കുടു കുടു പായുന്ന സുന്ദരി ഓട്ടോയും ചീറിപ്പായുന്ന മണിക്കുട്ടൻ ജീപ്പും

ഒരു പട്ടണത്തിൽ സുന്ദരി എന്നുപേരുള്ള ഒരു ഓട്ടോറിക്ഷയും മണിക്കുട്ടൻ എന്നുപേരായ ഒരു ജീപ്പും ഉണ്ടായിരുന്നു! സുന്ദരി ഓട്ടോ വളരെ സാവധാനം 'കുടു കുടു' എന്നു ശബ്ദം കേൾപ്പിച്ചുകൊണ്ട്, റോഡിന്റെ വശത്തുകൂടി മെല്ലെ പോവുകയാണ് പതിവ്.
എന്നാൽ മണിക്കുട്ടൻ ജീപ്പാണെങ്കിലോ? 'ഡർ ഡർ!...' എന്ന് ശബ്ദം കേൾപ്പിച്ചും പൊടിപറത്തിയും വെള്ളം തെറിപ്പിച്ചും ചീറിപ്പായും!
മണിക്കുട്ടൻ ജീപ്പിന്റെ ചീറിപ്പാഞ്ഞുള്ള യാത്രകണ്ട് സുന്ദരി ഓട്ടോ മണിക്കുട്ടൻ ജീപ്പിനോട് പറഞ്ഞു:
''മണിക്കുട്ടാ മണിക്കുട്ടാ
എവിടേക്കാണീ നെട്ടോട്ടം?
കുണ്ടും കുഴിയും കണ്ടില്ലേ
കുണ്ടിൽ വീണാൽ കഷ്ടാവും!''
മണിക്കുട്ടൻ ജീപ്പാവട്ടെ അത് കേട്ടഭാവം നടിക്കാതെ സുന്ദരി ഓട്ടോയുടെ മേൽ ചെളിവെള്ളം തെറിപ്പിച്ച് 'ഡർ...'ന്ന് പാഞ്ഞുപോയി! മണിക്കുട്ടൻ തെറിപ്പിച്ച വെള്ളം ഭാഗ്യംകൊണ്ട്, ഒരുതുള്ളിപോലും സുന്ദരി ഓട്ടോയുടെ മേൽ വീണില്ല! 'ഹാവൂ രക്ഷപ്പെട്ടു!' സുന്ദരി ഓട്ടോ വിചാരിച്ചു.
ആരെയും കൂസാതെ വലിയ വേഗത്തിൽ ചീറിപ്പാഞ്ഞു പോവുന്ന മണിക്കുട്ടൻ ജീപ്പിനെ പെട്ടെന്ന് പോലീസുകാരൻ കൈ കാണിച്ചു നിർത്തി! ജീപ്പിനു പരിഭ്രമമായി. 'അയ്യോ! ഇനി പോലീസ് വഴക്കുപറയും! എന്തുചെയ്യും?' മീശ പിരിച്ചുകൊണ്ട് പോലീസുകാരൻ ദേഷ്യത്തിൽ ജീപ്പിനടുത്തേക്കു വന്ന് ചോദിച്ചു. ''എന്താ ജീപ്പേ കണ്ണു കണ്ടൂടെ? കാതു കേട്ടൂടെ? അമിതവേഗം ആപത്തു വരുത്തും! എന്ന് മനസ്സിലായിട്ടില്ലേ?'' മണിക്കുട്ടൻ ജീപ്പ് പേടിച്ചു വിറച്ചു പറഞ്ഞു: ''ഇനി അമിത വേഗത്തിൽ ഞാൻ പോവില്ല!'' പിന്നീട് മണിക്കുട്ടൻ ജീപ്പ് ഒരിക്കലും അമിത വേഗത്തിൽ റോഡിൽക്കൂടി ചീറിപ്പാഞ്ഞു പോയിട്ടില്ല.
തനിക്ക് നല്ല കാര്യം പറഞ്ഞു തന്ന സുന്ദരി ഓട്ടോറിക്ഷയോട് മണിക്കുട്ടൻ ക്ഷമ ചോദിച്ചു.
Content Highlights: Teaches the dangers of reckless driving and speeding., Highlights the importance of listening to good advice.