുകളിൽ ചെന്ന് ഇരിപ്പായി.

കഥയിലെ ചിത്രങ്ങളെല്ലാം അവരെ തടഞ്ഞു. ''അക്ഷരച്ചങ്ങാതിമാരേ, നിങ്ങളിങ്ങനെ പിണങ്ങിപ്പിരിഞ്ഞു പോയാൽ കഥകളായ കഥകളൊന്നും ആർക്കും വായിച്ചെടുക്കാൻ പറ്റാതാകും. 'ആ' യോടു പിണങ്ങി 'ന' ദൂരെ എവിടെങ്കിലും പോയിരുന്നാൽ ആന എന്ന വാക്ക് ഉണ്ടാകുകയേയില്ല!'', മൂന്നാമത്തെ കഥയിലെ മൂങ്ങയമ്മാവൻ പറഞ്ഞു.

''ചേരേണ്ടതു പോലെ ചേർന്നു നിന്നില്ലെങ്കിൽ വാക്കുകൾക്കൊന്നും അർഥം ഉണ്ടാകില്ല!'', രണ്ടാമത്തെ കഥയിലെ അരണച്ചേട്ടനും പറഞ്ഞു. പക്ഷേ, അക്ഷരങ്ങൾ വിദ്വേഷം തുടർന്നു.

തക്കുടുമോൾ പുസ്തകം കൈയിലെടുത്തു. അക്ഷരങ്ങളെല്ലാം ചേരാതെ നിൽക്കുന്നതുകൊണ്ട് തക്കുടുവിന് ഒരു വാക്ക് പോലും വായിക്കാൻ പറ്റിയില്ല. ദേഷ്യം വന്ന തക്കുടുമോൾ അലമാരയുടെ താഴത്തെ തട്ടിലേക്ക് പുസ്തകത്തെ ഉന്തിയിട്ടു. അവിടത്തെ ഇരുട്ടു കണ്ടും പൊടിയേറ്റും അക്ഷരങ്ങൾക്കു മടുത്തു. ''അയ്യോ വെട്ടം കാണണേ...''അവർ കരച്ചിൽ തുടങ്ങി.

''തമ്മിൽത്തല്ലിപ്പലവഴിയായ്

അക്ഷരമെല്ലാം പലവഴിയായ്

വാക്കുകളൊന്നും ചേരാതായ്

കഥകൾക്കർഥം ഇല്ലാതായ്!''

''നിങ്ങളുടെ പിണക്കമാ ഇതിനെല്ലാം കാരണം!'', ഒന്നാമത്തെ കഥയിലെ ഓറഞ്ചുണ്ണി പറഞ്ഞു. എന്തായാലും അക്ഷരങ്ങൾക്ക് തെറ്റ് മനസ്സിലായി. അവർ പിണക്കം മാറ്റി അവരവരുടെ സ്ഥാനത്തു വന്നിരുന്നു. അതോടെ വാക്കുകൾക്കെല്ലാം അർഥം വച്ചു. പിന്നീടൊരു ദിവസം തക്കുടു പുസ്തകം പുറത്തെടുത്തു. അതു തുറന്ന് അവൾ മതിയാവോളം കഥകൾ വായിച്ചു. അന്നുമുതൽ അത് അവളുടെ പ്രിയപ്പെട്ട പുസ്തകമായി മാറി. ആ മാറ്റം അക്ഷരച്ചങ്ങാതിമാരെയും സന്തോഷിപ്പിച്ചു. ''ഇനി ഞങ്ങൾ പിണങ്ങുകയേയില്ല!'', അവർ ഒരേ സ്വരത്തിൽ പറഞ്ഞു.

Content Highlights: A charming picture book story featuring fighting letters that learn the importance of unity.